ചാലക്കുടി: പടിഞ്ഞാറെചാലക്കുടി മൂഞ്ഞേലിയിൽ പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് 50 പവൻ മോഷ്ടിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. അന്യസംസ്ഥാന മോഷ്ടാക്കളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നീങ്ങുന്നത്. ഡിവൈഎസ്പി കെ. ലാൽജിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാണ് അന്വേഷണം.
ഏത് ഉറപ്പുള്ള ആധുനിക താഴും അതിവിദഗ്ധമായി അറുത്തുമാറ്റിയശേഷം പിന്നീട് ഒരു സംശയവും തോന്നാത്ത രീതിയിൽ അതേപടി വയ്ക്കുന്ന അന്തർസംസ്ഥാന മോഷണസംഘമാണ് ചാലക്കുടി കവർച്ചയ്ക്കു പിന്നിലെന്നു പോലീസ് സംശയിക്കുന്നു. അടുത്തിടെ മാളയിൽ നടന്ന വൻകവർച്ചയുമായി ചാലക്കുടി കവർച്ചയ്ക്കു സാമ്യമുള്ളതിനാൽ രണ്ടിലും ഒരേസംഘമാണ് ഉൾപ്പെട്ടിട്ടുള്ളതെന്നും പോലീസ് കരുതുന്നു.
മാളയിലെ കവർച്ചയിൽ പ്രതികളെ ഇതുവരെയും പിടികൂടാൻ പോലീസിനു സാധിച്ചിട്ടില്ല. പകൽസമയങ്ങളിൽ വീടുകൾ നിരീക്ഷിക്കുകയും ആളില്ലാത്ത തക്കംനോക്കി മോഷണം നടത്തുകയുമാണ് ഇവർ ചെയ്യുന്നത്. ആധുനിക സജ്ജീകരണമുള്ള പൂട്ടുകളും വാതിലുകളും തുറക്കുന്നതിൽ നേരത്തെ പരിശീലനം നേടിയ സംഘമാണ് വീടുകളിലെത്തി എളുപ്പത്തിൽ താഴ് അറുത്തുമാറ്റി വീടുകളിൽ കയറുന്നതെന്നു പോലീസ് പറയുന്നു.
ചാലക്കുടി മോഷണത്തിന്റെ പശ്ചാത്തലത്തിൽ സമീപത്തെ വീടുകളിലെ സിസിടിവി കാമറദൃശ്യങ്ങളും, മൊബൈൽ ടവറും കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടങ്ങി.