ചാലക്കുടി: ഭരണമുന്നണിയിലെ കസേരതർക്കം മറച്ചുവയ്ക്കാൻ കൗണ്‍സിലിനെ തെറ്റിദ്ധരിപ്പിച്ച് കഴിഞ്ഞ കൗണ്‍സിൽ യോഗം മാറ്റിവച്ചതിൽ പ്രതിപക്ഷം കസേര ഒഴിവാക്കി നിലത്തിരുന്നു പ്രതിഷേധിച്ചു. ഭരണമുന്നണിയുടെ അഭിപ്രായ ഭിന്നതമൂലം ഇടതുമുന്നണി ഭരണത്തെ പിന്തുണയ്ക്കുന്ന സ്വതന്ത്രന്മാരായ വൈസ് ചെയർമാൻ വിത്സൻ പാണാട്ടുപറന്പിലും പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ യു.വി. മാർട്ടിനും കൗണ്‍സിൽ യോഗത്തിൽ പങ്കെടുത്തില്ല.
കൗണ്‍സിൽ യോഗം നടക്കുന്പോൾ ഇരുവരും തങ്ങളുടെ ക്യാബിനിൽതന്നെ ഇരുന്നു പ്രതിഷേധിച്ചു. കൗണ്‍സിൽ യോഗം ആരംഭിച്ചപ്പോൾതന്നെ പ്രതിപക്ഷ നേതാവ് വി.ഒ. പൈലപ്പൻ കഴിഞ്ഞ 17-ന് നടത്താനിരുന്ന കൗണ്‍സിൽ മാറ്റിവച്ചതിന്റെ കാരണം ചോദിച്ചു. ജില്ലാകളക്ടർ വിളിച്ച യോഗത്തിൽ പങ്കെടുക്കാൻ പോകേണ്ടിവന്നതാണെന്ന് ചെയർപേഴ്സൻ വിശദീകരിച്ചു.
എന്നാൽ കൗണ്‍സിൽ മാറ്റിവച്ചപ്പോൾതന്നെ കളക്ടറുമായി ഫോണിൽ ബന്ധപ്പെട്ടപ്പോൾ ചെയർപേഴ്സണ്‍ പറഞ്ഞത് കളവാണെന്ന് വ്യക്തമായതായി പൈലപ്പൻ പറഞ്ഞു. എന്നാൽ ചെയർപേഴ്സണ്‍ നിലപാടിൽ തന്നെ ഉറച്ചുനിന്നതോടെ പ്രതിപക്ഷാംഗങ്ങളായ കെ.വി. പോൾ, ഷിബു വാലപ്പൻ, ബിജു ചിറയത്ത് എന്നിവർ ചെയർപേഴ്സന്റെ മറുപടി വ്യാജമാണെന്ന് ആരോപിച്ചു.
ഭരണകക്ഷി ലീഡർ പി.എം. ശ്രീധരൻ ചെയർപേഴ്സനെ പിന്തുണച്ചു. ഭരണകക്ഷിയിലെ മറ്റ് അംഗങ്ങൾ മൗനം പാലിച്ചു. ഇതോടെ പ്രതിപക്ഷ അംഗങ്ങൾ ഇരുന്ന കസേരയിൽനിന്നും നിലത്തേക്ക് ഇറങ്ങിയാണ് കൗണ്‍സിൽ യോഗത്തിൽ പങ്കെടുത്തത്. സൗത്ത് ജംഗ്ഷനിൽ കംഫർട്ട് സ്റ്റേഷൻ പൂട്ടികിടക്കുകയാണെന്നും സ്വച്ഛ് ഭാരത് പദ്ധതിയനുസരിച്ച് കക്കൂസ് നിർമിച്ചവർക്ക് പണം ലഭിച്ചിട്ടില്ലെന്നും ഷിബു വാലപ്പൻ ചൂണ്ടിക്കാട്ടി.
നഗരസഭ പ്രദേശത്ത് തെരുവുനായ്ക്കളുടെ ശല്യം വർധിച്ചതിനെതിരെ നടപടിയെടുക്കണമെന്ന് ഭരണപ്രതിപക്ഷ അംഗങ്ങൾ ആവശ്യപ്പെട്ടു. ഗവ. ആശുപത്രി റോഡിലെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ഗീത ടീച്ചർ, ജിയോ കിഴക്കുംതല എന്നിവർ ആവശ്യപ്പെട്ടു. വീതി കൂടിയഭാഗം പൈപ്പ് ലൈൻ മാറ്റി സ്ഥാപിച്ചതിനെത്തുടർന്ന് തകർന്നത് പൂർവ സ്ഥിതിയിലാക്കുന്നതിന് 3,44,000 രൂപ അനുവദിച്ചു.
മാർക്കറ്റിൽ വെള്ളമില്ലാത്തതുമൂലം അഴുക്കുജലമാണ് മത്സ്യ-മാംസ മാർക്കറ്റിലും അറവുശാലയിലും ഉപയോഗിക്കുന്നതെന്ന് കെ.വി. പോൾ ചൂണ്ടിക്കാട്ടി. കേടുവന്ന മോട്ടോർ ഉടനെ അറ്റകുറ്റപ്പണി നടത്തി പന്പിംഗ് നടത്തണമെന്നും ആവശ്യപ്പെട്ടു. തെരുവുവിളക്കുകൾ കത്തിക്കാനുള്ള സാധന സാമഗ്രികൾ വാങ്ങിക്കാത്തതിൽ ഭരണകക്ഷിയംഗം ജീജൻ മത്തായി ഉൾപ്പെടെ പ്രതിഷേധിച്ചു.
കോടതി ജംഗ്ഷനിൽ അടിപ്പാത നിർമാണത്തിലുണ്ടായ അപാകതമൂലം ദേശീയപാത തകർന്ന സംഭവത്തിൽ വി.ജെ. ജോജി അവതരിപ്പിച്ച പ്രതിഷേധ പ്രമേയം കൗണ്‍സിൽ അംഗീകരിച്ചു. കെ.എം. ഹരിനാരായണൻ, വി.സി. ഗണേശൻ, വർഗീസ് വാറോക്കി, മേരി നളൻ, എം.പി. ഭാസ്കരൻ, വി.ജെ. ജോജു തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. എന്നാൽ, സിപിഎം അംഗമായ സുലേഖ ശങ്കരനെ സീറ്റുമാറ്റിയിരുത്തി സീമ ജോജോ യ്ക്കും ബിന്ദു ശശികുമാറിനും സീറ്റുനൽകി യാണ് സിപിഎം സീറ്റുതർക്കം പരിഹരിച്ച ത്.