സ്വന്തം ലേഖകൻ
തിരുവില്വാമല: തിരുവില്വാമല ടൗണിലെ ലോഡ്ജിലെ ഒറ്റമുറിയിൽ ചാക്കോച്ചി എന്ന അറുപതുകാരനു ചുറ്റും വീടുകളും ആരാധനാലയങ്ങളുമുണ്ട്.
പഴയ കടലാസ് പെട്ടികളും ഫെവിക്കോളുമുപയോഗിച്ച് ആരാധനാലായങ്ങളുടേയും വീടുകളുടേയും മാതൃക നിർമിച്ച് അത്ഭുതങ്ങൾ തീർക്കുകയാണ് കോട്ടയം ഈരാറ്റുപേട്ട പ്ലാസനാൽ സ്വദേശിയായ ചാക്കോച്ചി എന്ന് നാട്ടുകാർ സ്നേഹത്തോടെ വിളിക്കുന്ന ചാക്കോച്ചൻ. 27 വർഷമായി ചാക്കോച്ചി തിരുവില്വാമലയിലുണ്ട്.
പള്ളികൾ, വിവിധ ഡിസൈനുകളിലുള്ള വീടുകൾ, ശബരിമല ക്ഷേത്രം, രൂപക്കൂടുകൾ എന്നുവേണ്ട ചാക്കോച്ചിയുടെ കൈകളിൽ നിന്നും രൂപമെടുത്ത വിസ്മയങ്ങളേറെയാണ്.
റബ്ബർ ടാപ്പിംഗിനായി തിരുവില്വാമലയിലെത്തിയ ചാക്കോച്ചി പത്തുവർഷമായി ലോട്ടറിക്കച്ചവടം നടത്തുകയാണ്. താമസവും മാതൃകകളുടെ നിർമാണവുമെല്ലാം ഈ മുറിയിൽ തന്നെ.
പകൽ സമയത്ത് ലോട്ടറിക്കച്ചവടം കഴിഞ്ഞെത്തിയാൽ പിന്നെ ഇത്തരം മാതൃകകൾ ഉണ്ടാക്കലാണ് ചാക്കോച്ചിയുടെ ഹോബി. കാർഡ്ബോർഡും ഫെവിക്കോളും മാത്രമാണ് നിർമാണത്തിനുപയോഗിക്കുക.
നിറങ്ങൾ കൂടി ചേർത്തുകൊടുത്താൽ ഒറിജിനിലിനൊപ്പം കട്ടയ്ക്കു കട്ട നിൽക്കുന്ന മാതൃകകൾ റെഡി.
അവിവാഹിതനാണ് ചാക്കോച്ചി. കൂട്ടായി പൊന്നുവെന്ന് വിളിക്കുന്ന ഒരു തെരുവുനായ മാത്രമാണുള്ളത്.
വർഷങ്ങൾക്ക് മുൻപ് തെരുവിൽ കടിപിടികൂടി തളർന്നവശനായി കിടന്നിരുന്ന പൊന്നുവിനെ അന്ന് കൂടെക്കൂട്ടിയതാണ് ചാക്കോച്ചി. നാട്ടിൽ ചാക്കോച്ചിക്ക് നാല് സഹോദരങ്ങളുണ്ട്.