ചാലക്കുടി: നോർത്ത് ബസ് സ്റ്റാൻഡിൽ ലോറികളുടെ പാർക്കിംഗ് വ്യാപാരസ്ഥാപനങ്ങൾക്ക് വിനയായി മാറി. മുനിസിപ്പൽ ബസ് സ്റ്റാൻഡ് ഉടനെ തുറക്കുമെന്ന പ്രതീക്ഷയിൽ വ്യാപാരസ്ഥാപനങ്ങൾ നടത്തുന്നവരാണ് വിഷമത്തിലായിരിക്കുന്നത്. ബസ് സ്റ്റാൻഡിൽ നിറയെ ലോറികളാണ്. സിവിൽ സപ്ലൈസിൽനിന്നും മദ്യം കയറ്റിവരുന്ന ലോറികൾ ഉൾപ്പെടെ ഇവിടെയാണ് പാർക്ക് ചെയ്യുന്നത്. ലോറികളുടെ തടസം മൂലം ഇവിടെ കടകളിലേക്ക് ആരും വരുന്നില്ല.
മാസംതോറും വൻ വാടക നഗരസഭയ്ക്ക് നൽകിയാണ് കടകൾ പ്രവർത്തിക്കുന്നത്. ലോറികളിൽ കയറിയിരുന്ന് മദ്യപാനവും പതിവാണ്. ഇതിനെ എതിർത്താൽ ഭീഷണയും മർദനവുമാണ്. നഗരസഭയ്ക്ക് പരാതി നൽകിയെങ്കിലും യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. ബസ് സ്റ്റാൻഡ് അടുത്തകാലത്തൊന്നും തുറക്കാൻ സാധ്യതയില്ല.
ബസ് സ്റ്റാൻഡിന്റെ നിർമാണം പൂർത്തിയായെങ്കിലും ബസ് സ്റ്റാൻഡിലേക്കുള്ള പ്രവേശന കവാടത്തിലുള്ള വർക്ക്ഷോപ്പ് മാറ്റുന്നത് സംബന്ധിച്ച് ഭരണകക്ഷിയിലെ തർക്കം ഇനിയും തീർന്നില്ല. പ്രവേശന കവാടത്തിനരികിലുള്ള വർക്ക്ഷോപ്പ് എവിടേക്ക് മാറ്റുമെന്നതാണ് തർക്കം. വർക്ക്ഷോപ്പ് ഉടമ ഉദേശിക്കുന്ന സ്ഥലം നഗരസഭ നൽകാൻ തയാറല്ല.
എന്നാൽ, വർക്ക്ഷോപ്പ് ഉടമയെ ഭരണകക്ഷിയിലെ ഒരു വിഭാഗം കൗൺസിലർമാർ അനുകൂലിക്കുന്നതാണ് പ്രശ്നം.
നഗരസഭ നിർദേശിക്കുന്ന സ്ഥലത്ത് വർക്ക്ഷോപ്പ് പണിയാൻ ഉടമയും തയാറല്ല.ഇപ്പോൾ ‘പാന്പും ചാവില്ല കോലൊടിയുകയുമില്ല’ എന്നതാണ് അവസ്ഥ. നഗരസഭ കഴിഞ്ഞ പത്തുവർഷം മുന്പ് നിർമാണം ആരംഭിച്ച ബസ് സ്റ്റാൻഡ് രണ്ടുതവണ ഉദ്ഘാടനം നടത്തിയെങ്കിലും ബസുകൾ കയറിയില്ല. പണി പൂർത്തീകരിക്കാതിരുന്നതാണ് കാരണം. ഇപ്പോൾ ബസ് സ്റ്റാൻഡ് നിർമാണം പൂർത്തിയായെങ്കിലും തുറക്കാൻ പറ്റാത്ത അവസ്ഥയാണ്. ബസ് സ്റ്റാൻഡ് തുറക്കാതായതോടെ പെരുവഴിയിലായത് ഇവിടെ മുറിയെടുത്ത് വ്യാപാരം തുടങ്ങിയ വ്യാപാരികളാണ്.