ചാവക്കാട്: കടലിൽ മീനില്ല; ഉള്ളത് പിടിക്കാൻ വഴിയില്ല. ഇതിനിടയിൽ ഇടക്കൊന്ന് ചാള രാജാവായി ചരിത്രം തിരുത്തി. ആശ്വാസം പകർന്ന് ചെമ്മീൻ കൊയ്ത്തിന് തുടക്കമായി.മത്സ്യലഭ്യത കുറഞ്ഞു വരുന്നുവെന്ന പല്ലവി ഇക്കൊല്ലവും മത്സ്യമേഖല ആവർത്തിച്ചു. ഇനിയും വ്യക്തമായ കാരണം പൂർണമായി കണ്ടെത്താൻ കഴിയാത്ത പരാതി തിരമാലയായി. എന്നാലും കിട്ടാവുന്നത് പിടിച്ചെടുക്കാൻ കാറ്റും മഴയും കടലാക്രമണവും തടസമായി.
മുന്നറിയിപ്പ് കാരണം ട്രോളിംഗ് നിരോധനത്തിന് മുന്പു തന്നെ ബോട്ടുകൾ തീരമണഞ്ഞതോടെ മത്സ്യക്ഷാമം രൂക്ഷമായി.ഓണം കഴിഞ്ഞാൽ എത്തി, ഈസ്റ്റർ കഴിഞ്ഞാൽ തിരിച്ച് പോകുന്ന സീസണ് മത്സ്യബന്ധനക്കാരായ അയൽ ജില്ല-സംസ്ഥാന മത്സ്യതൊഴിലാളികൾ അവരുടെ ഫൈബർ വള്ളവുമായി തിരിച്ച് പോയതോടെ കടപ്പുറം ശരിക്കും വരണ്ടു.
മീൻ ചാറില്ലാതെ എങ്ങനെ ചോറുണ്ണും എന്ന് മലയാളിയുടെ മനസ് വായിച്ചറിയാവുന്ന മത്സ്യമൊത്ത കച്ചവടക്കാർ മംഗലാപുരം, തൂത്തുകുടി, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് ചാള വരുത്തി.
പഴക്കമുള്ളതാണെന്ന് അറിഞ്ഞിട്ടു തന്നെ വാങ്ങാൻ എത്തിയവർ വിലകേട്ട് ഞെട്ടി. ചാള കിലോ 340.ഒപ്പം ഇറക്കുമതി ചെയ്ത ചെറിയ അയില 300, കുടുത 300, അറക്ക- 1000-1300. മീൻവിലയുടെ അങ്ങാടി നിലവാരം കേട്ട് പിൻവാങ്ങിയവർ സ്വയം ചോദിച്ചു. മട്ടൻ വാങ്ങി കഴിച്ചു കൂടെ, ആട്ടിറച്ചി വാങ്ങിയാലും മീൻ ചാറിന്റെ രുചി കിട്ടുമോ.
പോഷകമൂല്യം കൂടുതലാണെങ്കിലും തീൻ മേശയിൽ ചാള (മത്തി) നാലാം തരക്കരനാണ്. പാവപ്പെട്ടവന്റെ മീൻ കറിയായി എഴുതിത്തള്ളിയ മത്തിക്ക് 340 രൂപ വരെ വില എത്തിയത് ചരിത്രത്തിൽ ഇല്ലെന്ന് പഴമക്കാർ പറയുന്നു. ചില ആളുകളുടെ പ്രവർത്തിയെ പരിഹരിച്ച് ഇത് ചാളകച്ചവടമല്ലെന്ന് പറഞ്ഞിരുന്ന നാട്ടിലാണ് ഒരാഴ്ച ചാള രാജാവായി വാണത്.
പണ്ട് മത്സ്യക്ഷാമം ഇല്ലാതിരുന്ന കാലത്ത് തണ്ട് വലിച്ച് വള്ളം നിറയെ മീനുമായി കടലിന്റെ മക്കൾ കരയ്ക്കെത്തിയാൽ ചാള വാങ്ങാൻ ആളില്ല. ഒന്നുകിൽ തെങ്ങിന് വളമാകും. അല്ലെങ്കിൽ ഉണക്കി വള നിർമാണത്തിന് കയറ്റിവിടും. ചാളയുടെ ലഭ്യത ഓരോ വർഷം കുറഞ്ഞതോടെ നാലാം സ്ഥാനത്ത് നിന്ന് ഒന്നാം സ്ഥാനത്തേക്ക് കയറാൻ ശ്രമിക്കുന്നതിനിടയിലാണ് ചാളക്ക് റാങ്ക് കിട്ടുന്നത്.
മത്സ്യത്തിന്റെ പൊള്ളുന്ന വില കേട്ട് തരിച്ച് നിൽക്കുന്നതിനിടയിൽ കടൽ ശാന്തമായി. നാടൻ വള്ളക്കാർ കടലിൽ ഇറങ്ങാൻ തുടങ്ങി. ഇടവപ്പാതി കഴിഞ്ഞാൽ കടലമ്മ കനിയും. വള്ളം നിറയെ മീൻ തൊട്ടു പിന്നാലെ ചെമ്മീൻ ചാകര, കൈനിറയെ പണം. പഴംപൊരി തൊലി കളഞ്ഞ് കഴിക്കാം.
പരന്പാരഗത കണക്ക് കൂട്ടലുകൾ തെറ്റി കടൽ കൂടിയതാണ് മീനിന് തീവിലയായത്. പൊള്ളുന്ന വില അധികം നീണ്ടില്ല, വില ആവിയായി. ഇടവത്തിൽ കനിയാത്ത കടൽ മിഥുനത്തിൽ കനിഞ്ഞു. നാടൻ വസ്തുക്കൾക്ക് ചാള, അയില തുടങ്ങിയ മീനുകൾ കിട്ടി തുടങ്ങി. വലിയ അയില 200, ചാള 150, വില ഇനിയും കുറയും.
അതിനിടയിൽ തീരത്ത് ആഹ്ലാദം പകർന്ന് ചെമ്മീൻ കൊയ്ത്തിന് തുടക്കം കുറിച്ചു. തിങ്കളാഴ്ച കടലിൽ പോയ മിക്ക വള്ളക്കാർക്കും പൂവാലൻ ചെമ്മീൻ കിട്ടി. എട്ട് ലക്ഷം രൂപ മുതൽ 15 ലക്ഷം രൂപ വരെ ലഭിച്ചവരുണ്ട്. വിദേശനാണ്യം നേടിത്തരുന്ന വെള്ള ചെമ്മീൻ വിളിച്ചു പറഞ്ഞു. വൈകിയാണെങ്കിലും ഞാൻ എത്തി. രാജാവ് ഇവിടെയുണ്ട്.