പത്തനംതിട്ട: ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല 10ന് നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. ഇന്നു രാവിലെ ഒന്പതിന് നിലവറദീപം തെളിക്കൽ നടക്കും. വൈകുന്നേരം 5.30ന് കാർത്തിക സ്തംഭം ഉയർത്തൽ. പൊങ്കാല ദിവസം പുലർച്ചെ നാലിന് ഗണപതിഹോമം, നിർമാല്യദർശനം. 8.30ന് വിളിച്ചു ചൊല്ലി പ്രാർത്ഥന. തുടർന്ന് ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റ് പി.എസ്.നായർ പൊങ്കാല ഉദ്ഘാടനം നിർവഹിക്കും. ദേവസ്വം കമ്മീഷണർ ഹർഷൻ മുഖ്യാതിഥിയായിരിക്കും. പൊങ്കാലയുടെ പണ്ടാര അടുപ്പിലേക്ക് മുഖ്യ കാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി അഗ്നി പകരും.
വൈകുന്നേരം 5.30ന് ക്ഷേത്രം കാര്യദർശി മണിക്കുട്ടൻ നമ്പൂതിരിയുടെ അധ്യക്ഷതയിൽ നടക്കുന്ന സാംസ്കാരിക സമ്മേളനം ചെങ്ങന്നൂർ സജി ചെറിയാൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. കൊടിക്കുന്നിൽ സുരേഷ് എംപി മുഖ്യാതിഥിയായിരിക്കും. കേരളത്തിൽ നിന്ന് ആദ്യമായി സൗത്ത് ആഫ്രിക്കയിൽ എംപി ആയ കേശവം അനിൽ പിള്ളയെ ആദരിക്കും. യുഎൻ വിദഗ്ധ സമിതി ചെയർമാൻ ഡോ.സി.വി.ആനന്ദബോസ് കാർത്തിക സ്തംഭത്തിൽ അഗ്നി പകരും.
ആയിരത്തിലധികം ക്ഷേത്ര വോളണ്ടിയർമാർ ഭക്തർക്കാവശ്യമായ നിർദേശം നൽകും. സ്ഥിരം സംവിധാനങ്ങൾക്കു പുറമെ താത്കാലിക ശൗചാലയങ്ങളും ഏർപ്പെടുത്തും. പോലീസ്, കെഎസ്ആർടിസി, ആരോഗ്യ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ഫയർഫോഴ്സ്, കെഎസ്ഇബി, ജല അഥോറിറ്റി, എക്സൈസ്, ജല ഗതാഗതം, റവന്യു വകുപ്പുകളുടെ സേവനം ആലപ്പുഴ, പത്തനംതിട്ട ജില്ലാ കളക്ടർമാരുടെ നേതൃത്വത്തിൽ സജ്ജീകരിക്കും. പാർക്കിംഗിന് പ്രത്യേക സൗകര്യം ഏർപ്പെടുത്തും.
ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി, അഡ്മിനിസ്ട്രേറ്റർ കെ.കെ ഗോപാലകൃഷ്ണൻ നായർ, ഹരിക്കുട്ടൻ നമ്പൂതിരി, പിആർഒ സുരേഷ് കാവുംഭാഗം, ഉത്സവകമ്മിറ്റി പ്രസിഡന്റ് കെ. സതീശ്കുമാർ, സെക്രട്ടറി സന്തോഷ് ഗോകുലം എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.