ചാലക്കുടി: നഗരസഭ ഭരണകക്ഷിയുമായി ഇടഞ്ഞുനിൽക്കുന്ന സ്വതന്ത്രൻമാരെ അനുനയിപ്പിക്കാൻ സിപിഎം ജില്ലാ നേതൃത്വം രംഗത്തിറങ്ങി. സ്വതന്ത്രൻമാരായ വൈസ് ചെയർമാൻ വിൽസണ്‍ പാണാട്ടുപറന്പിൽ, പിഡബ്ല്യുഡി സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ യു.വി. മാർട്ടിൻ എന്നിവരുമായി സിപിഎം ജില്ലാ സെക്രട്ടറി എം.എം. വർഗീസ്, സെക്രട്ടേറിയറ്റ് മെന്പർ യു.പി. ജോസഫ്, ബി.ഡി. ദേവസി എംഎൽഎ എന്നിവരാണ് ചർച്ച നടത്തിയത്.
ഭരണമുന്നണിയുമായി ഇടഞ്ഞ രണ്ട് സ്വതന്ത്രൻമാർ മുന്നണിയിൽനിന്നും വിട്ടുനിൽക്കുകയാണ്. ഒരുവർഷമായി ഫ്രീസറിൽ വച്ചിരിക്കുന്ന മാസ്റ്റർ പ്ലാൻ കൗണ്‍സിൽ ചർച്ച ചെയ്ത് നടപ്പിലാക്കാതെ ഭരണമുന്നണിയിലെ ചില നേതാക്കൾ പണപിരിവ് നടത്തുകയാണെന്ന് സ്വതന്ത്രൻമാർ ആരോപിച്ചു. മാസ്റ്റർ പ്ലാൻ ഈ മാസംതന്നെ അവതരിപ്പിക്കാൻ നടപടി സ്വീകരിക്കാമെന്ന് നേതാക്കൾ ഉറപ്പു നൽകി.
നഗരസഭ ഭരണനേതൃത്വം പരാജയമാണെന്നും പ്രശ്നങ്ങളിൽ ബോധപൂർവമായ വീഴ്ച വരുത്തുകയാണെന്നും ജില്ലാ നേതൃത്വത്തെ സ്വതന്ത്രൻമാർ അറിയിച്ചു. സിപിഎമ്മിന്റെ ഒരു ജില്ലാ കമ്മിറ്റിയംഗം സ്വതന്ത്രൻമാർക്കെതിരെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ നിരന്തരമായി പ്രചരണം നടത്തുന്നതിലുള്ള പ്രതിഷേധവും ഇവർ അറിയിച്ചു.
ഭരണത്തിനെതിരെ സമരം ചെയ്യുന്നവർക്ക് പരസ്യമായി പിന്തുണ പ്രഖ്യാപിച്ച സിപിഐ കൗണ്‍സിലർമാർക്ക് സിപിഎം നേതൃത്വത്തിന്റെ ഒരുവിഭാഗത്തിന്റെ പ്രോത്സാഹനമുണ്ടെന്നും ഇവർ ആരോപിച്ചു. പ്രശ്നങ്ങൾ സിപിഎമ്മിൽ ചർച്ച ചെയ്ത് പരിഹരിക്കാമെന്ന് നേതാക്കൾ വോട്ടർമാർക്ക് ഉറപ്പ് നൽകി. ഇതിനെത്തുടർന്ന് പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ സിപിഎം സെൻട്രൽ കമ്മിറ്റിയും ഏരിയാ കമ്മിറ്റിയും വിളിച്ചുകൂട്ടിയിട്ടുണ്ട്.