ചാലക്കുടി: ദേശീയപാത കോടതി ജംഗ്്ഷനിൽ നിർമിക്കുന്ന അടിപ്പാത നിർമാണം സ്തംഭിച്ചതിൽ പ്രതിഷേധിച്ച് ചാലക്കുടിയിൽ മുനിസിപ്പൽ ജംഗ്്ഷനിൽ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ കൂട്ടധർണ നടത്തി. ബെന്നി ബെഹന്നാൻ എംപി ധർണ ഉദ്ഘാടനം ചെയ്തു.
2018ൽ മാർച്ചിൽ ആരംഭിച്ച പണി രണ്ടുവർഷക്കാലമായി സ്തംഭിച്ചിരിക്കുകയായിരുന്നു. എസ്റ്റിമേറ്റ് രിവൈസ് ചെയ്യാത്തതാണ് നിർമാണം സ്തംഭിക്കാൻ കാരണമെന്നു ബെന്നി ബെഹന്നാൻ എംപി പറഞ്ഞു. 14 കോടി രൂപയായിരുന്ന എസ്റ്റിമേറ്റ് 24 കോടി രൂപയായി വർധിപ്പിക്കുകയും തടസങ്ങൾ നീങ്ങിയതായി ദേശീയപാത അതോറിറ്റി എന്നെ അറിയിച്ചിട്ടുണ്ടെന്നു എംപി പറഞ്ഞു.
എട്ടുദിവസത്തിനുള്ളിൽ പണി ആരംഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. എട്ടുദിവസത്തിനകം പണി ആരംഭിച്ചില്ലെങ്കിൽ അടുത്ത ദിവസങ്ങളിൽ ആരംഭിക്കുന്ന പാർലമെന്റിൽ ഈ വിഷയം താൻ ശക്തമായി ഉന്നയിക്കുമെന്നും പ്രക്ഷോഭപരിപാടികൾ നടത്തുമെന്നും എംപി അറിയിച്ചു.
ഇപ്പോൾ നിലവിലുള്ള സിഗ്നൽ ജംഗ്്ഷനിൽ മാൻഹോൾ കൂടി നിർമിക്കണമെന്നും നിർദേശിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ബി.ഡി.ദേവസി എംഎൽഎ അധ്യക്ഷത വഹിച്ചു.
നഗരസഭാ ചെയർപേഴ്സണ്‍ ജയന്തി പ്രവീണ്‍കുമാർ, വൈസ് ചെയർമാൻ വിത്സൻ പാണാട്ടുപറന്പിൽ, പ്രതിപക്ഷനേതാവ് വി.ഒ. പൈലപ്പൻ, മുൻ ചെയർമാൻമാരായ അഡ്വ. സി.ജി.ബാലചന്ദ്രൻ, എം.എൻ.ശശീധരൻ, കാടുകുറ്റി പഞ്ചായത്ത് പ്രസിഡന്റ് തോമസ് ഐ കണ്ണത്ത്, വിവിധ രാഷ്ട്രീയകക്ഷി നേതാക്കളായ എബി ജോർജ്, ടി.മധുസൂദനൻ, ഐ.ഐ.അബ്ദുൾ മജീദ്, എ.എൽ.കൊച്ചപ്പൻ, മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ജോബി മേലേടത്ത്, വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ വൈസ് പ്രസിഡന്റ് ജോയി മൂത്തേടൻ, ചാലക്കുടിയിലെ വിവിധ സാമൂഹ്യ സാംസ്കാരിക സംഘടനാനേതാക്കൾ എന്നിവർ പ്രസംഗിച്ചു.