ചാലക്കുടി: ചക്കര ജോണിയും കൊല്ലപ്പെട്ട രാജീവും തമ്മിൽ നിരോധിച്ച നോട്ട് മാറ്റിയെടുക്കുന്നതുമായി ബന്ധപ്പെട്ട് 20 കോടിയുടെ ഇടപാട് നടന്നതായി സൂചന. നോട്ടുകൾ നിരോധിച്ച സമയത്ത് ആയിരത്തിന്റെയും അഞ്ഞൂറിന്റെതുമായി കണക്കിൽ പെടാത്ത 20 കോടി രൂപ ചക്കര ജോണിയുടെ കയ്യിലുണ്ടായിരുന്നുവെന്നും ഇത് താൻ മാറ്റിത്തരാമെന്ന് പറഞ്ഞ് രാജീവ് വാങ്ങിച്ചുവെന്നും എന്നാൽ ഇത് തിരികെ നൽകാൻ രാജീവ് കൂട്ടാക്കാതിരുന്നത് ഇവരെ തമ്മിൽ തെറ്റിച്ചുവെന്നും പറയപ്പെടുന്നു.
20 കോടി രൂപ ജോണിയെ സംബന്ധിച്ച് ചെറിയ തുകയായിരുന്നുവെങ്കിലും രാജീവിൽ നിന്നും പണം തിരിച്ചുപിടിക്കാൻ ജോണി ശ്രമിച്ചിരുന്നുവത്രെ. ഇവർ തമ്മിലുള്ള തർക്കം രൂക്ഷമായപ്പോൾ സർവീസിലുള്ള ഉന്നത പോലീസ് ഉദ്യോസ്ഥരും രാഷ്ട്രീയനേതാക്കളും ഇടപെട്ടിരുന്നുവെങ്കിലും ഫലമുണ്ടായില്ല. ഇതുമായി ബന്ധപ്പെട്ട തർക്കം ഒത്തുതീർപ്പായിരുന്നില്ല. ഈ പണം തിരിച്ചുകിട്ടാൻ ജോണി പല തവണ ശ്രമിച്ചെങ്കിലും രാജീവിൽ നിന്നും ഇത് കിട്ടിയിരുന്നില്ലത്രെ.
ചുമട്ടുതൊഴിലാളിയിൽ നിന്ന് ശതകോടീശ്വരനിലേക്ക് ചക്കര ജോണി
ചാലക്കുടി: സാധാരണക്കാരനായ ചുമട്ടുതൊഴിലാളിയിൽ നിന്ന് ശതകോടീശ്വരനായി ചക്കര ജോണി മാറിയത് വളരെ പെട്ടെന്ന്. വസ്തുബ്രോക്കറായി മാറിയതിന് ശേഷം ജോണിയുടെ വളർച്ച ആരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. ചക്കര ജോണിയുടെ സാന്പത്തിക ഇടപാടുകൾ പോലീസ് അന്വേഷിക്കുന്നുണ്ട്. കൊല്ലപ്പെട്ട രാജീവിന്റെ സാന്പത്തിക സ്ഥിതിയും പോലീസ് പരിശോധിക്കും. ഏഴ് ആഡംബര കാറുകളാണ് രാജീവിനുണ്ടായിരുന്നത്. രാജീവിന്റെ മറ്റു ശത്രുക്കളെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്.