ചാലക്കുടി: നോർത്ത് ബസ് സ്റ്റാൻഡ് നഗരസഭ ലോറി സ്റ്റാൻഡാക്കി മാറ്റിയോ? നോർത്ത് ബസ് സ്റ്റാൻഡ് കാണുന്നവർ ഇപ്പോൾ ഉയർത്തുന്ന ചോദ്യമിതാണ്. നഗരസഭ നോർത്ത് ബസ് സ്റ്റാൻഡ് ഇന്നു വരും നാളെ വരും എന്നു പറയാൻ തുടങ്ങിയിട്ട് വർഷങ്ങളായി.
2010ൽ നിർമാണം ആരംഭിച്ച ബസ് സ്റ്റാൻഡ് മാറി മാറി വന്ന ഭരണക്കാർ രണ്ടുവട്ടം ഉദ്ഘാടനം ചെയ്തതായിരുന്നു. എന്നിട്ടും ബസുകൾ മാത്രം ഇവിടേക്ക് കയറിയിട്ടില്ല. 2010ൽ ഇടതുമുന്നണി നഗരസഭ ഭരിക്കുന്പോൾ അന്നത്തെ തദ്ദേശഭരണ മന്ത്രി പാലൊളി മുഹമ്മദ്കുട്ടിയായിരുന്നു ആദ്യത്തെ ഉദ്ഘാടകൻ.
ബസ് സ്റ്റാൻഡിന് നിയമപരമായി വേണ്ട സ്ഥലം ഇല്ലാത്തതിനാൽ ആർടിഎ അംഗീകാരം ലഭിക്കാത്തതിനാൽ തുറക്കാനായില്ല. വർഷങ്ങളായി അനാഥമായികിടന്ന ബസ് സ്റ്റാൻഡ് യുഡിഎഫ് ഭരണം വന്നപ്പോൾ സർക്കാർ ഉത്തരവിന്റെ ബലത്തിൽ കുറേ പണികൾകൂടി നടത്തി.
അന്നത്തെ സഹകരണമന്ത്രി സി.എൻ.ബാലകൃഷ്ണൻ രണ്ടാംവട്ടം ഉദ്ഘാടനം ചെയ്തു. എന്നിട്ടും ബസുകൾ കയറിയില്ല. ബസ് ജീവനക്കാർക്ക് സമ്മാനങ്ങൾ വരെ അന്നത്തെ നഗരസഭ ചെയർമാൻ നല്കി നോക്കിയെങ്കിലും ബസുകൾ വീണ്ടും എത്തിയില്ല. അടിസ്ഥാന സൗകര്യങ്ങൾ പൂർത്തിയാക്കാതെയായിരുന്നു ഉദ്ഘാടനം.
ഇതാണ് ബസുകൾ കയറാതിരുന്നത്. ബസ് സ്റ്റാൻഡ് തുറക്കാത്തതിനെതിരെ സമരം ചെയ്തുകൊണ്ടിരുന്ന ഇടതുമുന്നണി ഭരണത്തിലെത്തിയപ്പോൾ മാസങ്ങൾക്കകം ഉദ്ഘാടനം ചെയ്യുമെന്ന് പ്രഖ്യാപനം നടത്തി.
എന്നാൽ യാർഡ് കോണ്‍ക്രീറ്റിംഗും മറ്റും നടത്തിയെങ്കിലും മുന്നണിയിലെ തൊഴുത്തിൽകുത്ത് ബസ് സ്റ്റാൻഡ് നിർമാണം പൂർത്തിയാക്കുന്നതിൽ തടസമായി.
പ്രവേശനകവടാത്തിലെ വർക്ക്ഷോപ്പ് ഒഴിപ്പിക്കുന്നതു സംബന്ധിച്ചും കൗണ്‍സിലർമാർ തമ്മിൽ കൊന്പുകോർത്തപ്പോൾ നിർമാണപ്രവർത്തനങ്ങൾ സ്തംഭനാവസ്ഥയിലായി. എന്നാൽ ഇപ്പോൾ ലോറികളുടെ താവളമായി മാറി. കൂടാതെ വാഹനങ്ങളുടെ പണികളും ഇവിടെത്തന്നെയാണ്.
രാത്രികാലങ്ങളിൽ സാമൂഹ്യവിരുദ്ധരുടെ താവളവുമാണ്. ഇപ്പോഴത്തെ കൗണ്‍സിലിന്റെ കാലാവധി തീരാൻ മാസങ്ങൾ മാത്രം ബാക്കിനിൽക്കേ ബസ് സ്റ്റാൻഡ് തുറക്കാനാകുമോ എന്ന് ഉറ്റുനോക്കുകയാണ് ജനം.