മോസ്കോ: ബഹിരാകാശത്ത് ചിത്രീകരിക്കുന്ന ആദ്യ ചലച്ചിത്രത്തിന്റെ ഷൂട്ടിംഗിനായി റഷ്യൻ സംഘം ഇന്നലെ ബഹിരാകാശത്ത് എത്തി.
നടി യൂലിയ പെരിസിൽഡും സംവിധായകൻ കിംലിം ഷിപെൻകോയും റഷ്യൻ ബഹിരാകാശ സഞ്ചാരി ആന്റൺ ഷകപ്ലെർവോയ്ക്കൊപ്പമാണ് അന്താരാഷ്ട്ര സ്പേസ് സ്റ്റേഷനിലെത്തിയത്.
കസാഖിസ്ഥാനിലെ ബികനോറിൽനിന്നു പ്രാദേശികസമയം ഉച്ചയ്ക്ക് 1.55ന് സോയുസ് എംഎസ്-19 പേടകത്തിലാണു യാത്രതിരിച്ചത്. മൂന്നര മണിക്കൂറുകൾകൊണ്ട് സഞ്ചാരികൾ സ്പേസ് സ്റ്റേഷനിലെത്തി.
“ചലഞ്ച് ‘എന്നാണ് ചിത്രത്തിനു പേരിട്ടിരിക്കുന്നത്. സ്പേസ് സ്റ്റേഷനിൽ വച്ച് ഹൃദ്രോഗമുണ്ടാകുന്ന ബഹിരാകാശ സഞ്ചാരിക്ക് അടിയന്തര ശസ്ത്രക്രിയ നടത്താൻ ഭൂമിയിൽനിന്നു സർജൻ എത്തുന്നതാണു ചിത്രത്തിന്റെ ഇതിവൃത്തം.
12 ദിവസത്തെ ഷൂട്ടിംഗിനുശേഷം സംഘം ഭൂമിയിൽ തിരിച്ചെത്തും. റഷ്യയുടെ ബഹിരാകാശത്തെ ശക്തി വിളിച്ചോതുന്നതാണ് ബഹിരാകാശ ഷൂട്ടിംഗ് എന്ന് റഷ്യൻ വക്താവ് ദിമിത്രി പെഷ്കോവ് പറഞ്ഞു.