ചാലക്കുടി: റിയൽ എസ്റ്റേറ്റ് ബ്രോക്കർ രാജീവിനെ കൊലപ്പെടുത്തിയ സംഭവത്തിലെ മുഖ്യപ്രതി ചക്കര ജോണിയെന്ന അങ്കമാലി ചെറുമഠത്തിൽ ജോണിയും കൂട്ടാളി വാപ്പാലശേരി സ്വദേശി രഞ്ജിത്ത് പൈനാടനും പിടിയിൽ. കൊലപാതകത്തിനുശേഷം ഒളിവിലായിരുന്ന ഇവരെ സംസ്ഥാന അതിർത്തിയായ പാലക്കാട് മംഗലംഡാമിനടുത്തുള്ള ഒളിസങ്കേതത്തിൽ നിന്നാണ് രാത്രി പോലീസ് പിടികൂടിയത്. ഇവർ പാലക്കാട്ടുള്ളതായി പോലീസിനു നേരത്തേ വിവരം ലഭിച്ചിരുന്നു. ഇന്നുപുലർച്ചെ രണ്ടുപേരെയും ചാലക്കുടി ഡിവൈഎസ്പി ഓഫീസിൽ കൊണ്ടുവന്നു. സംഭവത്തിനുശേഷം ഇരുവരും ആദ്യം ആലപ്പുഴയിലേക്കാണ് മുങ്ങിയത്.
അവിടെനിന്ന് സുഹൃത്ത് സുതന്റെ കാറിൽ പാലക്കാട്ടേക്കു കടക്കുകയായിരുന്നെന്നാണ് വിവരം. ജോണിയുടെ ഭാര്യാസഹോദരൻ മുരിങ്ങൂർ ആറ്റപ്പാടം സ്വദേശി ചാമക്കാല ഷൈജു ഉൾപ്പെടെ ക്വട്ടേഷൻ സംഘത്തിൽപ്പെട്ട നാലുപേർ നേരത്തേ അറസ്റ്റിലായിരുന്നു. പ്രതികൾ കോയന്പത്തൂരിലേക്ക് കടന്നിട്ടുണ്ടെന്നായിരുന്നു പോലീസിന് ആദ്യം ലഭിച്ച വിവരം. പിന്നീടാണ് സംസ്ഥാന അതിർത്തിയിൽ ഒളിസങ്കേതത്തിൽ ഉണ്ടെന്ന വിവരം ലഭിച്ചത്. രാത്രിയിൽ ഒളിസങ്കേതത്തിലെത്തി പ്രത്യേക അന്വേഷണസംഘം ഇവരെ പിടികൂടുകയായിരുന്നു. ജോണി പിടിയിലായതോടെ കൊലപാതകത്തിന്റെ ഗൂഢാലോചന സംബന്ധിച്ചുള്ള ചുരുളുകൾ അഴിയുമെന്നാണ് പ്രതീക്ഷ. ജോണിയെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. പിടിയിലായ രഞ്ജിത്ത് പരിയാരത്ത് കൊലപാതകം നടന്ന വീട്ടിൽ ജോണിയോടൊപ്പം എത്തിയിട്ടുണ്ടെന്ന് വ്യക്തമായിട്ടുണ്ട്.
പരിയാരം തവളപ്പാറയിൽ സ്ഥലം പാട്ടത്തിനെടുത്ത് കൃഷിചെയ്തിരുന്ന അങ്കമാലി നായത്തോട് വീരംപറന്പിൽ അപ്പുവിന്റെ മകൻ രാജീവിനെ (46) റിയൽ എസ്റ്റേറ്റ് ഇടപാടുകൾ സംബന്ധിച്ച തർക്കത്തെ തുടർന്ന് തട്ടിക്കൊണ്ടുപോയി ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു. പോലീസ് സംരക്ഷണത്തിനായി കോടതിയിൽ ഹർജി നൽകിയിരുന്നയാളാണ് രാജീവ്. കൊച്ചിയിലെ പ്രമുഖ അഭിഭാഷകനായ ഉദയഭാനുവിനും കൊലപാതകം സംബന്ധിച്ച ഗൂഡാലോചനയിൽ പങ്കുണ്ടെന്ന് രാജീവിന്റെ മകൻ പോലീസിൽ പരാതി നൽകിയിരുന്നു.
അച്ഛനെ വധിക്കുമെന്ന് അഭിഭാഷകനും ചക്കര ജോണിയും ഒട്ടേറെ തവണ ഭീഷണിപ്പെടുത്തിയിരുന്നതായും രാജീവിന്റെ മകൻ അഖിൽ പറയുന്നു. ഇതു സംബന്ധിച്ച അന്വേഷണം നടക്കുകയാണ്. തവളപ്പാറയിലെ ആളൊഴിഞ്ഞ കെട്ടിടത്തിൽ വെള്ളിയാഴ്ച രാവിലെയാണ് രാജീവിന്റെ മൃതദേഹം കണ്ടെത്തിയത്. ദിവസങ്ങൾനീണ്ട ആസൂത്രണത്തിനും ഗൂഢാലോചനയ്ക്കും ശേഷം രാജീവിനെ നാലംഗ ക്വട്ടേഷൻ സംഘം ഇവിടേക്കു തട്ടിക്കൊണ്ടുവരികയായിരുന്നു.വസ്തു ഇടപാടുകൾ സംബന്ധിച്ച രേഖകളിൽ ബലംപ്രയോഗിച്ച് ഒപ്പുവയ്പിക്കാൻ ശ്രമിക്കുന്നതിനിടെ കൊല നടത്തുകയായിരുന്നെന്നാണ് നിഗമനം.
ചക്കര ജോണി വിദേശത്തേക്കു കടക്കാൻ ശ്രമം നടത്തുന്നതായി പോലീസ് സംശയിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ഇയാളുടെ പാസ്പോർട്ടിന്റെ പകർപ്പ് ലഭിച്ചതോടെ വിദേശത്തേക്കു കടന്നിട്ടില്ലെന്ന് ഉറപ്പായി. യുഎഇ, ഓസ്ട്രേലിയ, തായ്ലൻഡ് എന്നിവിടങ്ങളിലേക്കുള്ള വീസ കൈവശമുള്ളയാളാണ് ജോണി. ഇയാൾക്ക് ഉന്നത ബന്ധങ്ങളുള്ളതായും പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്.
രാജീവിനെ ബന്ദിയാക്കാൻ ക്വട്ടേഷൻ നൽകിയത് ജോണിയാണെന്നാണ് സൂചന. നേരത്തെ അറസ്റ്റിലായ മുരിങ്ങൂർ ആറ്റപ്പാടം ചാമക്കാല ഷൈജു (45), കോന്നൂർ സ്നേഹനഗർ പാലക്കാടൻ സത്യൻ (48), പടിഞ്ഞാറെ ചാലക്കുടി മതിൽക്കൂട്ടം സുനിൽ (41), ആറ്റപ്പാടം വെളുത്തുപറന്പിൽ രാജൻ (56) എന്നിവരെ ഇന്നലെ കോടതിയിൽ ഹാജരാക്കിയിരുന്നു. ഈ മാസം 13 വരെ ഇവരെ റിമാൻഡ് ചെയ്തിരിക്കുകയാണ്. തിരിച്ചറിയിൽ പരേഡിനായി ഇവരെ പോലീസ് കസ്റ്റഡിയിൽ വാങ്ങും.
കോയന്പത്തൂരിലേക്കു കടക്കാനുള്ള ചക്കരയുടെ നീക്കം പോലീസ് മണത്തറിഞ്ഞു
വടക്കഞ്ചേരി: രാജീവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ചക്കര ജോണി (54)യെ മംഗലംഡാം കൊന്നക്കൽകടവിൽനിന്നും വലയിലാക്കിയത് പോലീസിന്റെ രഹസ്യനീക്കങ്ങളിലൂടെ. ഇന്നലെ ഉച്ചയ്ക്ക് ചുവപ്പുകളറിലുള്ള കാറിൽ കൊന്നക്കൽകടവിലെത്തിയ ജോണിയേയും എറണാകുളം വാപ്പാലശേരി രഞ്ജിത്തിനെ (38)യും മണിക്കൂറുകൾക്കുള്ളിൽതന്നെ പൊക്കാൻ കഴിഞ്ഞത് ഈ സൂക്ഷ്മനിരീക്ഷണ നീക്കങ്ങളിലൂടെയായിരുന്നു.
മംഗലംഡാം പോലീസ് സ്റ്റേഷൻ അതിർത്തിയായ കൊന്നക്കൽകടവ് പതിനഞ്ചാം ബ്ലോക്കിൽപെട്ട 98 ഏക്കർ വിസ്തൃതമായ റബർതോട്ടത്തിലെ മാനേജർ ഷെഡിലായിരുന്നു ഇവർ ഒളിച്ചിരുന്നത്. പോലീസിനു ലഭിച്ച വ്യക്തമായ വിവരത്തെതുടർന്ന് ഇന്നലെ രാത്രി പതിനൊന്നോടെ വടക്കഞ്ചേരി, മംഗലംഡാം പോലീസ് തോട്ടത്തിലെ ഈ വീടുവളഞ്ഞാണ് രണ്ടുപേരെയും പിടികൂടിയത്.വീടിനുചുറ്റും പോലീസ് വലയം സൃഷ്ടിച്ചിരുന്നതിനാൽ ഇവർക്ക് രക്ഷപ്പെടാനുള്ള വഴികളും അടഞ്ഞു. കൈകൾ കെട്ടി വടക്കഞ്ചേരി സ്റ്റേഷനിലെത്തിച്ച ഇവരെ രാത്രിതന്നെ ചാലക്കുടിയിൽനിന്നുള്ള സിഡി പാർട്ടിയെത്തി കൊണ്ടുപോയി.
കൊന്നക്കൽകടവിൽനിന്നും കോയന്പത്തൂരിലേക്കു കടക്കാനുള്ള നീക്കത്തിനിടെയായിരുന്നു പ്രതികൾ കുടുങ്ങിയത്. പോലീസിന്റെ ഓപ്പറേഷൻ വൈകിയിരുന്നുവെങ്കിൽ ഇവർ തമിഴ്നാട്ടിലേക്ക് കടക്കുമായിരുന്നു. കൊലപാതകത്തിനുമുന്പും ജോണി കൊന്നക്കൽകടവിൽ എത്തിയിരുന്നതായി പറയുന്നു.
ഒളിച്ചു താമസിച്ചിരുന്ന തോട്ടം ജോണിയും കൂട്ടരും സ്വന്തമാക്കിയിരുന്നതായും പ്രദേശവാസികൾ പറഞ്ഞു. കൊല്ലം സ്വദേശിയുടേതായിരുന്ന തോട്ടം ഇവർ തന്ത്രപരമായി കൈക്കലാക്കുകയായിരുന്നുവത്രേ. അധികം വീടുകളില്ലാത്ത ഒറ്റപ്പെട്ട പ്രദേശമാണിത്. ഇതിനിടെ കൊല്ലങ്കോടും ജോണി എത്തിയിരുന്നതായി പറയപ്പെടുന്നു. ഭൂമി ഇടപാടുമായാണ് ഈ ബന്ധങ്ങളെല്ലാം. വടക്കഞ്ചേരി, മംഗലംഡാം പോലീസിനു പുറമേ രണ്ടു ജില്ലകളിലെ ഉയർന്ന പോലീസ് മേധാവികളും ആസൂത്രണം ചെയ്തായിരുന്നു ഏറെ വിവാദമായ കേസിലെ പ്രതികളെ വലയിലാക്കിയത്.