ചാലക്കുടി: താലൂക്ക് ആശുപത്രി കാഷ്വാലിറ്റിയിൽ രോഗികളുടെ തിരക്ക്. മുഴുവൻ രോഗികളേയും പരിശോധിക്കാതെ ഡ്യൂട്ടി ഡോക്ടർ ഇറങ്ങിപ്പോയതിനെ തുടർന്ന് ആശുപത്രിയിൽ സംഘർഷം. പോലീസെത്തിയാണ് സംഘർഷം ഒഴിവാക്കിയത്. ഇന്നലെ രാത്രിയാണ് ആശുപത്രിയിൽ സംഘർഷമുണ്ടായത്. ഞായറാഴ്ച ദിവസങ്ങളിൽ ആശുപത്രിയിൽ ഒ.പി.വിഭാഗം മുടക്കമായതിനാൽ പനിബാധിതരടക്കം നിരവധി രോഗികൾ കാഷ്വാലിറ്റിയിൽ ഡ്യൂട്ടിയിലുള്ള ഡോക്ടറെ കാണാനെത്തി. കാഷ്വാലിറ്റിയിൽ ഒരു ഡോക്ടർ മാത്രമാണുള്ളത്.
അപകടം പറ്റിയവർക്കും അടിയന്തര ചികിത്സ നൽകേണ്ടവർക്കും വേണ്ടിയുള്ള കാഷ്വാലിറ്റിയിൽ ഡോക്ടറെ കാണാനുള്ള രോഗികളുടെ നീണ്ടനിരയായിരുന്നു. രാത്രി എട്ടുമണിയായപ്പോൾ ഡ്യൂട്ടി ഡോക്ടർ സ്ഥലം വിട്ടു. എന്നാൽ പകരം ഡോക്ടർ എത്തിയതുമില്ല. ഇതേതുടർന്ന് ആശുപത്രിയിൽ രോഗികളും ബന്ധുക്കളും ബഹളംവച്ചു. ഉച്ചകഴിഞ്ഞ് മൂന്നുമണി മുതൽ ഡോക്ടറെ കാണാൻ ക്യൂനിൽക്കുന്നവർ ഇവരിലുണ്ടായിരുന്നു.
ആശുപത്രി സൂപ്രണ്ടിനെ വിവരം അറിയിച്ചതിനെ തുടർന്ന് സൂപ്രണ്ട് ഗൈനോക്കളജിസ്റ്റിനെയാണ് രോഗികളെ പരിശോധിക്കാൻ നിയോഗിച്ചത്. എന്നാൽ ഗൈനക്കോളജിസ്റ്റ് ഇതിനു തയാറായില്ല. ഡോക്ടർമാർ തമ്മിലുള്ള ശീതസമരത്തെ തുടർന്നാണ് ഗൈനക്കോളജിസ്റ്റിനെ കാഷ്വാലിറ്റിയിലേക്ക് സൂപ്രണ്ട് നിയോഗിച്ചതെന്നു പറയുന്നു. ഏറെ നേരം കാത്തുനിന്നിട്ടും ഡോക്ടർമാർ എത്താത്തതിനാൽ ആശുപത്രിയിൽ സംഘർഷാവസ്ഥയുണ്ടായി.
ഇതിനെ തുടർന്നാണ് പോലീസെത്തി രോഗികളെ ശാന്തരാക്കിയത്. സൂപ്രണ്ടുമായി സംസാരിച്ച് പകരം ഡോക്ടറെത്തി രോഗികളെ പരിശോധിച്ചു തുടങ്ങിയതോടെയാണ് സംഘർഷം അവസാനിച്ചത്.കാഷ്വാലിറ്റിയിൽ ഒപി യുടെ സമയം കഴിഞ്ഞാൽ എല്ലാദിവസവും രോഗികളുടെ വൻതിരക്കാണ്. എന്നാൽ, ഇവിടെ ഡ്യൂട്ടി ഡോക്ടർ മാത്രമേ ഉണ്ടാകാറുള്ളൂ. കൂടുതൽ ഡോക്ടർമാരെ നിയോഗിക്കണമെന്നു ആവശ്യപ്പെട്ടിട്ടും അധികൃതർ ഇതിനു തയാറാകുന്നില്ല.