ചാലക്കുടി: ബിവറേജസ് കോർപറേഷന്റെ ചാലക്കുടി വെയർഹൗസ് ഗോഡൗണിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്ന വിധവയായ പട്ടികജാതി യുവതിയെ പ്രസവാവധിക്കുശേഷം ജോലിക്കു കയറാൻ അനുവദിക്കുന്നില്ലെന്നു പരാതി. മദ്യക്കുപ്പിയിൽ സ്റ്റിക്കർ ഒട്ടിക്കുന്ന പ്രവൃത്തി ചെയ്തുവന്നിരുന്ന ലിജ സുനിലിനാണു കോർപറേഷൻ അധികൃതരുടെ പിടിവാശിമൂലം ബുദ്ധിമുട്ടുന്നത്.
ചാലക്കുടി വെയർ ഹൗസ് ഡിപ്പോയിൽ ബിവറേജസ് കോർപറേഷന്റെ ഗോഡൗണ്‍ ആരംഭിച്ച 2008 മുതൽ ലിജ സുനിൽ ഇവിടെ ജോലി ചെയ്തിരുന്നു. ചാലക്കുടി വനിത വെൽഫെയർ സൊസൈറ്റി എന്ന സ്ഥാപനമാണ് കരാർ ഏറ്റെടുത്ത് 2008 മുതൽ സ്ത്രീ തൊഴിലാളികളെ മാത്രം ഉപയോഗിച്ച് ജോലികൾ ചെയ്തുവരുന്നത്.
2015ൽ പ്രസവ ആവശ്യത്തിന് ലീവ് എടുത്ത ലിജക്കു പ്രസവശേഷം ഗുരുതര അസുഖം ഉണ്ടാവുകയും സൊസൈറ്റി ലീവ് നീട്ടി നൽകുകയും ചെയ്തു. ഇതിനിടെ 2017ൽ മറ്റൊര തൊഴിലാളി പ്രസവ ആവശ്യത്തിനു ലീവ് എടുക്കുകയും 2017 ജൂലൈ മാസം മുതൽ തിരിച്ചു ജോലിക്കുകയറുകയും ചെയ്തിരുന്നു.
ലിജ ഓഗസ്റ്റ് മാസം മുതൽ ജോലിക്ക് എത്തിയെങ്കിലും കോർപറേഷൻ അധികൃതർ ജോലിക്ക് കയറ്റാൻ അനുവദിച്ചില്ല. കരാർ ഏറ്റെടുത്ത വനിത സൊസൈറ്റിയുടെ നിർദേശപ്രകാരം ഉച്ചവരെ ജോലി ചെയ്ത ലിജയെ പോലീസിനെ വിളിച്ചുവരുത്തും എന്ന് ഭീഷണിപ്പെടുത്തി കോർപറേഷൻ അധികൃതർ തിരിച്ചയച്ചു.
ഇതുസംബന്ധിച്ച് ലിജ ജില്ലാ ലേബർ ഓഫീസർക്ക് പാരതി നൽകുകയും ലേബർ ഓഫീസർ ലിജയെ തിരിച്ച് ജോലിക്ക് കയറ്റണമെന്ന് നിർദേശിക്കുകയും ചെയ്തു. ലേബർ ഓഫീസറുടെ നിർദേശം ലിജയും വനിത സൊസൈറ്റിയും കോർപറേഷൻ അധികൃതരെ രേഖാമൂലം അറിയിച്ചെങ്കിലും മുകളിൽനിന്നുള്ള തീരുമാനമില്ലാതെ ജോലിക്ക് കയറ്റാൻ കഴിയില്ലെന്ന നിലപാടാണ് ചാലക്കുടിയിലെ മാനേജർ സ്വീകരിച്ചത്.
ഈ സമയം ലിജയുടെ ഭർത്താവ് മരിച്ചു. ഇപ്പോൾ ലിജയുടെ അമ്മയോടൊപ്പം വാടക വീട്ടിൽ ഒന്നരവയസുള്ള മകനോടൊപ്പം താമസിക്കുന്നു. ഇതിനിടയിൽ പലവട്ടം ലിജ ജോലിക്ക് വേണ്ടി അധികൃതരെ സമീപിച്ചെങ്കിലും ആരും കണ്ണ് തുറന്നിട്ടില്ല.