ചാലക്കുടി: ചാലക്കുടി നോർത്ത് ബസ് സ്റ്റാൻഡിന് ആർടിഎ അംഗീകാരം. ഇതോടെ നോ ർത്ത് ബസ് സ്റ്റാൻഡിന് എന്ന ചാലക്കുടിക്കാരുടെ സ്വപ്നം യാഥാർഥ്യമാവുകയാണ്. തിങ്കളാഴ്ച ചേർന്ന ആർടിഎ കമ്മിറ്റിയിലാണ് ഉപാധികളോടെ നോർത്ത് ബസ് സ്റ്റാൻഡിന് അംഗീകാരം ലഭിച്ചത്.
യോഗത്തിൽ സപ്ലിമെന്ററി അജണ്ടയായാണ് വിഷയം പരിഗണിച്ചത്. ഇതിലാണ് അനുമതി ലഭിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ആർടിഒ കെ.എം. ഉമ്മർ സ്ഥലം സന്ദർശിച്ച് നിർമാണ പ്രവൃത്തികൾ വിലയിരുത്തി. സ്റ്റാൻഡ് സൗകര്യപ്രദമാക്കുന്നതിനാവശ്യമായ നിർദേശങ്ങളും ആർടിഒ നഗരസഭ അധികൃതർക്കു നല്കി.
പഴയ ദേശീയപാതയിൽ നിന്നും ബസ് സ്റ്റാൻഡിലേക്കു കടക്കുന്ന ഭാഗത്ത് ഡിവൈഡർ, ഹന്പുകൾ എന്നിവ സ്ഥാപിക്കുക, യാത്രക്കാർക്കാവശ്യമായ ഇരിപ്പിടങ്ങൾ സ്ഥാപിക്കുക, കിഴക്കു ഭാഗത്ത് കൂട്ടിയിട്ടിരിക്കുന്ന മണ്ണു നീക്കം ചെയ്യുക, ഷെൽറ്ററുകൾ സ്ഥാപിക്കുക തുടങ്ങിയ നിർദേശങ്ങളാണ് നല്‍കിയത്.
പത്തു ദിവസങ്ങൾക്കുള്ളിൽ നിർദേശങ്ങളടങ്ങിയ നിർമാണ പ്രവർത്തികൾ പൂർത്തീകരിക്കാനാകുമെന്നു നഗരസഭ ചെയർപേഴ്സണ്‍ ജയന്തി പ്രവീണ്‍കുമാർ അറിയിച്ചു. നിയമസഭ സമ്മേളനം കഴിയുന്ന മുറയ്ക്കു മുഖ്യമന്ത്രിയെ പങ്കെടുപ്പിച്ചുകൊണ്ടു ബസ് സ്റ്റാൻഡിന്റെ ഉദ്ഘാടനം നടത്തുവാനാണ് ഉദ്ദേശിക്കുന്നത്.
നഗരസഭ വൈസ് ചെയർമാൻ വിത്സൻ പാണാട്ടുപറന്പിൽ, കൗണ്‍സലർമാരായ പി.എം. ശ്രീധരൻ, യു.വി. മാർട്ടിൻ, വി.ജെ. ജോജി, ജോയിന്റ് ആർടിഒ പി.മാത്യു, മോട്ടോർ വെഹിക്കൾ ഇൻസ്പെക്ടർമാരായ അബ്ദുൾ റഹ്മാൻ, പി.എൻ.ശിവൻ എന്നിവരും സന്നിഹിതരായിരുന്നു.