ചാലക്കുടി: നഗരസഭ തെരഞ്ഞെടുപ്പിൽ സെന്റ് മേരീസ് ചർച്ച് വാർഡിൽ എൽഡിഎഫ് സ്ഥാനാർഥികളായി രണ്ടുപേർ മത്സരരംഗത്തിറങ്ങിയത് സിപിഎം നേതൃത്വത്തിന് തലവേദനയായി.
സിപിഎം അംഗമായ സീമ ജോജോയാണ് ഇപ്പോഴത്തെ ഈ വാർഡിലെ കൗണ്‍സിലർ. ഇക്കുറി ജനറൽ വാർഡായതോടെ ഈ വാർഡിലെ മുൻ കൗണ്‍സിലർ സി.എസ്. സുരേഷ് (വിനു) സ്ഥാനാർഥിയായി രംഗത്തിറങ്ങിയപ്പോൾ സീമയുടെ ഭർത്താവായ ജോജോ ഈ സീറ്റിനുവേണ്ടി അവകാശവാദം ഉന്നയിച്ച് രംഗത്തിറങ്ങിയതോടെ ഈ വാർഡിൽ അങ്കം മുറുകിയിരിക്കയാണ്.
രണ്ടുപേരും പ്രചരണരംഗത്ത് സജീവമാണ്. ഇതോടെ സിപിഎം ആരെ സ്ഥാനാർഥിയാക്കും എന്ന കാര്യത്തിൽ ആശയക്കുഴപ്പത്തിലായിരിക്കയാണ്. എന്തായാലും സിപിഎം ആരെ സ്ഥാനാർഥിയാക്കിയാലും മറ്റേയാൾ സ്വതന്ത്രനായി മത്സരരംഗത്തുണ്ടാകും.
വാശിയേറിയ തെരഞ്ഞെടുപപ്പ് ച്രചരണവുമായിട്ടാണ് ഇവർ കളത്തിലിറങ്ങിയിരിക്കുന്നത്. ഇതിനിടയിൽ വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ വൈസ് പ്രസിഡന്റ് ജോയി മൂത്തേടൻ ഇവിടെ യുഡിഎഫ് സ്ഥാനാർഥിയായി രംഗത്തിറങ്ങിയെങ്കിലും പിൻവാങ്ങി.
കോണ്‍ഗ്രസുകാർ ചിലർ ഇവിടെ വിമതശബ്ദം ഉയർത്തിയതോടെ അപകടം മനസിലാക്കിയാണ് ജോയി രംഗം വിട്ടത്. പകരം മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ജോബി മേലേടത്ത് യുഡിഎഫ് സ്ഥാനാർഥിയായി പ്രവർത്തനനമാരംഭിച്ചിട്ടുണ്ട്.