ആലുവ: കീഴ്മാട് ഗ്രാമപഞ്ചായത്ത് ഏഴാംവാർഡിൽ ചാലയ്ക്കൽ പകലോമറ്റം കവലയിലെ അനധികൃത കച്ചവട സ്ഥാപനങ്ങൾ വൻ പോലീസ് സന്നാഹത്തിൽ പൊളിച്ചുമാറ്റി. ഇന്നു രാവിലെ ഏഴോടെ പോലീസിന്റെ സംരക്ഷണയിൽ പഞ്ചായത്ത് അധികൃതരും പൊതുമരാമത്ത് വകുപ്പും ചേർന്നാണ് കൈയേറ്റം ഒഴിപ്പിച്ചത്.
സംഘർഷ സാധ്യത കണക്കിലെടുത്ത് റൂറൽ എസ്പി രാഹുൽ ആർ. നായരുടെ നിർദേശപ്രകാരം ആലുവ, അങ്കമാലി, നെടുന്പാശേരി സർക്കിൾ പരിധിയിലെ മുഴുവൻ സ്റ്റേഷനുകളിൽനിന്നും പോലീസ് സംഭവസ്ഥലത്ത് ക്യാന്പു ചെയ്യുകയായിരുന്നു.
ആലുവ-പെരുന്പാവൂർ ദേശസാൽകൃത റൂട്ടിൽ പകലോമറ്റം ഭാഗത്തെ പഞ്ചായത്ത് പുറന്പോക്ക് നാളുകളായി സ്വകാര്യ വ്യക്തികൾ കച്ചവടത്തിനും മറ്റുമായി കൈയടക്കി വച്ചിരിക്കുകയായിരുന്നു. ഈ ഭാഗത്ത് ലഹരി മാഫിയകൾ കൂടി തന്പടിക്കാൻ തുടങ്ങിയതോടെ പ്രദേശത്തെ റസിഡന്റ്സ് അസോസിയേഷൻ പരാതിയുമായി രംഗത്തു വരികയായിരുന്നു.
ഇവരുടെ പരാതി പരിഗണിച്ച കീഴ്മാട് ഗ്രാമപഞ്ചായത്ത് കമ്മിറ്റി കൈയേറ്റങ്ങൾ ഒഴിയാൻ നോട്ടീസ് നൽകുകയും ചെയ്തിരുന്നു. എന്നാൽ ഇതു പാലിക്കാൻ കൈയേറിയ വ്യക്തികൾ തയാറായിരുന്നില്ല.വ്യാഴാഴ്ച പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തിൽ കൈയേറ്റം ഒഴിപ്പിക്കാൻ പോലീസുമായി എത്തിയപ്പോൾ എസ്ഡിപിഐ പ്രവർത്തകരുടെ നേതൃത്വത്തിൽ ഒരുവിഭാഗം എതിർപ്പുമായി രംഗത്തെത്തി.
ആലുവ ഈസ്റ്റ് പോലീസ് എസ്ഐ എം.എസ്. ഫൈസലിന്റെ നേതൃത്വത്തിലുള്ള കുറഞ്ഞ പോലീസ് സേനയെക്കൊണ്ട് എതിർപ്പു അവസാനിപ്പിക്കാൻ കഴിയാത്തതിനാൽ സംഘർഷം ഒഴിവാക്കാൻ പഞ്ചായത്തും പോലീസും പിന്മാറുകയായിരുന്നു. ഇതിനെ തുടർന്നാണ് ഇന്നുരാവിലെ കൂടുതൽ പോലീസുമായി പഞ്ചായത്ത് അധികൃതർ എത്തിയത്.
എന്നാൽ ഇന്നു എതിർപ്പുകൾ കൂടാതെ ഉടമകൾ തന്നെ കടകൾ പൊളിച്ചു മാറ്റാൻ തയാറായതിനാൽ പ്രദേശത്ത് വൻ സംഘർഷം ഒഴിവായി. ഹോട്ടൽ, തട്ടുകട, പച്ചക്കറി സ്റ്റാൾ, കരിക്ക് കച്ചവടം തുടങ്ങിയവയാണ് ഇവിടെ വർഷങ്ങളായി നടത്തിയിരുന്നത്. ഇതിനടുത്ത് കഴിഞ്ഞ വർഷം സ്വകാര്യ കന്പനി ടവർ സ്ഥാപിച്ചെങ്കിലും പ്രതിഷേധത്തെ തുടർന്ന് പൊളിച്ചു മാറ്റിയിരുന്നു.
ആലുവ ഡിവൈഎസ്പി പ്രഫുല്ല ചന്ദ്രന്റെ നേതൃത്വത്തിൽ സി.ഐ വിശാൽ കെ. ജോൺസൺ, അങ്കമാലി സിഐ മുഹമ്മദ് റിയാസ്, നെടുന്പാശേരി സിഐ പി.ജെ. നോബിൾ, ആലുവ ഈസ്റ്റ് എസ്ഐ എം.എസ് ഫൈസൽ, വെസ്റ്റ് എസ്ഐ അനിൽകുമാർ, ബിനാനിപുരം എസ്ഐ മുഹമ്മദ് ബഷീർ, എടത്തല എസ്ഐ അരുൺ തുടങ്ങിയവരടങ്ങിയ വൻ പോലീസ് സന്നാഹമാണ് സ്ഥിതിഗതികൾ നിയന്ത്രിച്ചത്. ഗ്രാമപഞ്ചായത്തംഗം കെ.ഇ. ഷാഹിറ, പഞ്ചായത്ത് സെക്രട്ടറി ഡാർലി, അസിസ്റ്റന്റ് സെക്രട്ടറി റോഷിൻ കോശി, അസിസ്റ്റന്റ് എൻജിനീയർ ബിജി മോൾ, പി.ഡബ്യുഡി അസി. എൻജിനീയർ അജയ്ഘോഷ് എന്നിവർ ഒഴിപ്പിക്കലിന് നേതൃത്വം നൽകി.