തിരുവനന്തപുരം: വിവാദ പരാമർശങ്ങളിൽ വിശദീകരണവുമായി കേരള ചലചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്. അക്കാഡമി ചെയർമാന്റെ കസേരയിൽ ഇരുന്നുകൊണ്ടല്ല താൻ അഭിപ്രായം പറഞ്ഞതെന്നും സ്വന്തം വീടിന്റെ വരാന്തയിലിരുന്ന് നടത്തിയ സാധാരണ സംഭാഷണമാണതെന്നും രഞ്ജിത്ത് പറഞ്ഞു. ഡോ. ബിജുവിനെ കുറിച്ച് പറഞ്ഞതും വ്യക്തിപരമായ അഭിപ്രായമാണ്.
ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തുമായുള്ള തർക്കത്തിനിടെ കഴിഞ്ഞ ദിവസം കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷനിൽനിന്ന് സംവിധായകൻ ഡോ. ബിജു രാജി വച്ചിരുന്നു.
അതേസമയം വിവാദങ്ങള്‍ ഉണ്ടാകാന്‍ പാടില്ലാത്തതാണെന്ന് മന്ത്രി സജി ചെറിയാൻ പ്രതികരിച്ചു. സംവിധായകന് ഡോ.ബിജു നേരിട്ടുകണ്ട് ചില പ്രശ്നങ്ങള്‍ ഉന്നയിച്ചിരുന്നു. രഞ്ജിത്തിനെ മാറ്റുന്നതില്‍ തീരുമാനമായിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
രഞ്ജിത്ത് സ്വയംതിരുത്താന്‍ തയാറായില്ലെങ്കില്‍ അദ്ദേഹത്തെ നീക്കണമെന്ന് ഒന്‍പത് ഭരണസമിതി അംഗങ്ങള്‍ ഇന്നലെ ചലച്ചിത്ര അക്കാദമി സെക്രട്ടറിക്ക് കത്ത് നല്‍കിയിരുന്നു.