ചാലക്കുടി: നഗരസഭ തെരഞ്ഞെടുപ്പിൽ ഇരുമുന്നണിക്കും വെല്ലുവിളി ഉയർത്തുന്ന സ്വതന്ത്രന്മാരെ അനുനയിപ്പിച്ച് ഒപ്പം നിർത്തി മത്സരിപ്പിക്കാൻ സിപിഎം നീക്കം തുടങ്ങി. ഇപ്പോൾ സ്വതന്ത്രന്മാരുടെ പിൻതുണയോടെയാണ് ഇടതുമുന്നണി നഗരസഭ ഭരണം നടത്തുന്നത്.
എന്നാൽ അടുത്ത തെരഞ്ഞെടുപ്പിൽ സ്വതന്ത്രന്മാർ ഒറ്റയ്ക്കു തന്നെ മത്സരിക്കാനാണ് തീരുമാനം. നഗരസഭ വൈസ് ചെയർമാൻ വിത്സന്റ് പാണാട്ടുപറന്പിലും പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ യു.വി. മാർട്ടിനുമാണ് വീണ്ടും അങ്കം കുറിക്കാൻ കച്ചകെട്ടി ഇറങ്ങിയിരിക്കുന്നത്.
സ്വതന്ത്രന്മാരുടെ ഒരു സംഘം ചാലക്കുടിയിലെ ചില പ്രമുഖ·ാരെ കണ്ട് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പിന്തുണ തേടിയപ്പോഴാണ് സിപിഎം അപകടം തിരിച്ചറിഞ്ഞത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇരുമുന്നണികളെയും പരാജയപ്പെടുത്തിയാണ് ഇവർ കൗണ്സിലിൽ എത്തിയത്.
ഇക്കുറി ഇവർ ഒറ്റയ്ക്ക് മത്സരിച്ചാൽ ഉണ്ടാകുന്ന അപകടം തിരിച്ചറിഞ്ഞാണ് സിപിഎം ഇവരെ കൂടി മുന്നണിയിൽ ഉൾപ്പെടുത്താൻ നീക്കം തുടങ്ങിയത്. മുന്നണിയുമായി ധാരണയുണ്ടാക്കാൻ സ്വതന്ത്രന്മാർ തയ്യാറാണെങ്കിലും ഇടതുമുന്നണി സ്ഥാനാർഥികളായി മത്സരിക്കാൻ ഇവർ തയ്യാറായിട്ടില്ല.
സ്വതന്ത്ര സ്ഥാനാർഥികളായി മാത്രമേ ഇവർ മത്സരിക്കുകയുള്ളൂ. പ്രതിപക്ഷ നേതാവ് വി.ഒ. പൈലപ്പനോടാണ് വൈസ് ചെയർമാൻ വിത്സന്റ് പാണാട്ടുപറന്പിൽ അങ്കം കുറിച്ചിരിക്കുന്നത്. ഇവിടെ രണ്ടുപേരും കളത്തിലിറങ്ങിക്കഴിഞ്ഞു.
സ്വതന്ത്രന്മാരുമായി ധാരണയിലെത്തിയാൽ ഈ വാർഡിൽ ഇടതുമുന്നണി സ്ഥാനാർഥിയെ നിർത്തില്ലെന്നാണ് വാഗ്ദാനം. യു.വി. മാർട്ടിൻ സെന്റ് ജെയിംസ് ആശുപത്രി വാർഡിലാണ് നോട്ടം വച്ചിരിക്കുന്നത്. ഇതു കൂടാതെ ഇരുമുന്നണികളിൽ നിന്നും സീറ്റ് ലഭിക്കാത്തവരെയും ഒപ്പം കൂട്ടിയുള്ള സ്വതന്ത്ര·ാരുടെ മുന്നണിയാണ് ഇവരുടെ ലക്ഷ്യം.