സെബി മാളിയേക്കൽ
തൃശൂർ: ഒരു കാലത്ത് സമൃദ്ധമായി നിറഞ്ഞൊഴുകിയിരുന്ന ചാലക്കുടിപ്പുഴ ഇന്ന് ആകെ മെലിഞ്ഞു. ആനമലയിലെ ഒരുകൊന്പൻകുത്തിൽനിന്ന് ഉത്ഭവിച്ച് അഴീക്കോടുവച്ച് അറബിക്കടലിൽ ലയിക്കുന്ന പുഴയ്ക്ക് 144 കിലോമീറ്റർ നീളമുണ്ട്. 1950കളിൽ കടുത്ത വേനലിൽപോലും പുഴയിലെ ശരാശരി സ്വാഭാവിക നീരൊഴുക്ക് സെക്കൻഡിൽ 603 ഘനയടിയായിരുന്നു. 1958ലാണ് പെരിങ്ങൽകുത്ത് ഡാം വന്നത്.
തുടർന്ന് അറുപതുകളുടെ അവസാനത്തോടെ ആറു ഡാമുകളായി (പെരിങ്ങൽകുത്ത്, പറന്പിക്കുളം, തെരുവാരിപ്പള്ളം, തൂണക്കടവ്, അപ്പർ ഷോളയാർ, ലോവർ ഷോളയാർ). ഇതോടെ സ്വാഭാവിക നീരൊഴുക്ക് ഇല്ലാതായി. ഈ വർഷം ഷോളയാർ ഡാമിൽനിന്നും വെള്ളം വിടുന്നതനുസരിച്ച് സെക്കൻഡിൽ 400 ഘനയടിവെള്ളമാണ് ചാലക്കുടിപ്പുഴയിലൂടെ ഒഴുകുന്നത്.
1970 -ൽ പറന്പിക്കുളം – ആളിയാർ കരാർ വന്നു. 1980കളുടെ ആരംഭത്തോടെയാണ് കാടിന്റെ നാശം ആരംഭിച്ചതും കാട്ടുചോലകൾ വറ്റാൻ തുടങ്ങിയതുമെന്ന് ചാലക്കുടി പുഴ സംരക്ഷണ സമിതി സെക്രട്ടറി എസ്.പി. രവി പറയുന്നു. ഇപ്പോൾ 64 ചതുരശ്ര കിലോമീറ്റർ മാത്രം വൃഷ്ടിപ്രദേശമുള്ള കേരള ഷോളയാറിന്റെ (ലോവർ ഷോളയാർ) നിബിഡവനം നിൽക്കുന്ന പ്രദേശത്തു മാത്രമേ വേനൽക്കാലത്ത് നീരൊഴുക്കുള്ളൂ.
ഫെബ്രുവരി- ഏപ്രിൽ മാസങ്ങളിൽപോലും ഇവിടെ അഞ്ചു ദശലക്ഷം ഘനമീറ്റർ വെള്ളം ഓരോ മാസവും ഒഴുകിയെത്തുന്നുണ്ട്. 526 ചതുരശ്ര കിലോമീറ്റർ വൃഷ്ടിപ്രദേശമുള്ള പെരിങ്ങൽകുത്തിൽ വേനൽക്കാലത്ത് ഒഴുകുന്ന കാട്ടുചോലകളില്ല. വനാവരണം നഷ്ടപ്പെട്ടതോടെയാണ് സ്വാഭാവിക നീരൊഴുക്ക് ഇല്ലാതായത്. കോണ്ക്രീറ്റ് ബണ്ടുകൾ, തടയണകൾ എന്നിവ ഒഴുക്കിനെ തടസപ്പെടുത്തുക മാത്രമല്ല വെള്ളത്തിന്റെ ഗുണമേന്മയും കുറച്ചു. വിവിധയിനം മാലിന്യങ്ങൾ, രാസവളങ്ങൾ, കീടനാശിനികൾ എന്നിവ പുഴയിൽ വന്നടിഞ്ഞു. മണ്ണൊലിപ്പും കാലാവസ്ഥാ വ്യതിയാനവുംമൂലം ചാലക്കുടിപ്പുഴ വല്ലാതെ മെലിഞ്ഞു.
ജൈവവൈവിധ്യത്തിന്റെ ഈറ്റില്ലമായിരുന്നു ഒരുകാല ത്ത് ഈ പുഴ. 104 തരം മത്സ്യങ്ങളുടെ ആവാസ കേന്ദ്രമായിരുന്നു ഇവിടം. ഓക്സിജന്റെ അളവ് കുറഞ്ഞതോടെ പല മത്സ്യങ്ങളും അന്യംനിന്നു. തണ്ണീർത്തടങ്ങൾ നികത്തപ്പെട്ടതും കീടനാശിനികളിലൂടെയുള്ള മലിനീകരണവും പ്ലാസ്റ്റിക്കിന്റെ ഉപയോഗവും മണൽവാരലുമെല്ലാം പുഴയെ വല്ലാതെ ശോഷിപ്പിച്ചുവെന്നു സ്കൂൾ ഫോ ർ റിവറിന്റെ കോ-ഓർഡിനേറ്റർ സബ്ന പറയുന്നു.
പുഴയെ പുനരുജ്ജീവിപ്പിക്കാനുള്ള നിർദേശങ്ങളാണ് റിവർ പ്രൊട്ടക്്ഷൻ ഫോറവും പുഴ സം രക്ഷണസമിതിയും മുന്നോട്ടുവയ്ക്കുന്നത്. ഉയർന്ന വൃഷ്ടിപ്രദേശങ്ങളിലെ പരിസ്ഥിതി പുനഃസ്ഥാപനം, മലിനീകരണ നിയന്ത്രണം, ജല മാനേജ്മെന്റ് മെച്ചപ്പെടുത്തൽ, മണലെടുപ്പു നിരോധനം, പുഴതീരത്തിന്റെ ജൈവസംരക്ഷണം, പുഴ കൈയേറ്റങ്ങൾ ഒഴിപ്പിക്കൽ തുടങ്ങിയവ പ്രാവർത്തികമാക്കിയാൽ ചാലക്കുടിപ്പുഴയുടെ പ്രൗഢി വീണ്ടെടുക്കാനാകുമെന്ന് ഇവർ പറയുന്നു. അതിരപ്പിള്ളി, വാഴച്ചാൽ ടൂറിസം കേന്ദ്രങ്ങളിലെ വഹനശേഷിക്കനുസരിച്ചു നിയന്ത്രണമേർപ്പെടുത്തുക, ഫാക്ടറി മാലിന്യം പുറന്തള്ളുന്നതിൽ “സീറോ ഡിസ്ചാർജ്’ നിർബന്ധമാക്കുക, മണൽ ചാക്കുകളും ചെങ്കല്ലുകളും ഉപയോഗിച്ചുമാത്രം താത്കാലിക തടയണകൾ നിർമിക്കുക എന്നിവയും പുഴയുടെ പുനരുജ്ജീവനത്തിന് അനിവാര്യമാണ്.
പുഴയിൽ ഗുരുതര മലിനീകരണം; ഗവേഷണ റിപ്പോർട്ട് സർക്കാരിനു സമർപ്പിച്ചു
തൃശൂർ: സംസ്ഥാന കാലാവസ്ഥാ-പരിസ്ഥിതി വകുപ്പിന്റെ ധനസഹായത്തോടെ ക്രൈസ്റ്റ് കോളജ് ഭൗമ പരിസ്ഥിതി വകുപ്പ് നടത്തിയ ചാലക്കുടിപ്പുഴ ഗവേഷണ പഠന റിപ്പോർട്ട് ഇന്നലെ സർക്കാരിനു സമർപ്പിച്ചു. മുൻ മേധാവി ഡോ. എസ്. ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം തയാറാക്കിയ റിപ്പോർട്ടിൽ ആശങ്കപ്പെടുത്തുന്ന വിവരങ്ങളാണുള്ളത്.
ഉപരിതല ജലത്തിന്റെ ഗുണനിലവാരത്തെക്കുറിച്ചുള്ള പഠനത്തിൽ ചാലക്കുടി ചൗക്കക്കടവിലെ ഫെബ്രുവരി മാർച്ച്, ഏപ്രിൽ മാസങ്ങളിലെ വെള്ളം ജലസേചനത്തിനുപോലും ഉപയോഗിക്കാൻ പറ്റാത്ത രീതിയിൽ ക്ലോറൈഡിന്റെ അംശം ഉയർന്നതാണെന്നു വ്യക്തമാക്കുന്നു. ചൗക്കക്കടവ്, വെറ്റിലപ്പാറ പ്രദേശത്തെ പുഴവെള്ളത്തിൽ മഴക്കാലത്ത് കോളിഫോം ബാക്ടീരിയ ക്രമാതീതമായി വർധിക്കുന്നു.
വെറ്റിലപ്പാറ, വേളൂക്കര, മണക്കടവ്, ഈശാനിമറ്റം, ആറാട്ടുകടവ് എന്നീ പ്രദേശത്ത് പുഴവെള്ളത്തിൽ ഫോസ്ഫേറ്റ്, നൈട്രേറ്റ്, സൽഫേറ്റ് എന്നിവയുടെ അംശം മഴക്കാലത്ത് വർധിക്കുന്നു. മഴക്കാലത്ത് കൃഷിയിടങ്ങളിൽ നിന്നും ഒഴുകി എത്തുന്നതായിരിക്കാം ഇവയെന്നാണു നിഗമനം.
ഭൂഗർഭ ജലത്തിന്റെ പഠനത്തിലാകട്ടെ ചാലക്കുടിപ്പുഴയുടെ ഓരത്തുള്ള കിണറുകളിലെ ജലത്തിന്റെ ഗുണനിലവാരം വേനൽക്കാലത്ത് കുറയുന്നതായി നിരീക്ഷിക്കുന്നുണ്ട്. ഇളന്തിക്കര, ആലമറ്റം, കണക്കൻകടവ് എന്നീ സ്ഥലങ്ങളിലെ പുഴയോരത്തെ കിണറ്റിലെ ജലം ജലസേചനത്തിനുപോലും ഉപയോഗിക്കാൻ പറ്റാത്ത രീതിയിൽ ഗുണം നഷ്ടപ്പെടുന്നതായും കണ്ടെത്തലുണ്ട്.
സെൻട്രൽ വാട്ടർ കമ്മീഷന്റെ ആറങ്കാലി ഗേജിംഗ് സ്റ്റേഷനിൽ 1990 മുതൽ 2014 വരെ ലഭ്യമായ ഡേറ്റ പരിശോധിച്ചപ്പോൾ പുഴയുടെ ആഴം കടൽ നിരപ്പിനേക്കാൾ 1.8 മീറ്റർ താഴെ എത്തിച്ചേർന്നതായി കാണാമെന്നും, മണലെടുപ്പ് വ്യാപകമായി തുടരുന്നുവെന്നാണ് ഇതു വ്യക്തമാക്കുന്നതെന്നും റിപ്പോർട്ട് പറയുന്നു.
പുഴയുടെ ജലസംഭരണശേഷി നഷ്ടപ്പെട്ടതാണു സമീപപ്രദേശങ്ങളിൽ ഭൂഗർഭജലം പോലും താഴാൻ കാരണം. നദിയിൽ ചെക്കുഡാമുകൾ പണിയാൻ അനുയോജ്യമായ അഞ്ച് ഉപനീർത്തടങ്ങൾ ഉണ്ടെന്നും റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. ആരിഷ് അസ്ലാം, ജാസ്മിൻ ജോയി എന്നീ ഗവേഷകരുൾപ്പെട്ട സംഘം 2011 ൽ ആരംഭിച്ച ഗവേഷണത്തിന്റെ റിപ്പോർട്ടാണ് ഇന്നലെ സർക്കാരിനു സമർപ്പിച്ചത്.