ചാലക്കുടി: മണ്ഡലത്തിലെ ടൂറിസം പ്രോജക്ടുകളുടെ ഒരു അവലോകനയോഗം ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് ചേർന്നു. അതിരപ്പിള്ളി യാത്രിനിവാസ് നിർമാണത്തിനായി പുതുക്കിയ എസ്റ്റിമേറ്റ് സമർപ്പിക്കുന്നതിന് യോഗത്തിൽ നിർദേശം നൽകി. ആറു നിലകളിലായി 25 സ്യൂട്ട് റൂമുകൾ, ലിഫ്റ്റ്, ഫയർ സർവീസ് സൗകര്യങ്ങളോടെ ഒന്‍പതു കോടി രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റാണ് ഇതിനായി സമർപ്പിക്കുന്നത്.
അതിരപ്പിള്ളിയിൽ ഫെസിലിറ്റേഷൻ സെന്റർ നിർമാണത്തിനായി വാച്ച് ടവർ, മുകളിൽ കടമുറികൾ, ടോയ്ലെറ്റ് സൗകര്യങ്ങൾ പുതുക്കി നൽകുന്നതിന് നടപടി സ്വീകരിക്കും. ചാലക്കുടിയിലെ ടേക്ക് എ ബ്രേക്ക് കെട്ടിടം ചാലക്കുടി നഗരസഭയ്ക്ക് കൈമാറുന്നതിന് യോഗത്തിൽ മന്ത്രി നിർദേശിച്ചു. തുന്പൂർമുഴിയിലേയും ചാലക്കുടി നഗരസഭ പാർക്കിന്റേയും നിർമാണപ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിനും യോഗത്തിൽ തീരുമാനമായി.
ബി.ഡി.ദേവസി എംഎൽഎയുടെ നിർദേശാനുസരണം വിളിച്ചുചേർത്ത യോഗത്തിൽ ടൂറിസം ഡയറക്ടർ ബാലകിരണ്‍ ഐഎഎസ്, ടൂറിസം പ്ലാനിംഗ് ഓഫീസർ സനീഷ്, ടൂറിസം ജോയിന്റ് ഡയറക്ടർ കെ.രാജ്കുമാർ, അതിരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ വർഗീസ്, ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് മെന്പർ അഡ്വ. വിജു വാഴക്കാല, ആർഡിഒ തൃശൂർ, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ (തൃശൂർ) ഡി.എസ്.ബിജു, ഹൗസിംഗ് ബോർഡ് ചീഫ് എൻജിനീയർ സ്െ.രാജീവ്, വിവിധ നിർമാണ ഏജൻസികളായ ഹൗസിംഗ് ബോർഡ് ജിറ്റ്പാക്, ഇറിഗേഷൻ വകുപ്പ് എന്നിവയുടെ ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.