ചക്കരക്കൽ(കണ്ണൂർ): കാണാതായ യുവാവിന്റെ മൃതദേഹം ചാക്കിൽ കെട്ടിയനിലയിൽ കനാലിൽ കണ്ടെത്തി.ചക്കരക്കൽ പോലീസ് സ്റ്റേഷൻ പരിധിയിലെ മിടാവിലോട്ടെ പ്രശാന്തി നിവാസിൽ ഇ. പ്രജീഷി (33) ന്റെ മൃതദേഹമാണ് പൊതുവാച്ചേരി മണിക്കിയിൽ അമ്പലത്തിനു സമീപത്തെ കനാലിൽ കണ്ടെത്തിയത്.
കാലും കൈയും ബന്ധിച്ച നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. സംഭവം കൊലപാതകമാണെന്നു പോലീസ് വ്യക്തമാക്കി. പ്രതികളിലൊരാൾ കസ്റ്റഡിയിലായതായും രണ്ടുപേർ നിരീക്ഷണത്തിലാണെന്നും സൂചനയുണ്ട്.
കഴിഞ്ഞ വ്യാഴാഴ്ച മുതലാണ് പ്രജീഷിനെ കാണാതായത്. ഇതുസംബന്ധിച്ച് കുടുംബം ചക്കരക്കൽ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് വ്യാപക അന്വേഷണം നടത്തിവരവെ ഇന്നലെ രാവിലെയോടെയാണ് കനാലിൽ അഴുകിയനിലയിൽ മൃതദേഹം കണ്ടെത്തിയത്.
പോലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം പ്രജീഷിന്റേതാണെന്ന് തിരിച്ചറിഞ്ഞത്. മറ്റൊരു സ്ഥലത്തുനിന്ന് കൊലപ്പെടുത്തിയശേഷം ചാക്കിൽ കെട്ടി കനാലിൽ തള്ളുകയായിരുന്നുവെന്നാണ് പോലീസിന്റെ നിഗമനം. മൃതദേഹം പുഴുവരിച്ച നിലയിലായിരുന്നു.
മൗവഞ്ചേരി യുപി സ്കൂളിന് സമീപത്തെ വി.സി. റഫീക്കിന്റെ നിർമാണത്തിലിരിക്കുന്ന വീട്ടിൽ സൂക്ഷിച്ചിരുന്ന മരം ഉരുപ്പടികൾ മോഷ്ടിച്ചു കടത്തിയ കേസിൽ കഴിഞ്ഞ ഒൻപതിന് രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ സംഭവത്തിൽ പ്രതികളിൽനിന്ന് പ്രജീഷിന് ഭീഷണി ഉണ്ടായിരുന്നതായി സുഹൃത്തുക്കൾ പറഞ്ഞു.
ഇതിനുശേഷമാണ് പ്രജീഷിനെ കാണാതായത്. മരം ഉരുപ്പടികൾ മോഷണം പോയ സംഭവത്തിൽ പ്രജീഷിനെയും പോലീസ് ചോദ്യംചെയ്യാൻ വിളിപ്പിച്ചിരുന്നു. പ്രജീഷ് നൽകിയ മൊഴിപ്രകാരമാണ് തങ്ങളെ പോലീസ് അറസ്റ്റ് ചെയ്തതെന്ന് പ്രതികൾ സംശയിച്ചിരിക്കാമെന്നും ഇതാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പോലീസിന്റെ നിഗമനം.
മോഷണംപോയ മൂന്നു ലക്ഷം രൂപ വിലമതിക്കുന്ന മരം ഉരുപ്പടികൾ പത്തു ദിവസത്തിനുശേഷം ഇതേ വീട്ടിൽത്തന്നെ കൊണ്ടുവച്ചിരുന്നു. അറസ്റ്റിലാകുമെന്ന ഘട്ടം വന്നപ്പോൾ പ്രതികൾത്തന്നെയാണ് ഇവ കൊണ്ടുവച്ചത്.
ചക്കരക്കൽ പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കണ്ണൂർ ഗവ. മെഡിക്കൽ കോളജിലേക്ക് മാറ്റി. പി. ശ്രീജയുടെ നേതൃത്വത്തിൽ ഫോറൻസിക് വിഭാഗവും പരിശോധന നടത്തി.ശങ്കര വാര്യർ-സുശീല ദമ്പതികളുടെ മകനാണ് പ്രജീഷ്. സഹോദരങ്ങൾ: പ്രവീൺ, പ്രസാദ്.