ചാലക്കുടി: ട്രെയിനുകൾക്ക് സ്റ്റോപ്പില്ലാതെ ചാലക്കുടി റെയിൽവേ സ്റ്റേഷൻ. കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം ഉയർന്നുതുടങ്ങിയിട്ട് വർഷങ്ങളേറെയായി. എന്നാൽ റെയിൽവേ ചാലക്കുടി റെയിൽവേ സ്റ്റേഷനോടുള്ള അവഗണന തുടരുകയാണ്. ലോകപ്രശസ്തി നേടിയ അതിരപ്പിള്ളി ടൂറിസം മേഖലയും നിരവധിയായ തീർഥാടനകേന്ദ്രങ്ങളിലേക്കും എത്തിച്ചേരുന്നതിന് ആശ്രയിക്കുന്നത് ചാലക്കുടി റെയിൽവേ സ്റ്റേഷനാണ്.
ആദർശ് സ്റ്റേഷനായി എട്ടു വർഷം മുന്പ് ചില അടിസ്ഥാനസൗകര്യങ്ങൾ നടന്നുവെന്നല്ലാതെ യാതൊരു വികസന പ്രവർത്തനങ്ങളും നടന്നിട്ടില്ല. ആഴ്ചയിൽ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ മുരിങ്ങൂർ ഡിവൈൻ നഗർ സ്റ്റേഷനിൽ നിർത്തുന്ന ആലപ്പുഴ-ചെന്നൈ ധൻബാദ് എക്സ്പ്രസ്, നേത്രാവതി എക്സ്പ്രസ് എന്നിവക്ക് മറ്റു ദിവസങ്ങളിൽ ചാലക്കുടിയിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെടാൻ തുടങ്ങിയിട്ട് വർഷങ്ങളായി. പ്രധാന ട്രെയിനുകൾക്ക് ആലുവ കഴിഞ്ഞാൽ തൃശൂർ സ്റ്റേഷനിൽ മാത്രമാണ് സ്റ്റോപ്പുള്ളത്.
വേളാങ്കണ്ണി തീർഥാടകർക്ക് സൗകര്യപ്രദമായി സ്പെഷൽ ട്രെയിനുകൾ സർവീസ് നടത്തുന്നുണ്ടെങ്കിലും ചാലക്കുടിയിൽ സ്റ്റോപ്പില്ല. വേളാങ്കണ്ണി തീർഥാടകർ ഇതുമൂലം ഏറെ ബുദ്ധിമുട്ടുകളാണ് അനുഭവിക്കുന്നത്. എറണാകുളം-നിസാമുദീൻ (മംഗള), തിരുവനന്തപുരം-ഹൈദരാബാദ്, തിരുവനന്തപുരം-പാലക്കാട് (അമൃത) എന്നീ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി നിവേദനങ്ങൾ നൽകിയെങ്കിലും നിരാശയായിരുന്നു.
റെയിൽവേ മന്ത്രിയായിരുന്ന ഇ.അഹമ്മദ് ട്രെയിൻമാർഗം റെയിൽവേ സ്റ്റേഷനുകളിൽ എത്തി നിവേദനം സ്വീകരിച്ചപ്പോൾ നാട്ടുകാർ ഈ ആവശ്യങ്ങൾ ഉന്നയിച്ച് നിവേദനങ്ങൾ നൽകിയിരുന്നു. ഒന്നും നടപ്പിലായില്ല.റെയിൽവേ പ്ലാറ്റ്ഫോമുകൾ നിർമിച്ചിട്ടുണ്ടെങ്കിലും ഭൂരിഭാഗം ഭാഗത്തും മേൽക്കൂരയില്ല.
വരുമാനത്തിൽ മറ്റു റെയിൽവേ സ്റ്റേഷനുകളെ അപേക്ഷിച്ച് മുൻപന്തിയിലുള്ള റെയിൽവേ സ്റ്റേഷനിൽ യാതൊരു ആധുനിക സംവിധാനങ്ങളുമില്ല.റെയിൽവേ വികസനത്തിനുവേണ്ടി ഇന്നസെന്റ് എംപി സമർപ്പിച്ച സമഗ്ര നിർദേശങ്ങൾ റെയിൽവേ അവഗണിച്ചപ്പോൾ 2017 മേയ് 13ന് ഇന്നസെന്റ് എംപി റെയിൽവേ സ്റ്റേഷനു മുന്പിൽ ധർണ നടത്തിയെങ്കിലും യാതൊന്നും നടന്നില്ല.