ചാലക്കുടി: ചാലക്കുടിയിൽ കോടതി സമുച്ചയം നിർമിക്കാൻ നടപടി ആരംഭിച്ചു. ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതി സ്ഥിതി ചെയ്തിരുന്ന സ്ഥലത്തുതന്നെയാണ് കോടതി സമുച്ചയം നിർമിക്കുന്നത്. 10 കോടി രൂപ ചെലവിൽ അഞ്ച് നിലകളിലായിട്ടാണ് കോടതി സമുച്ചയം നിർമിക്കുന്നതിന് അനുമതി ലഭിച്ചിരിക്കുന്നത്.
മൂന്നുനിലകെട്ടിടം നിർമിക്കുന്നതിനുള്ള പ്ലാനാണ് ആദ്യം തയാറാക്കിയിരുന്നത്. എന്നാൽ പുതുതായി നിർമിക്കുന്ന കെട്ടിടത്തിൽ കൂടുതൽ സൗകര്യങ്ങൾ ഉണ്ടാക്കണമെന്ന സുപ്രീം കോടതി നിർദേശത്തെത്തുടർന്നാണ് അഞ്ച് നിലകളിലായി സമുച്ചയം നിർമിക്കുന്നത്. ആദ്യം ആറുമാസത്തിനുള്ളിൽ നിർമാണം പൂർത്തീയാക്കുമെന്നു കരുതിയാണ് നിലവിലുള്ള കോടതി കെട്ടിടം പൊളിച്ചത്. അപ്പോഴാണ് സുപ്രീം കോടതിയുടെ പുതിയ നിർദേശം വന്നത്.
പുതിയ പ്ലാൻ തയാറാക്കിയപ്പോൾ ദേശീയപത ആറുവരിയാക്കുന്പോൾ കോടതിയുടെ സ്ഥലവും ഉൾപ്പെടുമോ എന്ന ആശങ്കയുണ്ടായിരുന്നു. എന്നാൽ ജില്ലാ ഭരണകൂടം ദേശീയപാത വികസനം കോടതി സമുച്ചയ നിർമാണത്തെ ബാധിക്കുകയില്ലെന്ന് ഉറപ്പ് നൽകിയതോടെയാണ് കെട്ടിട നിർമാണം ആരംഭിക്കാൻ നടപടികൾ ആരംഭിച്ചത്. ഇപ്പോൾ മുനിസിപ്പൽ ലൈബ്രററി കെട്ടിടത്തിലാണ് മജിസ്ട്രേറ്റ് കോടതിയും മുനിസിഫ് കോടതിയും പ്രവർത്തിക്കുന്നത്.
താഴത്തെനിലയിൽ മജിസ്ട്രേറ്റ് കോടതിയും മുകൾനിലയിൽ മുനിസിഫ് കോടതിയുമാണ് പ്രവർത്തിക്കുന്നത്. എംഎസിടി കോടതിയുടെയും കുടുംബ കോടതിയുടെയും സിറ്റിംഗ് പിഡബ്ല്യുഡി റസ്റ്റ് ഹൗസിലാണ് നടത്തുന്നത്. ഇപ്പോൾ കോടതിയിലെത്തുന്നവർക്ക് അസൗകര്യങ്ങൾമൂലം വലിയ ബുദ്ധിമുട്ടാണ് അനുഭവപ്പെടുന്നത്.
നഗരസഭ ലൈബ്രറിക്കുവേണ്ടി നിർമിച്ച കെട്ടിടമാണ് ചാലക്കുടിയിൽ മുനിസിഫ് കോടതി അനുവദിച്ചപ്പോൾ സ്ഥലമില്ലാത്തതിനാൽ ലൈബ്രറി കെട്ടിടത്തിൽ പ്രവർത്തിക്കാൻ നഗരസഭ സൗകര്യമൊരുക്കിയതായിരുന്നു.