തിരുവനന്തപുരം: അറബിക്കടലില്‍ രൂപം കൊണ്ട ചക്രവാതച്ചുഴി സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. 12 ജില്ലകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട്.
ഇടിയോട് കൂടിയ ശക്തമായ മഴയ്ക്കും സാദ്ധ്യതയുണ്ട്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതിയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
വെള്ളിയാഴ്ച വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഇന്നലെ രാത്രി മുതൽ തൊരാതെ പെയ്യുന്ന കനത്ത മഴയിൽ തലസ്ഥാനത്ത് പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. തിരുവനന്തപുരത്ത് മലയോരമേഖലയില്‍ കനത്തമഴ പെയ്യുകയാണ്.
ചുള്ളിമാനൂര്‍ വഞ്ചുവത്ത് മണ്ണിടിഞ്ഞ് തിരുവനന്തപുരം–ചെങ്കോട്ട ദേശീയപാതയില്‍ ഗതാഗത തടസമുണ്ടായി.പത്തനംതിട്ട ജില്ലയിലും പലയിടത്തും കനത്ത മഴ തുടരുകയാണ്.
പമ്പയിലും സന്നിധാനത്തും ഇന്നലെ ഉച്ച മുതല്‍ കനത്ത മഴയാണ്. ബംഗാള്‍ ഉള്‍കടലില്‍ ന്യൂന മര്‍ദ്ദ സാധ്യതയുമുണ്ട്. തെക്കന്‍ ആന്‍ഡമാന്‍ കടലിനു മുകളില്‍ ചക്രവാതചുഴി നിലനില്ക്കുന്നു.
ഒക്ടോബര്‍ 20ഓടെ വടക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ ന്യൂന മര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
തുടര്‍ന്നു പടിഞ്ഞാറു വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിച്ചു തുടര്‍ന്നുള്ള 48 മണിക്കൂറില്‍ കൂടുതല്‍ ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.