പേരാമ്പ്ര: നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു ശേഖരിച്ച മാലിന്യങ്ങൾ തള്ളുന്നത് വിദ്യാലയത്തിനു മുമ്പിൽ. ഇരുനൂറോളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന ചക്കിട്ടപാറ ബിഎഡ് കോളജാണു മാലിന്യ കൂമ്പാര ഭീഷണിയിലുള്ളത്. തൊട്ടടുത്തു തന്നെയാണു വൃത്തിഹീനമായ പൊതുശ്മശാനവും.
വിദ്യാര്‍ഥികളടക്കം നിത്യവും കായിക പരിശീലനം നടത്തുന്ന ചക്കിട്ടപാറ സ്റ്റേഡിയവും തൊട്ടടുത്താണ്. ചുറ്റുപാടും അനേകം വീടുകളുമുണ്ട്. എല്ലാവരും ഭീഷണിയിലാണ്. ഇടക്കിടെ മഴ പെയ്യുമ്പോൾ മാലിന്യാവശിഷ്ടങ്ങൾ വെള്ളത്തിൽ കലർന്നു രോഗഭീഷണി ഉയർത്തി ഒഴുകുകയാണ്.
നിലവിലെ സാഹചര്യത്തില്‍ ബിഎഡ് കോളജ് വിദ്യാര്‍ഥികളും പരിസരവാസികളും ചക്കിട്ടപാറ പഞ്ചായത്തിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്. കർഷകന്റെ തോട്ടത്തിലെ റബർ ചിരട്ടകൾ കമഴ്ത്തിവെക്കണമെന്നു ഭീഷണിപ്പെടുത്തുന്ന ആരോഗ്യവകുപ്പ് അധികൃതർ ഇതൊന്നും കണ്ടില്ലെന്നു നടിക്കുന്നതിൽ ദുരൂഹതയുണ്ട്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ വാർഡിലാണു മാലിന്യ പ്രശ്നം.