അതിരന്പുഴ: മരണ, വിവാഹ വീടുകളിൽ മാത്രം മോഷണം നടത്തുന്ന ചക്കരയെ കുടുക്കിയതു വീഡിയോ ദൃശ്യങ്ങൾ. കാഞ്ഞിരപ്പള്ളി പിണ്ണാക്കനാട് കാളകെട്ടി അന്പാട്ട് ഫ്രാൻസീസി (ചക്കര-38) നെയാണ് അതിരന്പുഴയിലെ മരണവീട്ടിൽ മോഷണം നടത്തിയതിനു ഏറ്റുമാനൂർ പോലീസ് പിടികൂടിയത്.
പകൽ സമയങ്ങളിൽ മരണവീടുകളിലും മറ്റ് ആഘോഷ പരിപാടികൾ നടക്കുന്ന വീടുകളിലും മാത്രം കയറി മോഷണം നടത്തുന്നതാണ് ചക്കരയുടെ രീതി. പത്ര വാർത്തകൾ നോക്കിയാണ് ഇയാൾ മോഷണം നടത്തുന്ന വീടുകൾ തെരഞ്ഞെടുക്കുന്നത്.
മരണ വാർത്തകൾ കണ്ടെത്തി വീടുകൾ തെരഞ്ഞെടുക്കും. തുടർന്നു മാന്യമായി വസ്ത്രം ധരിച്ചു വീടുകളിൽ എത്തി വീട്ടുകാരുടെ അടുത്തയാളെന്ന നിലയിൽ പെരുമാറി തരം കിട്ടുന്പോൾ പണവും സ്വർണാഭരണങ്ങളും മോഷ്്ടിക്കുകയാണ് ചെയ്യുന്നത്.
രണ്ടു മാസം മുന്പ് ഹൈദരാബാദിൽ അതിരന്പുഴ സ്വദേശിയായ പൈലറ്റ് ട്രെയ്നിംഗ് വിദ്യാർഥിയെ മുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
ഈ വാർത്ത പത്രങ്ങളിൽ വായിച്ച ഫ്രാൻസിസ് മാന്യമായ വസ്ത്രം ധരിച്ചെത്തി വീട്ടുകാരുടെ അടുത്തയാളെന്ന നിലയിൽ പെരുമാറി മരണാനന്തര ചടങ്ങുകൾക്കിടയിൽ മേശയ്ക്ക് ഉള്ളിൽ സൂക്ഷിച്ചിരുന്ന സ്വർണവും മറ്റൊരാളുടെ പഴ്സിലെ പണവും മോഷ്ടിക്കുകയായിരുന്നു.
മരണാനന്ത ചടങ്ങുകൾക്ക് ശേഷം വീട്ടുകാർ പരിശോധന നടത്തിയപ്പോഴാണ് മോഷണം നടന്ന കാര്യം അറിയുന്നത്. തുടർന്ന് ഇവർ ഏറ്റുമാനൂർ പോലീസിൽ പരാതി നൽകി. പോലീസ് ചടങ്ങുകളുടെ വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ചക്കരയെ തിരിച്ചറിഞ്ഞത്.
ഇയാൾക്കെതിരെ ജില്ലയിലെ പല സ്റ്റേഷനുകളിലും സമാനമായ രീതിയിൽ കേസുണ്ട്. വിവിധ സ്ഥലങ്ങളിൽ വാടകയ്ക്കു താമസിച്ചിരുന്ന ചക്കര ഇപ്പോൾ കോട്ടയം നാഗന്പടത്താണ് താമസിക്കുന്നത്.
കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു. ഏറ്റുമാനൂർ എസ്എച്ച്ഒ രാജേഷ് കുമാർ, എസ്ഐമാരായ ദീപക്, ഷാജിമോൻ, എഎസ്ഐമാരായ പ്രദീപ്, തോമസ്, സിപിഒമാരായ സാബു മാത്യു, സ്മിജിത്ത് വാസവൻ, രാജേഷ് ടിപി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.