ചാലക്കുടി: ജീവൻ രക്ഷാവേദി ഇ.ജി. ഗോപാലകൃഷ്ണൻ തിരക്കിലാണ്. വർഷങ്ങളായി ചാലക്കുടിയിൽ അപകടരംഗങ്ങളിൽ ഓടിയെത്തി പരിക്കേറ്റവരുടെ ജീവൻ രക്ഷിക്കാൻ ആശുപത്രിയിലേക്ക് എത്തിച്ചിരുന്ന ഗോപാലകൃഷ്ണൻ കൊറോണക്കാലത്ത് സജീവമായി പ്രവർത്തിക്കുന്നു.
ഇതര സംസ്ഥാന തൊഴിലാളികൾക്ക് അവരുടെ രീതിയിലുള്ള ഭക്ഷണമൊരുക്കാൻ ആവശ്യമായ സാധനങ്ങൾ ഗോപാലകൃഷ്ണൻ എത്തിച്ചു കൊടുത്തു കൊണ്ടിരിക്കയാണ്. ചാലക്കുടി സതേൺ കോളജിനു സമീപം താമസിക്കുന്ന 30ഓളം ഇതര സംസ്ഥാന തൊഴിലാളികളെയാണ് ഗോപാലകൃഷ്ണൻ സഹായിച്ചുകൊണ്ടിരിക്കുന്നത്.
വാർഡ് കൗൺസിലർ കെ.എം. ഹരിനാരായണനും ഇദേഹത്തിന്റെ സഹായത്തിനുണ്ട്. ആശുപത്രിയിൽ പോകാൻ വാഹനം ലഭിക്കാതെ വരുന്നവർ ഗോപാലകൃഷ്ണന്റെ സഹായം തേടുന്നുണ്ട്. ഗോപാലകൃഷ്ണന്റെ ബലോറ വാഹനം എപ്പോഴും ഇതിനു റെഡിയാണ്. ഇതിൽ കയറാൻ പറ്റിയില്ലെങ്കിൽ ആംബുലൻസ് വിളിച്ചു കൊടുക്കും.
1996ൽ അപകടരംഗങ്ങളിൽ സഹായിക്കാൻ ഫയർഫോഴ്സോ ഇന്നത്തെ പോലെ സൗകര്യങ്ങളോ ഇല്ലാതിരുന്ന കാലത്താണ് ഇ.ജി. ഗോപാലകൃഷ്ണൻ ജീവൻ രക്ഷാവേദി രൂപീകരിച്ച് അപകടരംഗങ്ങളിൽ രക്ഷകനായി എത്തിയിരുന്നത്.
കഴിഞ്ഞ ഏതാനും മാസങ്ങൾക്കു മുന്പ് മിന്നൽ ബസ് സമരം ഉണ്ടായപ്പോൾ ഗോപാലകൃഷ്ണൻ തന്റെ വാഹനവുമായി രംഗത്തെത്തി ദൂരെ സ്ഥലങ്ങളിൽനിന്നുള്ള വിദ്യാർഥിനികളെ വീടുകളിൽ എത്തിച്ചിരുന്നു.
74 കാരനായ ഗോപാലകൃഷ്ണൻ സീനിയർ സിറ്റിസണിനുവേണ്ടി ഹെൽപ്പ് ലൈൻ ആരംഭിച്ചിട്ടുണ്ട്. അവശരായ വൃദ്ധജനങ്ങളെ സഹായിക്കാൻ ഇദ്ദേഹം പ്രവർത്തിച്ചുവരുന്നു.