കാഞ്ഞിരമറ്റം: ചാലയ്ക്കപ്പാറ ജംഗ്ഷനിൽ നിന്നാരംഭിക്കുന്ന ബിഎസ്എൻഎൽ റോഡ് തകർന്നിട്ട് വർഷങ്ങളായിട്ടും അധികൃതർക്ക് അവഗണന.
പഞ്ചായത്തിലെ ഒട്ടുമിക്ക റോഡുകളും അറ്റകുറ്റപ്പണികൾ തീർത്ത് സഞ്ചാരയോഗ്യമാക്കിയിട്ടും ഈ റോഡ് മാത്രം അതീവ ശോച്യാവസ്ഥയിൽത്തന്നെ. നിലവിൽ പഞ്ചായത്തിന്റെ ആസ്തിയിൽ ഉൾപ്പെട്ടിട്ടില്ലെന്നും, പിഡബ്ല്യുഡിയുടെ ഉടമസ്ഥതതയിലായതിനാലാണ് പഞ്ചായത്തിന് ഒന്നും ചെയ്യാൻ സാധിക്കാത്തതെന്നുമാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്.
നാൽപ്പതിലേറെ വീട്ടുകാരും തോട്ടറ പുഞ്ചയിലെ വിരിപ്പച്ചാൽ പാടശേഖരത്തിലേക്കുള്ള കർഷകരും ഉപയോഗിക്കുന്ന റോഡാണിത്. വളരെ വർഷങ്ങൾക്കു മുൻപ് ടാറിങ് നടത്തിയ തൊഴിച്ചാൽ ഇന്ന് വരെ യാതൊരു അറ്റകുറ്റപ്പണികളും ഈ റോഡിൽ നടത്തിയിട്ടില്ലെന്ന് പരിസരവാസികൾ പറയുന്നു.
മാറി മാറി വരുന്ന പഞ്ചായത്ത് ഭരണസമിതികളും ഈ റോഡിനു വേണ്ടി ഒന്നും ചെയ്യുന്നില്ലെന്ന പരാതിയുമുണ്ട്. മഴ പെയ്താൽ വെള്ളം കുത്തിയൊഴുകി തകർന്ന് മണ്ണ് റോഡിന് സമാനമാണ് ഇപ്പോൾ ഈ റോഡ്.