ചാലക്കുടി: ചാലക്കുടിയിലെങ്ങും വിലാപം മാത്രം. വെള്ളം വീട്ടിലേക്ക് കയറിയപ്പോൾ ഉടുതുണിയാലെ രക്ഷപ്പെട്ടവർ വെള്ളം ഇറങ്ങിയതറിഞ്ഞ് തിരിച്ചുവന്നപ്പോൾ ഹൃദയം നുറുങ്ങുന്ന കാഴ്ചയായിരുന്നു. ടൗണിൽ മനം ഉരുക്കുന്ന കാഴ്ചയാണ്. വ്യാപാരസ്ഥാപനങ്ങളിലെ സാധനങ്ങളെല്ലാം വെള്ളം കയറി നശിച്ചു. ഇന്നലെ കടകൾ തുറന്ന വ്യാപാരികൾ കടയുടെ ഉള്ളിൽ വെള്ളംകയറി നശിച്ച സാധനങ്ങൾ പുറത്തേക്ക് മാറ്റുകയായിരുന്നു.
ഓരോ കടകളുടെ മുന്നിലും മല്ലിയും മുളകും തുടങ്ങിയ പലവഞ്ജനങ്ങളും സ്റ്റേഷനറി സാധനങ്ങളും തുണികളും മറ്റും വലിച്ചുവാരിയിട്ടിരിക്കയാണ്. ടിവി, ഫ്രിഡ്ജ് കടകളിലെ ലക്ഷക്കണക്കിനുരൂപയുടെ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ കടകളിൽനിന്നും മാറ്റി. തുണിക്കട കളിലെ വിലപിടിപ്പുള്ള സാരി കളും മറ്റുവസ്ത്രങ്ങളും നശിച്ചു പോയിട്ടുണ്ട്.
വ്യാപാര സ്ഥാപന ങ്ങളിൽ മാത്രം 300 കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്. വീടും ഞങ്ങളുടെ എല്ലാമായ സന്പാദ്യങ്ങളെല്ലാം തകർന്ന് കിടക്കുന്ന കാഴ്ചകണ്ട് പലരും അലമുറയിട്ട് കരഞ്ഞു. സ്വന്തം വീട്ടിലേക്ക് തിരിച്ചുവന്നെങ്കിലും ചെളിയും മാലിന്യങ്ങളും നിറഞ്ഞുകിടക്കുന്ന വീടുകളിലേക്ക് കയറാൻപോലും കഴിയാതെ കണ്ണീരോടെ മടങ്ങുകയായിരുന്നു. വീട്ടുപകരണങ്ങളും ടിവിയും ഫ്രിഡ്ജും അലക്ക് മെഷീനും ഫർണിച്ചറുകളും വസ്ത്രങ്ങളുമെല്ലാം നശിച്ചുപോയി. ഉടുതുണിക്ക് മറുതുണിയില്ലാത്ത അവസ്ഥയാണ്.
ചാലക്കുടിയിലും പരിസരപ്രദേശങ്ങളിലെല്ലാം ജനങ്ങൾ ഇനിയെന്ത് ചെയ്യണമെന്നറിയാതെ വിലപിക്കുകയാണ്. പലരും ബന്ധുവീടുകളിലേക്കും ദുരിതാശ്വാസ ക്യാന്പുകളിലേക്കും മടങ്ങിപ്പോയി. സർക്കാരിന്റെ സഹായം കിട്ടുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ വീടുകളിലേക്ക് മടങ്ങി വീട് വൃത്തിയാക്കിയെടുക്കാൻ യാതൊരു മാർഗവുമില്ല.
വീടിനുള്ളിലെ ചെളിമാറ്റാൻതന്നെ നല്ല ചെലവ് വരും. വെള്ളവും കിട്ടാനില്ല. നഗരസഭയോ, സർക്കാരോ സഹായിക്കുമെന്ന് പ്രതീക്ഷിച്ച് പലരും അധികൃതരെ സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലം. വീടുകൾ വൃത്തിയാക്കാൻ പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ ബ്ലീച്ചിംഗ് പൗഡർ മാത്രമാണ് നൽകിയത്. വീട്ടിലേക്ക് മടങ്ങിയാലും ഭക്ഷണവും മറ്റും ലഭിക്കാൻ വഴിയില്ലാത്തതിനാൽ ഭൂരിഭാഗം പേരും നാട്ടിൽവന്ന് മടങ്ങിപോകുകയായിരുന്നു.