ചാലക്കുടി: വി.ആർ.പുരത്ത് കസ്തൂർബാ കേന്ദ്രത്തിൽ ഫ്ളാറ്റ് നിർമിക്കുന്നത് സംബന്ധിച്ച് എൽഡിഎഫ് പാർലമെന്ററി പാർട്ടി യോഗം ചേർന്ന് അനുകൂല നിലപാട് സ്വീകരിക്കാൻ തീരുമാനിച്ചതായുള്ള എൽഡിഎഫ് പാർലമെന്ററി പാർട്ടി സെക്രട്ടറി ജീജൻ മത്തായിയുടെ പ്രസ്താവന തെറ്റാണെന്നു വാദവുമായി രണ്ടു സ്വതന്ത്രൻമാരടക്കം എൽഡിഎഫിലെ ഒരു വിഭാഗം രംഗത്തുവന്നു.
എൽഡിഎഫിനെ അനുകൂലിക്കുന്ന സ്വതന്ത്രന്മാരായ വൈസ് ചെയർമാൻ വിത്സൻ പാണാട്ടുപറന്പിലും പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ യു.വി.മാർട്ടിനും മറ്റു ചില സിപിഎം കൗണ്‍സിലർമാരുമാണ് ജീജൻ മത്തായിയുടെ പ്രസ്താവനയ്ക്കെതിരെ രംഗത്തുവന്നിട്ടുള്ളത്.
ഇങ്ങനെ എൽഡിഎഫ് പാർലമെന്ററി പാർട്ടി യോഗം ചേരാതെ യോഗം ചേർന്നതായി പ്രസ്താവനയിറക്കിയ ജീജൻ മത്തായിയോട് വിശദീകരണം ചോദിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. നഗരസഭയിലെ ഭരണമുന്നണിയുമായി ഇടഞ്ഞുനിൽക്കുന്ന സ്വതന്ത്രന്മാരായ വിത്സൻ പാണാട്ടുപറന്പിലും യു.വി.മാർട്ടിനുമായി സിപിഎം ജില്ലാ സെക്രട്ടറി എം.എം.വർഗീസെത്തി അനുരഞ്ജന ചർച്ച നടത്തിയിരുന്നു.
ജീജന്റെ പ്രസ്താവന സിപിഎം നേതാക്കളുടെ ശ്രദ്ധയിൽപ്പെടുത്തി ജീജനോട് സിപിഎം വിശദീകരണം ചോദിക്കാൻ തീരുമാനിച്ചിട്ടുണ്ട്. വി.ആർ.പുരത്തെ ഫ്ളാറ്റ് വിഷയത്തിൽ നഗരസഭയിൽ തങ്ങൾ സ്വീകരിച്ച നിലപാടിൽ നിന്നും പിന്നോട്ടില്ലെന്നു സ്വതന്ത്രന്മാർ വ്യക്തമാക്കി. കൗണ്‍സിലിൽ പ്രതിപക്ഷത്തോടൊപ്പം 19 പേർ ഫ്ളാറ്റ് നിർമാണത്തെ എതിർക്കുകയും 15 പേർ അനുകൂലിക്കുകയുമാണുണ്ടായത്.
സ്വതന്ത്രന്മാരുമായുള്ള ചർച്ചയിൽ പള്ളിപ്പാടത്തെ റോഡ് നിർമാണത്തിനു അനുകൂലമായ നിലപാട് സ്വീകരിക്കാൻ സിപിഎം ധാരണയായി. നോർത്ത് ബസ് സ്റ്റാൻഡ് തുറക്കാൻ തടസമായ വർക്ക്ഷോപ്പ് മാറ്റണമെന്ന ആവശ്യം അംഗീകരിക്കാനും വർക്ക് ഷോപ്പ് ഉടമയുമായി സംസാരിച്ച് അനുയോജ്യമായ സ്ഥലം നൽകുവാനും ധാരണയായി. സിപിഎമ്മിലെ ഇതുസംബന്ധിച്ച തർക്കം പരിഹരിക്കാമെന്നും ജില്ലാ സെക്രട്ടറി സ്വതന്ത്രന്മാർക്ക് ഉറപ്പുനൽകിയിട്ടുണ്ട്.