അപസ്മാരം ബാധിച്ച് വർഷങ്ങളായി ചലനമറ്റ് കിടക്കുകയാണ്, വർക്കല ഒറ്റൂർ പഞ്ചായത്തിൽ, പ്രസിഡന്റ് ജംഗ്ഷനിൽ താമസിക്കുന്ന കൂലിപ്പണിക്കാരായ, ബാബുവിന്റേയും ഷീലയുടെയും പത്തൊന്‍പത് വയസുകാരിയായ മകൾ നീതു. നാലാം വയസിൽ രോഗം ബാധിച്ച് കിടപ്പിലായ നീതുവിന്റെ കഥ സിനിമയാകുന്നു. ‘അനീസ്യാ’ എന്ന ചിത്രത്തിനുശേഷം അർജുൻ ബിനു സംവിധാനം ചെയ്യുന്ന ‘ചക്കപ്പഴം’ എന്ന ചിത്രത്തിലാണ് നീതുവിന്റെ കഥ കടന്നുവരുന്നത്. ക്യാറ്റ് ഐ ഫിലിംസും, ആശ്രയചാരിറ്റബിൾ ട്രസ്റ്റും ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുന്നു.
നീതുവിന്റെ പിതാവ് ബാബുവിന്റെ അടുത്ത സുഹൃത്താണ് ചക്കപ്പഴത്തിന്റെ സംവിധായകൻ അർജുൻ ബിനു. നീതുവിനെ ചികിത്സിക്കാൻ പാടുപെടുന്ന ബാബുവിന്റെ കഥ അർജുൻ ബിനുവിന് അറിയാമായിരുന്നു. അങ്ങനെയാണ്, നീതുവിന്റെ കഥ കൂടി പുതിയ ചിത്രത്തിൽ ഉൾപ്പെടുത്തിയത്. സിനിമയിലൂടെ നീതുവിന്റെ കഥ അറിഞ്ഞ്, സുമനസുകളായ പ്രേക്ഷകർ നീതുവിനെ സഹായിക്കുവാൻ മുന്നോട്ടു വരുമെന്ന് സംവിധായകനും, അണിയറപ്രവർത്തകരും കരുതുന്നു.
കൂലിപ്പണിക്കാരനായ പിതാവ് ബാബു, മകളെ ചികിൽസിച്ച് കടക്കെണിയിലായി. ഇതിനെല്ലാം ശാശ്വത പരിഹാരം ഉണ്ടാക്കണമെന്ന് ചിത്രത്തിന്റെ പ്രവർത്തകർ ആഗ്രഹിക്കുന്നു. ക്യാറ്റ് ഐ ഫിലിംസും, ആശ്രയ ചാരിറ്റബിൾ ട്രസ്റ്റും ചേർന്ന് നിർമിക്കുന്നു. രചന, സംവിധാനം – അർജുൻ ബിനു, കാമറ – പ്രവീണ്‍, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ – സജീവ് തണൽ, ബോബൻ. സുധീർ കരമന, ഇന്ദ്രൻസ്, മാമുക്കോയ, ധർമ്മജൻ ബോൾഗാട്ടി, ടി.എസ്. രാജു എന്നിവരോടൊപ്പം പുതുമുഖങ്ങളും വേഷമിടുന്നു.