ചാലക്കുടി: പണി പൂർത്തീകരിച്ചിട്ടും പ്രവർത്തനം ആരംഭിക്കാൻ കഴിയാതെ നോർത്ത് ബസ് സ്റ്റാൻഡ്. 13 വർഷം മുന്‍പ് നിർമാണം ആരംഭിച്ച ബസ് സ്റ്റാൻഡിന്റെ ഉദ്ഘാടനം രണ്ടുവട്ടം കഴിഞ്ഞു. എൽഡിഎഫ് ഭരണകാലത്തും യുഡിഎഫ് ഭരണകാലത്തുമാണ് രണ്ടുതവണ ഉദ്ഘാടനം നടത്തിയത്. എന്നിട്ടും നിർമാണം പൂർത്തീകരിക്കാത്തതിനാൽ ബസ് സ്റ്റാൻഡ് പ്രവർത്തനം ആരംഭിക്കാൻ കഴിഞ്ഞില്ല.
ഭരണം മാറി എൽഡിഎഫ് വീണ്ടും അധികാരത്തിൽവന്നു. ഒരുവർഷത്തിനകം ബസ് സ്റ്റാൻഡ് പ്രവർത്തനം ആരംഭിക്കുമെന്നായിരുന്നു ഭരണസമിതി അധികാരം ഏറ്റപ്പോൾ പ്രഖ്യാപിച്ചത്. ഓരോ വർഷം കഴിയുന്പോഴും ബസ് സ്റ്റാൻഡ് ഉടനെ തുറക്കും എന്ന പ്രഖ്യാപനമല്ലാതെ ഒന്നും നടന്നില്ല. ഇപ്പോൾ ബസ് സ്റ്റാൻഡ് ഏകദേശം പണി പൂർത്തീകരിച്ചപ്പോൾ ഭരണകക്ഷിയിലെ അഭിപ്രായഭിന്നതയാണ് തടസമായി നിൽക്കുന്നത്.
ഇന്നലെ ചേർന്ന നഗരസഭ യോഗത്തിൽ ഇത് മറനീക്കി പുറത്തുവരികയും ചെയ്തു. ഭരണമുന്നണിയെ പിന്താങ്ങുന്ന സ്വതന്ത്രൻമാരായ വൈസ് ചെയർമാൻ വിൻസൻ പാണാട്ടുപറന്പിലും പിഡബ്ല്യുഡി സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ യു.വി. മാർട്ടിനും തങ്ങൾക്ക് ഇക്കാര്യത്തിൽ യാതൊരു ബന്ധമില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. ബസ് സ്റ്റാൻഡിലെ പ്രവേശനകവാടത്തിലെ വർക്ക്ഷോപ്പ് മാറ്റുന്നത് സംബന്ധിച്ച് ഭരണകക്ഷിയിലെ തർക്കമാണ് കാരണം.
നേരത്തെ കൗണ്‍സിൽ ഏകകണ്ഠമായി പൊളിച്ചുമാറ്റുന്ന വർക്ക്ഷോപ്പിനുപകരം സ്ഥലം നിർദേശിച്ചിരുന്നു. എന്നാൽ, ഇപ്പോൾ ആ സ്ഥലം പറ്റില്ലെന്നാണ് ഭരണകക്ഷിയിലെ ഒരുവിഭാഗം വാദിക്കുന്നത്. എന്നാൽ അവർ നിർദേശിക്കുന്ന സ്ഥലം കൊടുത്താൽ നഗരഭയ്ക്ക് അവിടെ ഷോപ്പിംഗ് കോംപ്ലക്സ് പണിയാൻ പറ്റില്ല.
എൽഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ താൽക്കാലിക ഷെഡ് നേരത്തെ തീരുമാനിച്ച സ്ഥലത്തുനിന്നും മാറ്റി മറ്റൊരു ഭാഗത്ത് നിർമിക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടപ്പോൾ പ്രതിപക്ഷം എതിർക്കുകയും സ്വതന്ത്രൻമാർ പ്രതിപക്ഷത്തെ അനുകൂലിക്കുകയും ചെയ്തു. ഇതോടെയാണ് ഇന്നലെ കൗണ്‍സിൽയോഗം തീരുമാനം എടുക്കാതെ മാറ്റിവച്ചത്. ഇതോടെ ബസ് സ്റ്റാൻഡിന്റെ പ്രവർത്തനം എന്ന് തുടങ്ങുമെന്ന കാര്യത്തിൽ അനിശ്ചിതാവസ്ഥയിലായി.