ചാലക്കുടി: മോഡലിംഗ് രംഗത്ത് അവസരങ്ങൾ വാഗ്ദാനംചെയ്ത് പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കുകയും മറ്റു പലർക്കും കാഴ്ചവയ്ക്കുകയും ചെയ്ത സംഭവത്തിൽ പ്രാധന കണ്ണിയായ യുവാവടക്കം രണ്ടുപേരെ പോലീസ് അറസ്റ്റുചെയ്തു.
കൊടുങ്ങല്ലൂർ പെരിഞ്ഞനം പൊൻമാനിക്കുടം കീഴ്പ്പുള്ളി വീട്ടിൽ സുഷി എന്ന സുഷിൻ (32), ഇരിങ്ങാലക്കുട മനവലശ്ശേരി താണിശേരി പാലക്കൽ വീട്ടിൽ അനീഷ് എന്ന ജെഷിൻ രാജ് (33) എന്നിവരെയാണ് തൃശൂർ റൂറൽ ഡിസിആർബി ഡിവൈഎസ്പി പ്രദീപ്കുമാറിന്റെയും ചാലക്കുടി ഡിവൈഎസ്പി സി.ആർ. സന്തോഷിന്റെയും നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. പിടിയിലായവരിൽ സുഷി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്.
മുമ്പ് അറസ്റ്റിലായ ചാലക്കുടി കൂടപ്പുഴ സ്വദേശിയും ഡിസ്ക് ജോക്കിയുമായ അപ്പു എന്ന അജിൽ വഴിയാണ് പെണ്‍കുട്ടി സുഷിയുടെ കെണിയിൽപ്പെട്ടത്. പിന്നീട് വാട്സ്ആപ്പ് വഴി പെണ്‍കുട്ടിയുടെ ചിത്രങ്ങൾ പലർക്കും അയച്ച് പണംവാങ്ങി ഒട്ടേറെ പേർക്ക് കാഴ്ചവയ്ക്കുകയായിരുന്നു.
17-ാം വയസിൽ സ്വകാര്യ ബസിലെ ക്ലീനറായും ഡോർ ചെക്കറായും പണിയെടുക്കുന്പോഴാണ് സ്ത്രീകളുമായി സൗഹൃദം ആരംഭിക്കുന്നത്. തുടർന്ന് ഇങ്ങനെ പരിചയത്തിലായ ’താത്ത’ എന്നറിയപ്പെടുന്ന സ്ത്രീയുമായി ചേർന്ന് പെണ്‍വാണിഭത്തിലേക്ക് തിരിയുകയായിരുന്നു.
ഇതിനിടയിൽ നിരവധി തവണ തൃശൂർ ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ ക്രിമിനൽ കേസുകളിൽ പ്രതിയായി പോലീസിന്റെ കണ്ണിലെ കരടായി മാറിയതോടെ ഒരിടത്തും സ്ഥിരമായി താമസിക്കാതെയായി സുഷി. താത്തയുമായി ചേർന്ന് തുടക്കത്തിൽ തൃശൂർ ജില്ലയിൽ മാത്രമായി ആരംഭിച്ച പെണ്‍വാണിഭം ക്രമേണ മറ്റു ജില്ലകളിലേക്കും വ്യാപിപ്പിച്ചു. ഈ മേഖലയിലെ അറിയപ്പെടുന്ന ദല്ലാളായി ചുരുങ്ങിയ നാൾകൊണ്ട് ഇയാൾ മാറി.
റിയൽ എസ്റ്റേറ്റ് വ്യാപാരി, കാർ റെന്റ് സ്ഥാപന ഉടമ, എന്നൊക്കെ പരിചയപ്പെടുത്തി മാന്യൻമാരും ഉയർന്ന സാന്പത്തികമുള്ളവരും താമസിക്കുന്ന സ്ഥലങ്ങളിൽ വീട് വാടകയ്ക്കെടുത്ത് അവിടെയാണ് ഇയാൾ പെണ്‍വാണിഭം നടത്തിയിരുന്നത്. വിദേശമലയാളികളും മറ്റുമാണ് പ്രധാനമായും ഇയാളുടെ ഇടപാടുകാർ. ഇത്തരത്തിൽ പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനാണ് അനിഷ് പിടിയിലായത്.
ഓണ്‍ലൈൻ സെക്സ് സൈറ്റിൽ തിരയുന്നവരുടെ മൊബൈൽ നന്പർ ശേഖരിച്ച് പെണ്‍കുട്ടികളുടെ ചിത്രങ്ങൾ അയച്ച് ആവശ്യക്കാരിൽനിന്നും തുക മുൻകൂർ വാങ്ങിയാണ് ഇയാൾ ഇടപാടുകൾ നടത്തിയിരുന്നത്. അനേകം ഫോണുകളും സിംകാർഡുകളും ഇയാൾ ഉപയോഗിച്ചിരുന്നതായി സംശയിക്കുന്നു.
പെണ്‍കുട്ടിയെ പീഡിപ്പിച്ചവരിൽ ചിലർ പോലീസിന്റെ പിടിയിലായതറിഞ്ഞ് സുഷി ആദ്യം കർണാടകയിലേക്ക് കടന്നു. ഏതാനും മാസങ്ങൾ കഴിഞ്ഞ് തിരിച്ചെത്തി പെരിന്തൽമണ്ണയിൽ താമസമാക്കി. ഒപ്പം ഇരിങ്ങാലക്കുടയിലും കയ്പമംഗലത്തുമായി ഒളിവിൽ കഴിഞ്ഞ് പെണ്‍വാണിഭം നടത്തുന്പോഴാണ് ഇയാൾ പിടിയിലായത്.
ഇയാളുടെ നീക്കങ്ങൾ രഹസ്യമായി നിരീക്ഷിച്ചുകൊണ്ടിരുന്ന അന്വേഷണസംഘം കിഴുത്താണിയിലെ സുഷിയുടെ പുതിയ സങ്കേതം കണ്ടെത്തി വീടുവളഞ്ഞു. ഉയരമുള്ള മൂന്നു മതിലുകൾ ചാടി കടന്ന് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസ് സംഘം പിന്തുടർന്ന് പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലിൽ ഒട്ടേറെ വിവരങ്ങൾ സുഷിയിൽനിന്നും ലഭിച്ചതായി സൂചനയുണ്ട്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എസ്ഐ പി.സി.അനിൽകുമാർ, ക്രൈംസ്ക്വാഡ് അംഗങ്ങളായ ജിനുമോൻ തച്ചേത്ത്, സതീശൻ മടപ്പാടിൽ, റോയി പൗലോസ്, പി.എം.മൂസ, വി.യു.സിൽജൊ, എ.യു.റെജി, ഷിജൊ തോമസ്, മാള സ്റ്റേഷനിലെ എഎസ്ഐ തോമസ്, വനിത സീനിയർ സിപിഒ ഷീബ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
പെണ്‍വാണിഭത്തിനു കോഡ് ഭാഷ; പച്ചമാങ്ങ മുതൽ തേൻവരിക്കവരെ
ചാലക്കുടി: പച്ചമാങ്ങ മുതൽ തേൻവരിക്കവരെ ഓണ്‍ലൈൻ പെണ്‍വാണിഭത്തിലെ കോഡുഭാഷകൾ! പെണ്‍വാണിഭക്കേസിൽ അസ്റ്റിലായ സുഷിയിൽനിന്നും ലഭിച്ച ഫോണ്‍ പരിശോധിച്ചപ്പോഴാണ് കോഡുകൾ കണ്ടെത്തിയത്.
ഇത്തരം കോഡുകൾ വഴിയാണ് മുഴുവൻ ആശയവിനിമയങ്ങളും നടത്തിയിരുന്നത്. വാട്സ്ആപ് സന്ദേശങ്ങളിൽ യുവതിളെ മാലാഖമാർ എന്നാണ് പറഞ്ഞിരുന്നത്. ഇടുപാടുകളെ ’ചായകുടി’ എന്നും എസ്കോർട്ട് എന്നും ഗൈഡ് എന്നുമൊക്ക പറയുന്പോൾ ഇടപാടുകാരെ ’ഹണിബി’ എന്നാണ് വിശേഷിപ്പിച്ചിരുന്നത്.
‘ഇന്നു മാലാഖ വന്നിട്ടുണ്ട്. ചായ കുടിക്കാൻപോരേ തേനീച്ചേ’യെന്ന് 70 ലേറെ പേർക്ക് യുവതിയുടെ ചിത്രമടക്കം വാട്സ്ആപ്പ് സന്ദേശങ്ങൾ അയച്ചതായും സുഷിയുടെ ഫോണ്‍ പരിശോധിച്ച പോലീസ് കണ്ടെത്തി.
സുഷി പിടിയിലായതറിയാതെ ഒട്ടേറെ പേരാണ് ഇടപാടുകൾക്കായി ഇയാളുടെ ഫോണിലേക്ക് ഇടതടവില്ലാതെ വിളിച്ചുകൊണ്ടിരുന്നത്. സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരുടെ ഫോണ്‍ നന്പറുകൾ വിചിത്രമായ പേരുകളിൽ ഇയാൾ ഫോണിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
ധാരാളം യുവതികളുടെ ഫോട്ടോകളും സേവ് ചെയ്ത് സൂക്ഷിച്ചിട്ടുള്ളതായി അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. പെണ്‍വാണിഭത്തിലൂടെ സന്പാദിക്കുന്ന തുക അത്യാഢംബരജീവിതം നയിക്കാനാണ് ചെലവഴിച്ചിരുന്നതെന്ന് ഇയാൾ അന്വേഷണസംഘത്തോട് സമ്മതിച്ചു. ഇയാളുടെ ഫോണ്‍ ശേഖരത്തിലുള്ള യുവതിയുവാക്കളെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സുഷിയെ പിടികൂടുന്പോൾ വീട്ടിൽ ഇടപാടുകൾക്കായി എത്തിയിരുന്ന യുവതികളും യുവാക്കളും ഓടിരക്ഷപ്പെടുകയായിരുന്നു. അവിടെയുണ്ടായിരുന്ന ഫോണുകളും മറ്റും കൊണ്ടുപോയതായി അന്വേഷണസംഘം സംശയിക്കുന്നു.
വീട്ടിലുണ്ടായിരുന്ന കോഴിക്കോട് സ്വദേശിനിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. പോലീസ് എത്തിയപ്പോൾ വീടിനകത്തുണ്ടായിരുന്നവർ ഓടി രക്ഷപ്പെടുന്നത് കണ്ടാണ് അയൽവാസികൾക്ക് സംഭവം പിടികിട്ടിയത്. കാർ റെന്റ് സ്ഥാപന ഉടമ എന്നു പരിചയപ്പെടുത്തിയതിനാൽ ഇവിടെ വാഹനങ്ങൾ വന്നുപോകുന്നത് ശ്രദ്ധിക്കാറില്ലെന്ന് അയൽവാസികൾ പറഞ്ഞു.