ചക്കരക്കല്ല്: സ്കൂട്ടറിലെത്തി വീട്ടമ്മയുടെ അഞ്ചരപവന്റെ താലിമാല കവർന്ന സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്ത ചക്കരക്കൽ പോലീസിനെതിരേ വ്യാജ പ്രചാരണം. നവമാധ്യമങ്ങളിലടക്കമാണ് ചക്കരക്കൽ എസ്ഐ പി. ബിജുവിനും പോലീസുകാർക്കുമെതിരേ വ്യാജപ്രചാരണം നടത്തുന്നത്. മലപ്പുറം ജില്ലയിലെ ഒരു സംഘമാണ് പ്രതിയെ നിരപരാധിയാണെന്ന് കാണിച്ച് നവമാധ്യമങ്ങളിലൂടെ പോലീസിനെതിരേ പ്രചാരണം നടത്തുന്നത്.
സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. 2018 ജൂലൈ അഞ്ചിന് പെരളശേരിയിൽ വച്ച് രാഖി എന്ന വീട്ടമ്മയുടെ മാല കവർന്ന സംഭവത്തിൽ കതിരൂർ സ്വദേശി താജുദ്ദീനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലും വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലുമാണ് താജുദ്ദീന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയത്.
കൂടാതെ മാല നഷ്ടപ്പെട്ട വീട്ടമ്മയും സംഭവം നടന്ന സ്ഥലത്തുള്ളവരും പ്രതിയെ തിരിച്ചറിഞ്ഞിരുന്നു. സംഭവ ദിവസം പ്രതി എവിടെയായിരുന്നുവെന്നുള്ള പോലീസിന്റെ ചോദ്യത്തിന് പ്രതിയുടെയും വീട്ടുകാരുടെയും മൊഴികളിൽ വൈരുധ്യം ഉണ്ടായിരുന്നു. കണ്ണൂർ ഡിവൈഎസ്പി പി.പി.സദാനന്ദന്റെ നേതൃത്വത്തിൽ പ്രതിയെ ചോദ്യം ചെയ്യുകയും ഒടുവിൽ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. തുടർന്ന് കോടതിയിൽ ഹാജരാക്കുകയും ചെയ്തു.
തലശേരി സിജെഎം കോടതിയും സെഷൻസ് കോടതിയും പ്രതിയുടെ ജ്യാമാപേക്ഷ രണ്ടുതവണ വീതം തള്ളുകയും ചെയ്തു. ഒടുവിൽ ഹൈക്കോടതിയാണ് പ്രതിക്ക് 54-ാം ദിവസം ഉപാധികളോടെ ജാമ്യം നൽകിയത്. ഈ സംഭവത്തിലാണ് പോലീസ് മനഃപൂർവം പ്രതിയെ കുടുക്കിയെന്ന് ആരോപിച്ച് വ്യാപകമായ പ്രചാരണം നടക്കുന്നത്. പോലീസ് ആളുതെറ്റിയാണ് താജുദ്ദീനെ പ്രതിയാക്കിയതെന്ന് ആരോപിച്ച് നേരത്തെ ഇയാളുടെ ബന്ധുക്കൾ പത്രസമ്മേളനം നടത്തിയിരുന്നു.