കണ്ണൂർ നഗരത്തിൽ നിന്നും പത്ത് കിലോമീറ്റർ അകലെയുള്ള ചക്കരക്കല്ല് പോലീസ് സ്റ്റേഷനിലേക്കായിരുന്നു ഞങ്ങളുടെ യാത്ര. അധികാരപരിധിയിൽ ജില്ലയിലെ തന്നെ ഏറ്റവും വലിയ പോലീസ് സ്റ്റേഷൻ. വഴിയരികിൽ വാഹനം നിർത്തി സ്റ്റേഷനിലേക്ക് കയറുന്പോൾ മനോഹരമായ ഒരു പൂന്തോട്ടം കണ്ടു. പൂന്തോട്ടത്തിൽ ചിലർ വെള്ളം ഒഴിക്കുന്നു. കുറച്ചുപേർ മണ്ണിളക്കി വളം ഇടുന്നു.
വേറെ ചിലർ പൂന്തോട്ടത്തിന് സമീപം നട്ടുപിടിപ്പിച്ച വാഴത്തോട്ടത്തിൽ വെള്ളം നനയ്ക്കുന്നു. എല്ലാവരും 15നും 25നും ഇടയിൽ പ്രായമുള്ളവർ. പോലീസുകാരാകാൻ പ്രായമില്ലാത്തവർ. ഇവർക്കെന്താ ഇവിടെ കാര്യമെന്ന ചോദ്യവുമായി ചക്കരക്കല്ല് പോലീസ് സ്റ്റേഷനിലെ എസ്ഐ പി.ബിജുവിന്റെ മുറിയിലേക്ക് കയറുന്നതിനിടെ വേറെ കുറച്ചു കാഴ്ചകൾക്കും കൂടി സാക്ഷ്യം വഹിച്ചു. എസ്ഐയെ കാണാൻ എത്തിയവരുടെ കൈയിൽ പുസ്തകങ്ങൾ. ചിലരുടെ കൈയിൽ ഓഷോ, മറ്റു ചിലരുടെ കൈയിൽ മലയാളത്തിലെ പ്രശ്സ്ത നോവലുകളും ചെറുകഥകളും.
എസ്ഐയുടെ മുറിയിൽ നിന്നും പുറത്തിറങ്ങുന്നവരുടെ കൈയിൽ ഒന്നെങ്കിൽ പുസ്തകം, അല്ലെങ്കിൽ പച്ചക്കറി വിത്തുകൾ…ആകാംക്ഷ അടക്കാനായില്ല. അവരോട് തന്നെ ചോദിച്ചു. അപ്പോഴാണ് എസ്ഐ പി.ബിജുവിന്റെ ശിക്ഷാരീതിയാണ് ഇതെല്ലാമെന്ന് അറിയാൻ കഴിഞ്ഞത്. കൂടുതൽ അറിയാൻ നേരേ എസ്ഐയുടെ റൂമിലേക്ക്…2016 ഒക്ടോബർ 24മുതൽ ചക്കരക്കല്ല് പോലീസ് സ്റ്റേഷൻ അടിമുടിയൊന്ന് മാറി. അന്നുമുതലാണ് പി.ബിജു എസ്ഐയായി ചുമതലയേറ്റത്.
ശിക്ഷ സിനിമയുടെ രൂപത്തിലും
ലഹരിയുമായും വാഹനങ്ങളുടെ അമിതവേഗതയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട് ചക്കരക്കൽ പോലീസ് സ്റ്റേഷനിൽ എത്തിയാൽ ആദ്യം തിയേറ്ററിലേക്കാണ് ക്ഷണിക്കുന്നത്. ലഹരിയുമായി ബന്ധപ്പെട്ടാണ് കുറ്റകൃത്യമെങ്കിൽ ലഹരി ബോധവത്കരണ സിനിമ കാണിക്കും.
അമിതവേഗതയിൽ വാഹനമോടിച്ചാൽ ട്രാഫിക് ബോധവത്കരണ സിനിമ കാണിക്കും. ഇങ്ങനെ വ്യത്യസ്തമായ ശിക്ഷാരീതികളുമായി ചക്കരക്കൽ പോലീസ് വേറെ ലെവലായി മാറിയിരിക്കുകയാണ്. 50 സീറ്റുള്ള മിനി തീയേറ്ററാണ് പോലീസ് സ്റ്റേഷനിൽ ഇതിനായി എസ്ഐ പി.ബിജുവിന്റെ നേതൃത്വത്തിൽ തയാറാക്കിയിരിക്കുന്നത്. അരമണിക്കൂറും മുക്കാൽ മണിക്കൂറും ദൈർഘ്യമുള്ള ഹ്രസ്വചിത്രങ്ങളാണ് തീയേറ്ററിൽ പ്രദർശിപ്പിക്കുന്നത്. സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ധർമരാജനാണ് പ്രോജക്ടർ ഓപ്പറേറ്റ് ചെയ്യുന്നത്. പരാതി പറയാൻ എത്തുന്പോൾ താമസം ഉണ്ടെങ്കിൽ അവർക്കും തീയേറ്ററിലേക്ക് സ്വാഗതമാണ്.
വായനയും പച്ചക്കറി നടീലും മറ്റൊരു ശിക്ഷ
കുറ്റകൃത്യങ്ങളിൽ പിടിയിലാകുന്നവർക്ക് വായനയും ഒരു ശിക്ഷയായാണ് ചക്കരക്കൽ എസ്ഐ പി. ബിജു നൽകുന്നത്. ഇതിനായി സ്റ്റേഷനിൽ മികച്ച ഒരു വായനശാല ആദ്യമായി സജ്ജമാക്കി. മുപ്പതോളം മാസികകളും ഏഴോളം പത്രങ്ങളും നിരവധി പുസ്തകങ്ങളും വായനശാലയിലുണ്ട്. കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടുവരുന്നവർക്ക് ചെറിയ ശിക്ഷയായി പുസ്തകം വായിക്കാൻ കൊടുക്കും.
പുസ്തകം വായിച്ചശേഷം ഒരു ചെറിയ ആസ്വാദന കുറിപ്പും എഴുതി എസ്ഐയുടെ അടുത്തെത്തിക്കണം. പുസ്തകം വായിക്കാൻ താത്പര്യമില്ലാത്തവർക്ക് പച്ചക്കറി വിത്ത് നൽകലാണ് അടുത്ത ശിക്ഷാ രീതി. കൃഷി ചെയ്തു അതിന്റെ ഫോട്ടോ എസ്ഐയുടെ വാട്സ് ആപ്പിലേക്ക് അയച്ചു കൊടുക്കണം. വായന ഒരു ശീലമാക്കിയാൽ മറ്റ് ദുശീലങ്ങളിൽ മോചിതരാകുമെന്നാണ് പി.ബിജുവിന്റെ കണ്ടെത്തൽ.
വേറെയും ചില ശിക്ഷാ രീതികൾ
മനോഹരമായ പൂന്തോട്ടമാണ് ചക്കരക്കൽ പോലീസ് സ്റ്റേഷനിൽ ഉള്ളത്. പൂന്തോട്ടം പരിപാലിക്കുന്നത് വിവിധ കേസുകളിൽ പോലീസ് പിടിക്കപ്പെട്ട യുവാക്കളാണ്. ലഹരിമരുന്നും അമിതവേഗതയിൽ വാഹനം ഓടിക്കുന്നതുമായി ബന്ധപ്പെട്ട് പിടിക്കുന്ന കുട്ടികൾക്ക് എസ്ഐ കൊടുക്കുന്ന ശിക്ഷയാണിത്. രാവിലെയും വൈകുന്നേരവും പൂന്തോട്ടത്തിൽ വെള്ളം ഒഴിക്കുന്നത് ഉൾപ്പെടെയുള്ളത് ചെയ്യുന്നത് ഇവരാണ്. കൂടാതെ സ്റ്റേഷൻ വളപ്പിൽ ഇവരുടെ നേതൃത്വത്തിൽ വാഴയും നട്ടിട്ടുണ്ട്.
നെൽക്കൃഷിയുമായി പോലീസ്
ജോലിയിൽ മാനസിക സമ്മർദം അനുഭവപ്പെടുന്ന ഒരു മേഖലയാണ് പോലീസ്. പോലീസുകാരുടെ മാനസിക സമ്മർദങ്ങളെ കുറയ്ക്കാൻ ചില കാര്യങ്ങൾ ചക്കരക്കല്ല് സ്റ്റേഷനിൽ എസ്ഐ പി.ബിജു നടപ്പിലാക്കി. 24 മണിക്കൂറും സംഗീത സാന്ദ്രമായ അന്തരീക്ഷമാണ് ചക്കരക്കല്ല് പോലീസ് സ്റ്റേഷനിൽ ഉള്ളത്. കൂടാതെ പോലീസുകാരുടെ പ്രഷർ, ഷുഗർ എന്നിവ ദിവസേന പരിശോധിക്കുന്നതിന് സൗകര്യമുണ്ട്.
പോലീസുകാർക്ക് മാനസിക ഉല്ലാസത്തിനുവേണ്ടി നെൽകൃഷിയും നടത്തിവരുന്നുണ്ട്. ചക്കരക്കൽ പോലീസ് സ്റ്റേഷനിലെ മുണ്ടേരി കാഞ്ഞച്ചേരി ചാപ്പയിൽ മൂന്ന് ഏക്കർ സ്ഥലത്താണ് നെൽകൃഷി തുടങ്ങിയിരിക്കുന്നത്. കൃഷി മാനസിക സമ്മർദം കുറയ്ക്കുന്നതിനുള്ള മികച്ച വഴിയാണെന്നാണ് എസ്ഐ പി. ബിജുവിന്റെ കാഴ്ചപ്പാട്.
കൂടാതെ കൃഷിയിലൂടെ പോലീസിന് കൃഷിക്കാരുമായും സാധാരണക്കാരുമായും കൂടുതൽ അടുപ്പമുണ്ടാക്കാൻ സാധിക്കും. പോലീസുകാരുടെ അവധി ദിവസങ്ങളിലും ജോലി കഴിഞ്ഞുമുള്ള സമയങ്ങളാണ് നെൽകൃഷിയുടെ പരിചരണത്തിന് ഉപയോഗിക്കുന്നത്. കൂടാതെ ഹോട്ടൽ ഭക്ഷണം ഒഴിവാക്കി കൊണ്ട് നാടൻ ഭക്ഷണ വിഭവങ്ങളുമായി പോലീസുകാർക്ക് മികച്ച ഒരു കാന്റീൻ സൗകര്യവും ഒരുക്കിയിട്ടുണ്ട്.
കുറ്റകൃത്യങ്ങൾ കുറയ്ക്കാൻ കലാസാംസ്കാരിക പരിപാടികൾ
രാഷ്ട്രീയ സംഘർഷങ്ങളുടെ വിളനിലമായിരുന്നു ചക്കരക്കൽ പോലീസ് സ്റ്റേഷൻ. തീവ്രവാദം അടക്കമുള്ള കേസുകൾ ഇവിടെ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനെ നേരിടുവാൻ സാംസ്കാരിക കായിക പരിപാടികളാണ് എസ്ഐ പി.ബിജുവിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചത്.
“ഒരുമയിലേക്ക് തുറക്കുന്ന ആകാശങ്ങൾ’ എന്ന പേരിൽ നാടകോത്സവം നടത്തി. കൂടാതെ എരഞ്ഞോളി മൂസയുടെ ഗാനമേളയും വോളിഫെസ്റ്റും ചക്കരക്കൽ പോലീസ് സ്റ്റേഷനിൽ അരങ്ങേറി.
എന്തെങ്കിലും പരാതിയുണ്ടെങ്കിൽ പ്രധാനപ്പെട്ട രാഷ്ട്രീയ പാർട്ടി നേതാക്കളെയും കൂട്ടിക്കൊണ്ടാണ് പലരും പോലീസ് സ്റ്റേഷനിൽ വന്നിരുന്നത്. ആളുകൾ കൂടെവന്നില്ലെങ്കിൽ ബന്ധപ്പെട്ട ആരെയെങ്കിലും കൊണ്ട് വിളിച്ച് പറയിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ സൗഹാർദപരമായ അന്തരീക്ഷം എസ്ഐ പി. ബിജുവിന്റെ നേതൃത്വത്തിൽ നടപ്പിലാക്കിയതോടെ ഇപ്പോൾ ആളുകൾ തനിച്ചാണ് പോലീസ് സ്റ്റേഷനിൽ പരാതി പറയാൻ എത്തുന്നത്.
ചില വേറിട്ട പരിപാടികൾ
ചക്കരക്കൽ എസ്ഐ പി.ബിജുവിന്റെ നേതൃത്വത്തിൽ വേറിട്ട പരിപാടികളാണ് കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ നടത്തിയത്. വിവിധ പ്രശ്നങ്ങളിൽ ഉൾപ്പെട്ടവരെ പങ്കെടുപ്പിച്ച് പുതുവത്സര പരിപാടി ചക്കരക്കൽ പോലീസ് സ്റ്റേഷനിൽ സംഘടിപ്പിച്ചത് വേറിട്ടതായി. “കരയാൻ, തോൽക്കാൻ, കഞ്ഞികുടിക്കാൻ വരു ഞങ്ങളോടൊപ്പം വരൂ നമുക്ക് ഒരുമിച്ച് ഉയരാം’ എന്നതായിരുന്നു പരിപാടിയുടെ പേര്.
ജില്ലാ പോലീസ് മേധാവി ജി. ശിവവിക്രവുമായി സംഗമത്തിൽ പങ്കെടുത്തവർ ആശയസംവാദം നടത്തി. പരിപാടിയിൽ പങ്കെടുത്തവർക്ക് കഞ്ഞി, കപ്പ, ചമന്തി എന്നീ നാടൻ ഭക്ഷണ രീതികളായിരുന്നു. സ്റ്റേഷൻ പരിധിയിലെ 60 ഓളം പേരെ പങ്കെടുപ്പിച്ചു.
കൂടാതെ കഴിഞ്ഞ വർഷം വിവിധ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവരുടെ സംഗമവും നടത്തി. “മാറ്റി നിർത്താനല്ല, ചേർത്തു പിടിക്കാൻ, വരൂ കൂട്ടുകാരെ, നമുക്ക് ഒരുമിച്ച് ഇരിക്കാം’ എന്ന പേരിലായിരുന്നു സംഗമം. 250 ഓളം പേരായിരുന്നു സംഗമത്തിൽ പങ്കെടുത്തത്. ഈ സംഗമത്തിൽ പങ്കെടുത്തവർ പിന്നീട് സ്റ്റേഷൻ പരിധിയിലെ ഒരു കുറ്റകൃത്യത്തിലും പങ്കില്ലെന്നുള്ളത് പോലീസിന്റെ വിജയമാണ്. കൂടാതെ ഇവർ പോലീസിന്റെ ഉറ്റസുഹൃത്തുക്കളുമാണ്.
തയാറാക്കിയത്: റെനീഷ് മാത്യു
ചിത്രങ്ങൾ: ആഷ്ലി ജോസ്