ചാലക്കുടി: നഗരമധ്യത്തിലുള്ള ജ്വല്ലറി കുത്തിത്തുറന്ന് 15 കിലോയോളം സ്വർണവും ആറു ലക്ഷത്തിൽപരം രൂപയും മോഷ്ടിച്ച കേസിൽ ബീഹാർ സ്വദേശിയായ ഒരാൾ പോലീസ് പിടിയിലായതായി സൂചന. ചാലക്കുടി ഡിവൈഎസ്പി ഷാഹുൽ ഹമീദിന്റ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെത്തിയാണ് ഇയാളെ പിടികൂടിയിരിക്കുന്നത്.
എന്നാൽ കൂടുതൽ വിശദാംശങ്ങൾ അറിവായിട്ടില്ല. കവർച്ച സംഘത്തിൽ ഒന്നിലധികം പേരുള്ളതിനാൽ സംഘത്തിലെ ബാക്കിയുള്ളവർക്കായി പോലീസ് തിരച്ചിൽ ഉൗർജിതമാക്കിയിട്ടുണ്ട്. പല സംഘങ്ങളായി തിരിഞ്ഞാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പോലീസ് സംഘം പ്രതികൾക്കായി തിരച്ചിൽ നടത്തുന്നത്. പ്രതികളുടെ മൊബൈൽ ഫോണ് കേന്ദ്രീകരിച്ചാണ് അന്വേഷണം.
ചാലക്കുടി നോർത്ത് ജംഗ്ഷനിൽ റെയിൽവേ സ്റ്റേഷൻ റോഡിലുള്ള ഇ.ടി.ദേവസി ആൻഡ് സണ്സ് ഇടശേരി ജ്വല്ലറിയിലാണ് കഴിഞ്ഞയാഴ്ച മോഷണം നടന്നത്. ജ്വല്ലറിയുടെ പിൻഭാഗത്തെ ചുമരിൽ ഘടിപ്പിച്ചിട്ടുള്ള എക്സ്ഹോസ്റ്റ് ഫാൻ അഴിച്ചുമാറ്റി ഇതിലൂടെയാണ് മോഷ്ടാക്കൾ അകത്തുകടന്നത്.
ജ്വല്ലറിയുടെ പിൻഭാഗം കാടുപിടിച്ച് വിജനമായി കിടന്നിരുന്നതിനാൽ മോഷ്ടാക്കൾക്ക് കൂടുതൽ സഹായകരമായി. അണ്ടർ ഗ്രൗണ്ടിലുള്ള സെയ്ഫ് ഗ്യാസ് കട്ടർ ഉപയോഗിച്ച് തകർത്താണ് ആഭരണങ്ങളും പണവും കവർന്നത്. പാഡുകളിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ എടുത്തശേഷം പാഡുകൾ ഉപേക്ഷിക്കുകയായിരുന്നു. ജ്വല്ലറിയിൽ നിരീക്ഷണ കാമറ ഇല്ലാതിരുന്നത് പോലീസിനു അന്വേഷണത്തിന് ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു.
കവർച്ച നടത്തിയവർ സംസ്ഥാനം വിട്ടിരിക്കുമെന്ന് കണക്കുകൂട്ടിയ പോലീസ് അന്നുതന്നെ അന്യസംസ്ഥാന മോഷ്ടാക്കളെ കേന്ദ്രീകരിച്ചും അന്വേഷണം തുടങ്ങിയിരുന്നു. സിഐ ഹരിദാസ്, എസ്ഐ ജയേഷ് ബാലൻ എന്നിവരുടെ നേതൃത്വത്തിൽ പോലീസും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും അന്വേഷണം നടത്തിയിരുന്നു.