ചാലക്കുടി: നഗരസഭയുടെ വികസന പ്രവർത്തനങ്ങൾക്കായി അഞ്ചേക്കർ വരുന്ന പള്ളിപ്പാടം ഏറ്റെടുക്കാൻ തീരുമാനിച്ചിട്ടില്ലെന്നു വൈസ് ചെയർമാൻ; തീരുമാനിച്ചിട്ടുണ്ടെന്നു പ്രതിപക്ഷം. നഗരസഭ യോഗത്തിൽ ഭരണകക്ഷിയിൽ ഭിന്നത.
പള്ളിപ്പാടത്തുകൂടി റോഡ് നിർമാണത്തെ ഭരണകക്ഷിയിലെ സിപിഐ പരസ്യമായി എതിർത്തപ്പോൾ ഭരണമുന്നണിയെ പിന്തുണയ്ക്കുന്ന സ്വതന്ത്രന്മാരായ വൈസ് ചെയർമാൻ വിത്സൻ പാണാട്ടുപറന്പിലും പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ യു.വി. മാർട്ടിനും സിപഎം അംഗം സീമ ജോജോയും റോഡ് നിർമാണത്തെ അനുകൂലിച്ചു. എന്നാൽ സിപിഎം അംഗങ്ങൾ മൗനം പാലിച്ചു.
മാർക്കറ്റ് വികസനത്തിനുവേണ്ടി 2000-2005 കൗണ്‍സിൽ കാലയളവിൽ തീരുമാനിച്ചിട്ടുള്ള അഞ്ചേക്കർ പള്ളിപ്പാടം അടിയന്തരമായി ഏറ്റെടുക്കാൻ ആവശ്യമായ തീരുമാനമെടുക്കണമെന്നു ആവശ്യപ്പെട്ട് 16 പ്രതിപക്ഷ കൗണ്‍സിലർമാർ നൽകിയ കത്തിനെത്തുടർന്ന് നടന്ന കൗണ്‍സിൽ യോഗം വാക്കേറ്റത്തിൽ കലാശിച്ചു.
ഏറ്റെടുക്കാൻ തീരുമാനിച്ചിട്ടുള്ള സ്ഥലത്തിലൂടെ അനധികൃതമായി റോഡ് നിർമിക്കാനുള്ള നീക്കത്തെ തുടർന്നാണ്് പ്രതിപക്ഷം നോട്ടീസ് നൽകിയത്.കൗണ്‍സിൽ ആരംഭിച്ചപ്പോൾ പ്രതിപക്ഷനേതാവ് വി.ഒ. പൈലപ്പൻ വിഷയം അവതരിപ്പിച്ചു. എന്നാൽ ഭൂമി അക്വയർ ചെയ്യാൻ തീരുമാനിച്ചിട്ടുണ്ടെങ്കിൽ ഏത് കൗണ്‍സിൽ യോഗമാണു തീരുമാനിച്ചതെന്നുകൂടി പറയണമെന്നായി വൈസ് ചെയർമാൻ.
കൗണ്‍സിലിനു നോട്ടീസ് നൽകിയവർ തന്നെ കൗണ്‍സിൽ തീരുമാനത്തിന്റെ രേഖ ഹാജരാക്കണമെന്ന് ആവശ്യപ്പെടുന്നതിനെ ഷിബു വാലപ്പൻ ചോദ്യം ചെയ്തു. മുൻ തീരുമാനമില്ലെന്നും മുൻ കൗണ്‍സിലുകൾ ഉൾപ്പെടെ എല്ലാ ഭരണസമിതികളും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്ന് വൈസ് ചെയർമാൻ വിത്സൻ പാണാട്ടുപറന്പിൽ
പറഞ്ഞു.
എന്നാൽ അക്വിസിഷൻ സംബന്ധിച്ച നടപടികൾ ചൂണ്ടിക്കാണിച്ച് ചില കെട്ടിടനിർമാണ അപേക്ഷകർക്കു നഗരസഭ നൽകിയ മറുപടി കത്തുകൾ പ്രതിപക്ഷനേതാവ് അക്വിസിഷൻ നടന്നതിനു തെളിവായി ചൂണ്ടിക്കാണിച്ചു. കൂടാതെ 2004 കൗണ്‍സിൽ തീരുമാനവും ബജറ്റിൽ തുക വകയിരുത്തുവാനുള്ള തീരുമാനവും ചൂണ്ടിക്കാണിച്ചെങ്കിലും വൈസ് ചെയർമാൻ സമ്മതിച്ചില്ല.
സിപിഐ അംഗം ജീജൻ മത്തായി പള്ളിപ്പാടത്തുകൂടി അനധികൃത റോഡ് നിർമാണത്തെ തടഞ്ഞ തങ്ങളുടെ യുവജന സംഘടനയായ എഐവൈഎഫ് പ്രവർത്തകരെ അഭിനന്ദിച്ചുകൊണ്ടാണ് സംസാരിച്ചത്.
അക്വയർ ചെയ്യുംമുന്‍പേ നടത്തുന്ന റോഡ് നിർമാണത്തിൽ ഭൂമാഫിയ ആണെന്നു എം.എം. ജീജൻ ആരോപിച്ചു. ജലസ്രോതസായ പള്ളിപ്പാടത്തുകൂടി റോഡ് നിർമിക്കാൻ സിപിഐ അനുവദിക്കില്ലെന്നു വ്യക്തമാക്കിയ ജീജൻ നഗരത്തിലെ ഗതാഗതക്കുരുക്കിനു പരിഹാരമായി പള്ളിപ്പാടം വണ്ടിപ്പേട്ടയ്ക്കുവേണ്ടി അക്വിസിഷൻ നടത്തണമെന്നാവശ്യപ്പെട്ടു. മാർക്കറ്റിനുവേണ്ടി പരമാവധി സ്ഥലം അക്വയർ ചെയ്യാൻ പ്രത്യേക കൗണ്‍സിൽ വിളിക്കണമെന്നു സിപിഎം നേതാവ് പി.എം. ശ്രീധരൻ ആവശ്യപ്പെട്ടു.
പള്ളിപ്പാടം മാർക്കറ്റ് വികസനത്തിനുവേണ്ടി അക്വയർ ചെയ്യാൻ പ്രത്യേക അജൻഡ ചേർത്ത് വിഷയം ചർച്ച ചെയ്യാൻ കൗണ്‍സിൽ വിളിക്കാൻ തീരുമാനിച്ചതായി അറിയിച്ച് ചെയർപേഴ്സണ്‍ ജയന്തി പ്രവീണ്‍കുമാർ കൗണ്‍സിൽ യോഗം പിരിച്ചുവിട്ടു. അക്വിസിഷൻ സംബന്ധിച്ച തീരുമാനമെടുത്ത കൗണ്‍സിൽ രേഖ കാണാനില്ലെന്ന നിലപാടിനു പിന്നിൽ ദുരൂഹതയുണ്ടെന്നും ഇതുസംബന്ധിച്ച് വിജിലൻസ് അന്വേഷണം നടത്തണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
വൈസ് ചെയർമാന്റെ വാദം പൊളിഞ്ഞു; 2002-ലെ മിനിറ്റ്സ് തപ്പിയെടുത്ത് പ്രതിപക്ഷം
ചാലക്കുടി: പള്ളിപ്പാടം മാർക്കറ്റ് വികസനത്തിനും വണ്ടിപ്പേട്ടയ്ക്കുംവേണ്ടി അക്വയർ ചെയ്യാൻ നഗരസഭ തീരുമാനിച്ചിട്ടില്ലെന്ന വൈസ് ചെയർമാൻ വിത്സൻ പാണാട്ടുപറന്പിലിന്റെയും ഭരണമുന്നണിയുടെയും വാദം പൊളിഞ്ഞു.
പള്ളിപ്പാടം അക്വയർ ചെയ്യുവാൻ തീരുമാനിച്ച നഗരസഭ യോഗത്തിന്റെ മിനിറ്റ്സ് പ്രതിപക്ഷം ഒടുവിൽ തപ്പിയെടുത്തു. മിനിറ്റ്സിന്റെ പകർപ്പ് മാധ്യമങ്ങളുടെ മുന്നിലെത്തിച്ചു. 2002 ഏപ്രിൽ 20നു ചേർന്ന കൗണ്‍സിൽ യോഗത്തിന്റെ 33-ാം നന്പർ തീരുമാനമായിട്ടാണ് 4-4-2002 ലെ ലാന്റ് അക്വിസിഷൻ സബ് കമ്മിറ്റിയുടെ ശുപാർശകളായി മാർക്കറ്റ് വികസനത്തിനും വണ്ടിപ്പേട്ടയ്ക്കുമായി മാർക്കറ്റിന്റെ തെക്കുവശത്തായി സ്ഥിതി ചെയ്യുന്ന ഭൂമി മാർക്കറ്റിന്റെ തെക്കെ ഗേറ്റ് മുതൽ മാർക്കറ്റ് റോഡിന്റെ കിഴക്കുവശത്ത് കോണ്‍വന്റിന്റെ അതിർത്തിവരെയുള്ള അഞ്ചേക്കറിൽ കുറയാത്ത ഭൂമി അക്വിസിഷൻ നടത്തുന്നതിനു കൗണ്‍സിൽ ഐക്യകണ്ഠേന തീരുമാനിച്ചുവെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഇതുസംബന്ധിച്ച് രേഖ ഹാജരാക്കിയാൽ വൈസ് ചെയർമാൻ രാജിവെയ് ക്കുമോയെന്നും അല്ലെങ്കിൽ താൻ കൗണ്‍സിലർ സ്ഥാനം രാജിവയ്ക്കാമെന്നു ം പ്രതിപക്ഷനേതാവ് വി.ഒ. പൈലപ്പൻ കൗണ്‍സിലിൽ വെല്ലുവിളിച്ചിരുന്നു. രേഖ കണ്ടെത്തിയതു ഭരണകക്ഷിക്കു തിരിച്ചടിയായി.