ചാലക്കുടി: നോർത്ത് ബസ് സ്റ്റാൻഡ് എന്ന് തുറക്കും. നഗരസഭ ബസ് സ്റ്റാൻഡ് ഉദ്ഘാടനം നടത്തുന്ന തിയതികൾ പലതവണ പ്രഖ്യാപിച്ചുവെങ്കിലും ഒന്നും നടന്നില്ല. രണ്ട് തവണ ഉദ്ഘാടനം നടത്തിയെങ്കിലും ബസ് സ്റ്റാൻഡ് പ്രവർത്തനം തുടങ്ങിയില്ല. 12 വർഷം മുന്‍പ് നഗരസഭ ഇടതുപക്ഷം ഭരിച്ചപ്പോഴായിരുന്നു ആദ്യം ഉദ്ഘാടനം ചെയ്തത്. അന്നത്തെ തദ്ദേശ സ്വയംഭരണ മന്ത്രിയായിരുന്നു ഉദ്ഘാടകൻ.
ബസ് സ്റ്റാൻഡിന്റെ നിർമാണം പൂർത്തീകരിച്ചിരുന്നില്ലെന്നു മാത്രമല്ല ആർടിഎ കമ്മിറ്റിയുടെ അനുമതിയും ലഭിച്ചിരുന്നില്ല. ഭരണം മാറി യുഡിഎഫ് അധികാരത്തിലെത്തിയപ്പോൾ ബസ് സ്റ്റാൻഡിൽ കുറേപണികൾ നടത്തി.നോർത്ത് ബസ് സ്റ്റാൻഡ് തുറക്കാത്തതിന്റെ പേരിൽ ഇന്നത്തെ ഭരണപക്ഷമായ അന്നത്തെ പ്രതിപക്ഷം ഏറെ സമരങ്ങൾ നടത്തിയിരുന്നു. ആർടിഎ കമ്മിറ്റി നിഷ്കർഷിക്കുന്ന സ്ഥലം ബസ് സ്റ്റാൻഡിനില്ലാത്തതിനാൽ സ്പെഷൽ ഓർഡർ വാങ്ങുകയും ചെയ്തു. അന്നത്തെ സഹകരണ മന്ത്രി സി.എൻ.ബാലകൃഷ്ണൻ വീണ്ടും ഉദ്ഘാടനം നടത്തുകയും ചെയ്തു.
എന്നാൽ യാർഡ് കോണ്‍ക്രീറ്റിംഗ് നടത്തിയിരുന്നില്ല. യാത്രക്കാർക്കു പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള സൗകര്യങ്ങളോ ബസ് കാത്തുനിൽക്കുന്ന യാത്രക്കാർക്ക് ഇരിപ്പിടങ്ങളോ ഒന്നുംതന്നെ സജീകരിക്കാതെയായിരുന്നു ഉദ്ഘാടനം. ഇതിനാൽ ബസുകൾ സ്റ്റാൻഡിൽ കയറാൻ തയാറായില്ല. ബസു കൾ സ്റ്റാൻഡിൽ കയറ്റാൻ അന്നത്തെ ഭരണസമിതി ഏറെ ശ്രമിച്ചെങ്കിലും ബസുകൾ കയറാൻ തയാറായില്ല. ഇതോടെ ബസ് സ്റ്റാൻഡ് പഴയനിലയിലായി. വീണ്ടും ഭരണം മാറി ഇടതുപക്ഷം അധികാരത്തിൽ എത്തി.
ദ്രുതഗതിയിൽ ബസ് സ്റ്റാൻഡ് യാർഡ് കോണ്‍ക്രീറ്റിംഗ്, ബസ് സ്റ്റാൻഡിലേക്കുള്ള റോഡ് എന്നിവ നിർമിച്ചുവെങ്കിലും ബസ് സ്റ്റാൻഡിൽ പ്രാഥമികാവശ്യങ്ങൾക്കുള്ള സൗകര്യങ്ങളോ ഇരിപ്പിടമോ തുടങ്ങി ഒട്ടേറെ കാര്യങ്ങൾ ഇനിയും പൂർത്തീകരിക്കാനുണ്ട്. ആർടിഎ കമ്മിറ്റി സ്ഥലത്തെത്തി പരിശോധന നടത്തി ഇനിയും ഏർപ്പെടുത്തേണ്ട സൗകര്യങ്ങൾ നിർദേശിച്ചിട്ടുണ്ട്.
എന്നാൽ ഇനിയും നിർമാണങ്ങൾ പൂർത്തീകരിച്ചാൽ മാത്രമേ ആർടിഎ കമ്മിറ്റിയുടെ അനുമതി ലഭിക്കുകയുള്ളൂ. ഉദ്ഘാടന തിയതികൾ ഇതിനകം പലതവണ തീരുമാനിച്ച് നോർത്ത് ബസ് സ്റ്റാൻഡ് ഉടനെ തുറക്കുമെന്ന പ്രഖ്യാപനങ്ങൾ നടത്തിയെങ്കിലും എല്ലാം പാഴ്വാക്കായി.
എന്തായാലും മൂന്നാമത്തെ ഉദ്ഘാടനത്തിന് മുഖ്യമന്ത്രിയെ തന്നെ പ്രതീക്ഷിച്ചിരിക്കയാണ് നഗരസഭ. ബസ് സ്റ്റാൻഡിൽ ഇപ്പോൾ പണികൾ ഒന്നും നടക്കുന്നില്ല. ലോറികളും ടൂറിസ്റ്റ് ബസുകളുടെയും താവളമാണ് ഇപ്പോൾ നോർത്ത് ബസ് സ്റ്റാൻഡ്.