ചാലക്കുടി: പരിയാരത്ത് ഭൂമിയിടപാടുകാരൻ നായത്തോട് വീരൻപറന്പിൽ രാജീവിന്റെ (46) കൊലപാതകം സംബന്ധിച്ച് അറസ്റ്റിലായ നാലു പ്രതികളുടെ തിരിച്ചറിയൽ പരേഡ് നടത്തി. പ്രതികളിൽ ആറ്റപ്പാടം സ്വദേശി ചാമക്കാല ഷൈജു(45)വിനെ ഏക സാക്ഷി ബാബു തിരിച്ചറിഞ്ഞു. ഇരിങ്ങാലക്കുട സബ്ജയിലിൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിലാണ് തിരിച്ചറിയൽ പരേഡ് നടത്തിയത്.
കഴിഞ്ഞ 29നു രാവിലെ പത്തുമണിയോടെയാണ് പരിയാരം തവളപ്പാറയിൽ പാട്ടത്തിനെടുത്തു കൃഷിചെയ്യുന്ന സ്ഥലത്തിനടുത്തുള്ള ഒഴിഞ്ഞ കെട്ടിടത്തിൽ രാജീവിന്റെ മൃതദേഹം കാണപ്പെട്ടത്. രാജീവിനെ നാലംഗസംഘം കൃഷിസ്ഥലത്തുനിന്നും തട്ടിക്കൊണ്ടുവന്നശേഷം ഇവിടെവച്ചാണ് കൊലപാതകം നടന്നത്.
കെട്ടിടം സ്ഥിതിചെയ്യുന്ന സ്ഥലത്ത് ജാതിക്കായ ശേഖരിക്കുന്ന പരിസരവാസിയായ ബാബു ഓട്ടോറിക്ഷയും പ്രതികളിൽ ഒരാളെയും കണ്ടതായി പോലീസിനു മൊഴി നല്കിയിരുന്നു. ഇതനുസരിച്ചാണ് പ്രതികളുടെ തിരിച്ചറിയൽ പരേഡ് നടത്തിയത്.