റിയാസ് കുട്ടമശേരി
ആലുവ: ആസന്നമായ ലോക്സഭാ തെരഞ്ഞെടുപ്പിൽ 2014ലെ ചരിത്രം ആവർത്തിക്കാനിടയില്ലാതെ ചാലക്കുടി മണ്ഡലം. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ പ്രധാന എതിരാളികളായിരുന്ന സിനിമാതാരം ഇന്നസെന്റും മുതിർന്ന കോണ്‍ഗ്രസ് നേതാവ് പി.സി. ചാക്കോയും ഇക്കുറി മത്സരത്തിനില്ലെന്ന സൂചനകളാണ് നല്‍കുന്നത്. ഇതോടെ സീറ്റിൽ കണ്ണുംനട്ട് ഇരുമുന്നണികളിലെയും പ്രമുഖ നേതാക്കൾ കച്ചകെട്ടിക്കഴിഞ്ഞു.
തൊട്ടടുത്ത എതിർ സ്ഥാനാർഥിയായിരുന്ന ചാക്കോയെ 13,848 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കഴിഞ്ഞതവണ ഇടതുസ്വതന്ത്രനായി മത്സരിച്ച ഇന്നസെന്റ് പരാജയപ്പെടുത്തിയത്. അതേസമയം, ഇന്നസെന്റിന്റെ കാര്യത്തിൽ സിപിഎമ്മാണ് അന്തിമ തീരുമാനം എടുക്കുകയെന്നാണ് അദ്ദേഹവുമായി അടുത്തബന്ധമുള്ളവർ നല്കുന്ന സൂചന.
പുതിയ മണ്ഡലം രൂപീകൃതമായതിനുശേഷം ഇരുമുന്നണികളെയും ഓരോവട്ടം പിന്തുണച്ച പാരന്പര്യമാണ് ചാലക്കുടിക്കുള്ളത്. 2014ൽ സിറ്റിംഗ് എംപിയായിരുന്ന കെ.പി. ധനപാലനെ മാറ്റി അവസാന നിമിഷം പി.സി. ചാക്കോയെ പരിഗണിക്കുകയായിരുന്നു. ഇത് കോണ്‍ഗ്രസ് പ്രവർത്തകരിൽ അമർഷത്തിനിടയാക്കുകയും ചാക്കോയുടെ പരാജയത്തിൽ കലാശിക്കുകയും ചെയ്തു. ധനപാലന് പകരം തൃശൂർ നല്‍കിയെങ്കിലും കരകയറാനായില്ല. അപ്രതീക്ഷിതമായിട്ടായിരുന്നു മണ്ഡലത്തിൽ ഇടതുസ്വതന്ത്രനായി ഇന്നസെന്റിന്റെ കടന്നുവരവ്.
താരപ്രഭയിൽ ചാലക്കുടി മണ്ഡലം പിടിച്ചെടുക്കാനുള്ള സിപിഎം തന്ത്രം വിജയം കാണുകയും ചെയ്തു. സിനിമാതിരക്കിനിടയിലും പാർട്ടിയുടെ നിയന്ത്രണത്തിൽ മണ്ഡലത്തിൽ ഒട്ടേറെ വികസന പദ്ധതികൾ യാഥാർഥ്യമാക്കാൻ ഇന്നസെന്റിനു കഴിഞ്ഞിരുന്നു. എന്നാൽ, ജനപ്രതിനിധിയെന്ന നിലയിൽ ഇന്നസെന്റ് പരാജയമായിരുന്നു എന്ന ആരോപണമാണ് കോണ്‍ഗ്രസ് ഉന്നയിക്കുന്നത്.
എറണാകുളം, തൃശൂർ ജില്ലകളിലായി കയ്പമംഗലം, ചാലക്കുടി, കൊടുങ്ങല്ലൂർ, ആലുവ, പെരുന്പാവൂർ, കുന്നത്തുനാട്, അങ്കമാലി നിയോജകമണ്ഡലങ്ങൾ ഉൾപ്പെടുന്നതാണ് ചാലക്കുടി പാർലമെന്റ് മണ്ഡലം. ഇരുമുന്നണികൾക്കും മണ്ഡലത്തിൽ വ്യക്തമായ സ്വാധീനമുണ്ട്. 93,000 വോട്ടുനേടി ബിജെപിയും മണ്ഡലത്തിൽ കരുത്ത് തെളിയിച്ചിരുന്നു. ഈഴവവോട്ടുകൾ കൂടുതലുള്ള ചാലക്കുടിക്കായിൽ ബിജെപിയുടെ സഖ്യകക്ഷിയായ ബിഡിജഐസും അവകാശവാദം ഉന്നയിക്കാനിടയുണ്ട്.
ഇത്തരത്തിൽ ശക്തനായ ഒരു സ്ഥാനാർഥിയെ എൻഡിഎ കളത്തിലിറക്കിയാൽ ഇരുമുന്നണികളുടെയും വിജയപരാജയങ്ങൾ പ്രവചനാതീതമാകും. ക്രൈസ്തവ വോട്ടുകൾ നിർണായകമായ ചാലക്കുടിയിൽ ഇക്കുറി യുഡിഎഫിലെ കേരള കോണ്‍ഗ്രസ് മാണി വിഭാഗം അവകാശവാദം ഉന്നയിച്ചിരിക്കുന്നത് കോണ്‍ഗ്രസ് നേതൃത്വത്തെ വെട്ടിലാക്കിയിട്ടുണ്ട്.
കോട്ടയത്തിനു പുറമെ ഇടുക്കിയോ ചാലക്കുടിയോ വിട്ടുനല്‍കണമെന്ന ആവശ്യത്തിൽ അവരിപ്പോൾ ഉറച്ചുനില്‍ക്കുകയാണ്. ചാലക്കുടി നോട്ടമിട്ട് കോണ്‍ഗ്രസ് നേതാക്കൾ അണിയറയിൽ ചരടുവലികൾ തുടങ്ങിയിട്ടുണ്ട്. മുൻ എംപി കെ.പി. ധനപാലൻ, മുൻ മന്ത്രി കെ. ബാബു എന്നിവരുടെ പേരുകളാണ് പൊതുവെ ഉയർന്നുകേൾക്കുന്നത്. എ വിഭാഗക്കാരായ ഇരുവരും ഇതിനകം മണ്ഡലത്തിലെ വിവിധ പാർട്ടി പരിപാടികളിൽ സജീവമാണ്. ഗ്രൂപ്പിന്റെ പേരിലുള്ള വീതംവയ്ക്കലിനിടയിൽ മറ്റാരെങ്കിലും സ്ഥാനാർഥിയാകാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. യുഡിഎഫ് കണ്‍വീനർ ബെന്നി ബഹനാനും ചാലക്കുടിയിൽ സാധ്യതയുണ്ട്.
ഇന്നസെന്റില്ലെങ്കിൽ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം പി. രാജീവിന്റെ പേരാണ് ഇടതുസ്ഥാനാർഥിയായി മണ്ഡലത്തിൽ പറഞ്ഞുകേൾക്കുന്നത്. തൃശൂർ ജില്ലയിൽ ഏറെ സ്വാധീനമുള്ള സിപിഐയേയും ചാലക്കുടിയിൽ പരിഗണിക്കാൻ സാധ്യതയുണ്ട്. ക്രൈസ്തവ-ഈഴവ വോട്ടർമാരെ ലക്ഷ്യംവച്ചുള്ള സ്ഥാനാർഥി നിർണയമായിരിക്കും ഇരുമുന്നണികളിലും ഉണ്ടാകുക.