ചാലക്കുടി: പുഴ കരകവിഞ്ഞൊഴുകി ജനവാസ കേന്ദ്രങ്ങളിലേക്ക് ഒഴുകിയെത്തി. ഇതിനെ തുടർന്ന് നിരവധി വീടുകൾ വെള്ളത്തിനടിയിലായി. പുഴയോരത്തുള്ള ആളുകൾ വീടുകളിൽ നിന്നും സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഒഴിഞ്ഞുപോകുകയാണ്. വെട്ടുകടവ് പ്രദേശത്ത് നിരവധി വീടുകൾ വെള്ളത്തിനടിയിലായി.
ഇന്നലെ രാത്രി മുതൽ ചാലക്കുടി പുഴ കരകവിഞ്ഞൊഴുകി വെട്ടുകടവ് പ്രദേശത്തേക്കെത്തിയത്. ഇതിനെ തുടർന്ന് ആളുകൾ രാത്രിയോടെ തന്നെ വീടുകളിൽ നിന്ന് ഒഴിഞ്ഞുപോയി. വെട്ടുകടവ് പാലത്തിനടയിൽ കഴിഞ്ഞവർഷമുണ്ടായ പ്രളയത്തിൽ വന്നടിഞ്ഞ മരങ്ങൾ തടസം സൃഷ്ടിച്ചിരിക്കുകയാണ്.
പുഴയിൽ വെള്ളം ഉയർന്നതോടെ മരക്കൂട്ടങ്ങൾ പാലത്തിനടയിൽ പൊന്തിവന്നതിനാൽ ഒഴുക്ക് തടസപ്പെട്ടിരിക്കുകയാണ്. ചാലക്കുടി സിഐ ജെ. മാത്യു, ഫയർഫോഴ്സ് എന്നിവരുടെ നേതൃത്വത്തിൽ ജെസിബി ഉപയോഗിച്ച് മരങ്ങൾ മാറ്റാൻ ശ്രമിച്ചെങ്കിലും വിഫലമായി. വെട്ടുകടവ് ഭാഗത്ത് വെള്ളമുയർന്നത് കാണാൻ വൻ ജനത്തിരക്കാണ്. ഇനിയും വെള്ളം പുഴയിൽ ഉയരുമെന്ന ഭീതിയിലാണ് ജനങ്ങൾ.
ചാലക്കുടി കൂടപ്പുഴ ഭാഗത്തും, അതിരപ്പിള്ളി റോഡിലും വെള്ളം കയറിയിട്ടുണ്ട്. ഇവിടെ പ്രവർത്തിക്കുന്ന വർക്ക്ഷോപ്പ് മുങ്ങിപ്പോയി. ചാലക്കുടി ആശുപത്രി കടവ് കരകവിഞ്ഞ് ഒഴുകി ആശുപത്രി ജംഗ്ഷൻ വരെ എത്തി. മേലൂർ റോഡ്, വെള്ളാഞ്ചിറ റോഡ് എന്നിവ വെള്ളത്തിനടിയിലാണ്.
പലറോഡുകളിലും വെള്ളം ഉയർന്നതിനെ തുടർന്ന് ബസ് സർവീസ് നിർത്തിവച്ചിരിക്കുകയാണ്. ഇന്നലെ രാത്രിമുതൽ ശക്തമായ മഴ തുടരുകയാണ്. പെരിങ്ങൽകുത്തിൽ നിന്ന് 92 അടി വെള്ളമാണ് ഒഴുകുന്നത്. കഴിഞ്ഞ വർഷം ഇത് 150 അടിയായിരുന്നു. തൂണകടവ് ഡാമിൽ നിന്നും പെരിങ്ങൾകുത്തിലേക്ക് വെള്ളം തുറന്നുവിട്ടതിനാൽ ഉച്ചകഴിഞ്ഞ് ചാലക്കുടി പുഴയിൽ ജലവിതാനം ഉയരുന്നതോടെ ജലവാസ കേന്ദ്രങ്ങളിലേക്ക് വെള്ളം കയറാൻ സാധ്യതയുണ്ട്.
അതിരപ്പിള്ളി മേഖലയിൽ ഉരുൾപ്പെട്ടൽ ഉണ്ടായാൽ സ്ഥിതിഗതികൾ കൂടുതൽ വഷളാകും. മഴ ശക്തമായതോടെ പെട്രോൾ പന്പുകളിൽ വൻ തിരക്കാണ്. റോഡ് ഗതാഗതം സ്തംഭിച്ചു. ചാലക്കുടി മേഖലയിൽ കടകൾ അടഞ്ഞുകിടക്കുകയാണ്. പോട്ട ഇടുക്കൂട് പാലത്തിനുസമീപവും റോഡിൽ വെള്ളം ഉയർന്നിട്ടുണ്ട്. വി.ആർ.പുരം, ചാലക്കുടി സെന്റ് മേരീസ് പള്ളി പാരീഷ് ഹാൾ, ചാലക്കുടി പനന്പിള്ളി കോളജ്, നോർത്ത് ചാലക്കുടി സെന്റ് ജോസഫ് പള്ളി, കോട്ടാറ്റ് സെന്റ് ആന്റണീസ് സ്കൂൾ എന്നിവിടങ്ങളിൽ ദുരിതാശ്വാസ ക്യാന്പുകൾ തുറന്നു.
കൂടപ്പുഴ ഗൃഹസദൻ മന്ദിരത്തിലെ കിടപ്പുരോഗികളെ സിസിഎംകെ ആശുപത്രിയിലേക്കും, സാന്ത്വനത്തിലെ അന്തേവാസികളെ സെന്റ് ജെയിംസ് ആശുപത്രിയിലേക്കും മാറ്റി. രക്ഷാപ്രവർനങ്ങൾക്കായി ജില്ലാ കളക്ടർ ചാലക്കുടി മേഖലയിലേക്ക് മൂന്നുബോട്ടുകൾ അയച്ചു.