ചാലക്കുടി: ദേശീയപാതയിൽ കോടതി ജംഗ്ഷനിൽ അടിപ്പാതയുടെ നിർമാണം സ്തംഭിക്കാൻ കാരണം നാഷണൽ ഹൈവേ അഥോറിറ്റി കരാർ കന്പനി ചെയ്ത പ്രവൃത്തികളുടെ തുക നൽകാത്തതാണെന്നും സബ് കോണ്‍ട്രാക്ടർമാർക്കു ചെയ്ത പ്രവൃത്തിയുടെ തുക നല്കുന്നതിനു നടപടി സ്വീകരിക്കാനും മന്ത്രി ജി. സുധാകരൻ വിളിച്ചു ചേർത്ത യോഗത്തിൽ ധാരണയായി. റിവൈസ്ഡ് എസ്റ്റിമേറ്റിന് അനുമതി ലഭ്യമാക്കുന്നതിനും തീരുമാനിച്ചു.
കുതിരാനിൽ ഒരു തുരങ്കമെങ്കിലും നിർമാണം പൂർത്തീകരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കും. ഇതിനായി എൻഎച്ച്എഐ പ്രിൻസിപ്പൽ സെക്രട്ടറി ചെയർമാനുമായി നവംബർ 26 ന് ഡൽഹിയിൽ കൂടിക്കാഴ്ച നടത്തും.
പുതുക്കാട് ഫ്ലൈഓവർ നിർമാണം ആരംഭിക്കുന്നതിനാവശ്യമായ നടപടികളും സ്വീകരിക്കും. ഡ്രയ്നേജ് അടക്കമുള്ള അനുബന്ധ നിർമാണപ്രവർത്തനങ്ങൾ നടത്താനും യോഗത്തിൽ നിർദേശം നൽകി.
പൊതുവിദ്യാഭ്യാസ മന്ത്രി പ്രഫ. സി.രവീന്ദ്രനാഥ്, കൃഷിമന്ത്രി വി.എസ്.സുനിൽകുമാർ, ഗവ. ചീഫ് വിപ്പ് കെ.രാജൻ എംഎൽഎ, ബി.ഡി.ദേവസി എംഎൽഎ, പ്രിൻസിപ്പൽ സെക്രട്ടറി (പൊതുമരാമത്ത് വകുപ്പ്) രാജേഷ്കുമാർ സിംഗ്, എൻഎച്ച്എഐ റീജണൽ ഓഫീസർ ആശീഷ് ത്രിവേദി, സീനിയർ പ്രൊജക്ട് മാനേജർ സതീഷ് തുടങ്ങിയവർ പങ്കെടുത്തു.