ചാലക്കുടി: ചാലക്കുടി പുഴയുടെ സംരക്ഷണം തൃശൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റി ഏറ്റെടുക്കുന്നതായി ഡിസിസി പ്രസിഡന്റ് ടി.എൻ. പ്രതാപൻ. ചാലക്കുടി പുഴയിൽ കോൺഗ്രസ് സേവാദൾ നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പുഴ സംരക്ഷണ ജലഘോഷയാത്ര കയാക്കിംഗ് റാലിയും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അതിരപ്പിള്ളി പദ്ധതിനടപ്പിലാക്കാൻ അനുവദിക്കുകയില്ലെന്നും ചാലക്കുടി പുഴയെ മരിക്കാൻ സമ്മതിക്കുകയില്ലെന്നും അദ്ദേഹം തുടർന്നു പറഞ്ഞു. വെട്ടുകടവിൽ നിന്നും ആരംഭിച്ച ജല ഘോഷയാത്ര ആശുപത്രി കടവിൽ സമാപിച്ചു.
കേന്ദ്രമന്ത്രിയായിരുന്ന പനന്പിള്ളി ഗോവിന്ദ മേനോന്റെ ചിതാഭസ്മം നിമജ്ജനം ചെയ്ത ആശുപത്രി കടവിന് പനന്പിള്ളി കടവ് എന്ന് നാമകരണം നടത്തണമെന്ന് പ്രതാപൻ ആവശ്യപ്പെട്ടു.
സേവാദൾ ചെയർമാൻ ടി.എ. ആന്റോ അധ്യക്ഷത വഹിച്ചു. കെപിസിസി സെക്രട്ടറി ടി.യു. രാധാകൃഷ്ണൻ, ഡിസിസി വൈസ് പ്രസിഡന്റ് ജോസ് വള്ളൂർ, എം.പി. ഭാസ്കരൻ നായർ, പി.കെ. ഭാസി, കെ. ജെയിംസ് പോൾ, വി.ഒ. പൈലപ്പൻ, മേരി നളൻ, എബി ജോർജ് , സി.ജി. ബാലചന്ദ്രൻ, ഷീബു വാലപ്പൻ, ജോൺസൺ കണ്ണന്പുഴ, എം. ശിവദാസൻ, ബാബു ജോസഫ്, വി.ജി. ആന്റോ, വിജയ് തെക്കൻ എന്നിവർ പ്രസംഗിച്ചു.