എടത്വ: സ്ത്രീകളുടെ ശബരിമലയെന്ന് വാഴ്ത്തപ്പെടുന്ന നീരേറ്റുപുറം ചക്കുളത്തുകാവ് ഭഗവതിക്ഷേത്രത്തിൽ പഞ്ചഭൂതങ്ങളെ സാക്ഷിയാക്കി ദേവീദർശനത്തിന്റെ അനുഗ്രഹം ഏറ്റുവാങ്ങി ഭക്തലക്ഷങ്ങൾ ഇന്ന് രാവിലെ പൊങ്കാല അർപ്പിച്ചു. കേരളത്തിനകത്തും പുറത്തും നിന്നുമുള്ള ലക്ഷക്കണക്കിന് സ്ത്രീകളും കുട്ടികളുമടങ്ങുന്ന ഭക്തരാണ് പൊങ്കാലയിൽ പങ്കെടുത്തത്. സംസ്ഥാനത്തിനു പുറമെ തമിഴ്നാട്, കർണാടക, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും ലക്ഷക്കണക്കിന് ഭക്തരാണ് പൊങ്കാല അർപ്പിക്കാനായി എത്തിയത്.
ക്ഷേത്രത്തിന് ചുറ്റുമുള്ള 70 കിലോമീറ്റർ പ്രദേശങ്ങൾ 9.30 ഓടെ യാഗഭൂമിയായി മാറി. തകഴി-തിരുവല്ല-കോഴഞ്ചേരി, ചെങ്ങന്നുർ-പന്തളം, എടത്വ-തകഴി, നീരേറ്റുപുറം-കിടങ്ങറ, പൊടിയാടി-മാന്നാർ-മാവേലിക്കര, എടത്വ-ഹരിപ്പാട് എന്നീ പ്രധാന റോഡുകളിലും ഇടവഴികളിലുമായി പൊങ്കാല അടുപ്പുകൾ നിരന്നു. തൃക്കാർത്തിക ദിനത്തിലെ പൊങ്കാലയുടെ പുണ്യം നുകരാൻ നാടിന്റെ നാനാഭാഗത്തുനിന്നും ഭക്തർ ഇന്നലെ രാവിലെ മുതലേ ചക്കുളത്തുകാവിലേക്ക് ഒഴുകിയെത്തി.
പുലർച്ച മൂന്നിന് നടന്ന മഹാഗണപതി ഹോമത്തോടെയാണ് പൊങ്കാല ചടങ്ങുകൾ ആരംഭിച്ചത്. ഒന്പതിന് വിളിച്ചുചൊല്ലി പ്രാർത്ഥനയ്ക്കു ശേഷം 9.30നു പൊങ്കാലയ്ക്കു തുടക്കം കുറിച്ച് ക്ഷേത്ര ശ്രീകോവിലിൽ നിന്നും പണ്ടാരപൊങ്കാല അടുപ്പിലേക്ക് ക്ഷേത്ര മുഖ്യകാര്യദർശി രാധാകൃഷ്ണൻ നന്പൂതിരി അഗ്നി പകർന്നു.
ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നന്പൂതിരി ചടങ്ങുകൾക്കു നേതൃത്വം നൽകി. ഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലൻ പൊങ്കാല ഉദ്ഘാടനം ചെയ്തു. പത്തുമണിയോടെ 500-ൽ പരം വേദ പണ്ഡിതൻമാരുടെ മുഖ്യ കാർമികത്വത്തിൽ ദേവിയെ 41 ജീവിതകളിലായി എഴുന്നുള്ളിച്ച് ഭക്തർ തയാറാക്കിയ പൊങ്കാല നേദിച്ചു.
വൈകുന്നേരം അഞ്ചിന് സാംസ്കാരിക സമ്മേളനം നടക്കും. മാവേലിക്കര എംപി കൊടിക്കുന്നിൽ സുരേഷ് ഉദ്ഘാടനം ചെയ്യും. കാര്യദർശി മണിക്കുട്ടൻ നന്പൂതിരി അധ്യക്ഷത വഹിക്കും. മുഖ്യ കാര്യദർശി രാധാകൃഷ്ണൻ നന്പൂതിരി അനുഗ്രഹ പ്രഭാഷണം നടത്തും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ജനൂപ് പുഷ്പാകരൻ, സുനിൽ കുമാർ, അഡ്മിനിസ്ട്രേറ്റർ കെ.കെ. ഗോപാലകൃഷ്ണൻ നായർ, രമേശ് ഇളമണ് നന്പൂതിരി, കെപിസിസി ജനറൽ സെക്രട്ടറി മാന്നാർ അബ്ദുൾ ലത്തീഫ്, പഞ്ചായത്ത് അംഗങ്ങളായ ബാബു വലിയവീടൻ, ലാലി അലക്സ്, അജിത്ത് കുമാർ, അഡ്വ. വിജയകുമാർ, ജെയിംസ് ചുങ്കത്തിൽ, കെ. സതീഷ് കുമാർ, സന്തോഷ് ഗോകുലം എന്നിവർ പ്രസംഗിക്കും. 6.30ന് യുഎൻ വിദഗ്ധ സമതി ചെയർമാൻ ഡോ. സി.വി. ആനന്ദബോസ് ഐ.എ.എസ് കാർത്തിക സ്തംഭത്തിൽ അഗ്നി പകരും.