‘ചാലക്കുടി: കാറിൽ മദ്യംകൊണ്ടുവന്നു ടൗണിൽ പരസ്യമായി വിൽപ്പന. ഇന്നലെ തൃശൂരിൽ നിന്നും നിറയെ മദ്യവുമായി വന്ന കാർ ഓരോ സെന്ററുകളിലും നിറുത്തിയാണു മദ്യവിൽപ്പന നടത്തിയത്. തമിഴ്നാട്ടിൽ നിന്നും കൊണ്ടുവന്ന മദ്യമാണു വൻ വിലയ്ക്കു വിൽപന നടത്തിയത്.
തമിഴ്നാട്ടിൽ മാത്രം വില്പന നടത്താവു എന്ന് മദ്യകുപ്പിയുടെ ലേബലിൽ ഉണ്ട്. 280 രൂപ വിലയുള്ള ഒരു പൈന്റ് കുപ്പിക്കു 1500 രൂപയ്ക്കാണു വില്പന നടത്തിയത്. എന്നിട്ടും മദ്യം വാങ്ങാൻ ഓരോ സെന്ററിലും വലിയ തിരക്കായിരുന്നു. കാറിനകത്തു മദ്യം കെയ്സുകളിൽ നിന്നും പൊട്ടിച്ചു കൂട്ടിയിട്ടിരിക്കുകയായിരുന്നു.
ചാലക്കുടിയിലും പരിസര പ്രദേശങ്ങളിലും കറങ്ങിയാണു മദ്യവിൽപന നടത്തിയത്. തമിഴ്നാട്ടിൽ നിന്നും പച്ചക്കറി ലോറിയിൽ ഒളിച്ചുകടത്തിക്കൊണ്ടുവരുന്ന മദ്യം തൃശൂരിൽ വച്ചു കാറിലേക്കു മാറ്റി കയറ്റിയാണ് ഓരോ സെന്ററിലേക്കും മദ്യവിൽപ്പനയ്ക്കായി കൊണ്ടുപോയത്.
പല സെന്ററുകളിലും മദ്യം വിൽപ്പനയ്ക്കായി വരുന്നതായി അറിഞ്ഞു മദ്യപന്മാർ റോഡിൽ കാത്തുനിന്നിരുന്നു. മദ്യം കൊണ്ടുവരുന്നത് ഇവർ അറിഞ്ഞതിനു പുറകിൽ ഒരു നെറ്റ് വർക്ക് ഉണ്ടെന്നാണു സംശയം. വില്പനയ്ക്കു ഒരു തമിഴനും മലയാളികളും ഉണ്ടായിരുന്നു.
ടൗണിൽ പരസ്യമായി മദ്യവില്പന നടന്നിട്ടും പോലീസും എക്സൈസും സംഗതി അറിഞ്ഞില്ല. വണ്ടിയുടെ നന്പറോ, ആളുകളെ കുറിച്ചോ ആർക്കും അറിയാത്തതും സംഭവത്തിന്റെ ദുരൂഹത വർധിപ്പിക്കുന്നു.