ചാലക്കുടി: ബൈക്കുകളുടെ ശവപ്പറന്പായി സൗത്ത് ജംഗ്ഷനിലെ മേൽപ്പാലം. മേൽപ്പാലത്തിനു താഴെ നിരവധി ബൈക്കുകളാണ് ഉടമകളാരെന്നറിയാതെ കിടന്നു നശിക്കുന്നത്.
വർഷങ്ങളായി മേൽപാലത്തിനു താഴെ കിടക്കുന്ന ബൈക്കുകൾ പലതും ഉപയോഗയോഗ്യമല്ലാതെ തുരുന്പെടുത്തു നശിച്ചുകൊണ്ടിരിക്കയാണ്.
ബൈക്ക് മോഷ്ടാക്കളുടെ വിഹാരകേന്ദ്രമാണ് മേൽപ്പാലം. രാവിലെ ജോലിക്കു പോകുന്നവർ ഇവിടെ വച്ചു പോകുന്ന ബൈക്കുകൾ തിരിച്ചു വരുന്പോഴേക്കും അപ്രത്യക്ഷമായി കഴിഞ്ഞിരിക്കും.
ഇവിടെ നിന്ന് ബൈക്ക് മോഷണം നടത്തിയ കുട്ടി മോഷ്ടാക്കളടക്കം നിരവധി പേർ പോലീസ് പിടിയിലായിട്ടുണ്ട്. ഇവിടെ നിന്ന് മോഷ്ടിക്കുന്ന ബൈക്കുകൾ മാല മോഷണം, ക്വട്ടേഷൻ പണികൾ എന്നിവക്ക് ഉപയോഗിച്ച ശേഷം ഉപേക്ഷിക്കുകയാണ് പതിവ്.
ഇതുപോലെ മറ്റ് പല സ്ഥലങ്ങളിൽ നിന്നും മോഷണം നടത്തിയ ബൈക്കുകൾ ലക്ഷ്യം നേടിയശേഷം മേൽപ്പാലത്തിനു ശേഷം തള്ളുകയും ചെയ്യും. ഇത്തരത്തിലുള്ള ബൈക്കുകളാണ് ഇവിടെ തുരുന്പെടുത്ത് നശിച്ചുകൊണ്ടിരിക്കുന്നത്. ഇത് ആരുടേതാണെന്നോ ഒന്നും ആരും അന്വേഷിക്കുന്നുമില്ല.