ചാലക്കുടി: ദേശീയപാത നഗരസഭ ജംഗ്ഷനു സമീപം നിർമിക്കുന്ന അടിപ്പാതയുടെ നിർമാണം സ്തംഭിച്ചതു സംബന്ധിച്ചു വലിയ പ്രതിഷേധങ്ങളായിരുന്നു ഉയർന്നുകൊണ്ടിരുന്നത്.
ഇപ്പോൾ കൊറോണ അടിപ്പാത നിർമാണത്തെ പ്രതിസന്ധിയിലാക്കി. ഏറെ വിവാദങ്ങൾക്കൊടുവിലാണു അടിപ്പാത നിർമാണം കോടതി ജംഗ്ഷനിൽ ആരംഭിക്കാൻ തീരുമാനിച്ചത്. കഴിഞ്ഞ വർഷം മാർച്ചിൽ നിർമാണം ആരംഭിച്ചെങ്കിലും രണ്ടുമാസം കഴിഞ്ഞപ്പോൾ പണി നിർത്തിവച്ചു.
8.5 കോടിയുടേതായിരുന്നു കരാർ. ആറുമാസം കൊണ്ട് പണിപൂർത്തീകരിക്കുമെന്നായിരുന്നു പ്രഖ്യാപനം. ദേശീയപാതയുടെ കരാറുകാരായ കെഎംസിക്കു വേണ്ടി യുണിക് ആൻഡ് ടെക്നോഭാരതിയാണു നിർമാണ ജോലികളുടെ ഉപകരാർ ഏറ്റെടുത്തത്. എന്നാൽ, ബിൽതുക കിട്ടാതെ വന്നപ്പോൾ ഉപകരാറുകാർ നിർമാണം നിർത്തിവയ്ക്കുകയായിരുന്നു.
നിരവധി തവണ മന്ത്രിതലത്തിലും മറ്റും ചർച്ചകൾ നടന്നെങ്കിലും പണി ഉടനെ ആരംഭിക്കുമെന്ന തീരുമാനമല്ലാതെ നിർമാണം ആരംഭിച്ചില്ല. ഒടുവിൽ ബെന്നി ബഹനാൻ എംപി വിളിച്ചുചേർത്ത യോഗത്തിൽ കഴിഞ്ഞ ഒക്ടോബറിൽ പണി നിർമാണ പുരാരംഭിക്കുമെന്നായിരുന്നു തീരുമാനം.
കഴിഞ്ഞ നവംബർ 18നു പൊതുമരാമത്തു മന്ത്രി വീണ്ടും യോഗം വിളിച്ചു. ഉപകരാറുകാർക്കു കൊടുത്തു തീർക്കാനുള്ള ഒരുകോടി രൂപയുടെ കുടിശിക ഉടൻ കൊടുത്തു തീർക്കാൻ ധാരണയിലായി. തർക്കങ്ങളും ചർച്ചകളും നീണ്ടുപോയപ്പോൾ കരാർ കന്പിനി എസ്റ്റിമേറ്റ് തുക പുതുക്കി നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ടു.
പുതുക്കിയ എസ്റ്റിമേറ്റ് 24 കോടിയായി ഉയർന്നു. ഇനി എസ്റ്റിമേറ്റിനു അംഗീകാരം ലഭിക്കാതെ നിർമാണം പുനനാരംഭിക്കാൻ കഴിയില്ലെന്നായി എൻഎച്ച്എഐ ഉദ്യോഗസ്ഥരുടെ നിലപാട്. കഴിഞ്ഞ ജനുവരിയിൽ 24 കോടിയായി ഉയർത്തിയ എസ്റ്റിമേറ്റിനായി അംഗീകാരവും ലഭിച്ചു.
എന്നാൽ വിരലിലെണ്ണാവുന്ന ജീവനക്കാരെത്തി നേരത്തെ ഉയർത്തിവച്ച കന്പികൾ മാറ്റി തുടങ്ങിയതായിരുന്നു. അപ്പോഴേയ്ക്കും കൊറോണ എത്തി. ഇതോടെ അടിപ്പാത നിർമാണം വീണ്ടും സ്തംഭനാവസ്ഥയിലായി.
അടിപ്പാത നിർമാണം വെെകുന്നതിൽ എംപിയും എംഎൽഎയും അടക്കം ജനപ്രതിനിധികൾ പ്രതിഷേധ ധർണവരെ നടത്തിയാതായിരുന്നു. ഇനി അടിപ്പാത നിർമാണം എന്ന് ആരംഭിക്കുമെന്നതിന് ഒരു നിശ്ചയവുമില്ല.