കോവിഡിനെതിരേ പൊരുതുന്ന ലോകമെമ്പാടുമുള്ള ആരോഗ്യ പ്രവർത്തകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഓസ്ട്രേലിയൻ മുൻ ക്രിക്കറ്റ് ക്യാപ്റ്റൻ ഡേവിഡ് വാർണറുടെ മൊട്ടയടിക്കൽ ചലഞ്ച് ഏറ്റെടുത്ത് ഒരു പ്രദേശം.
ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലിയെയാണ് ഡേവിഡ് വാർണർ ചലഞ്ച് ചെയ്തിരുന്നത്. കൊടിയത്തൂരിലെയും പരിസരത്തെയും അൻപതിലധികം യുവാക്കളും കുട്ടികളുമാണ് ചലഞ്ചിൽ പങ്കാളികളായത്. ജില്ലയിൽ ചൂട് കൂടിയതും മൊട്ടയടിക്കാൻ കാരണമായി. സംസ്ഥാന സർക്കാരിന്റെ ബ്രേക്ക് ദി ചെയിൻ ക്യാമ്പയിനിലും ഇതുവഴി ഇവർ പങ്കാളികളായി.
ട്രിമ്മർ ഉപയോഗിച്ച് മറ്റുള്ളവരുടെ സഹായത്തോടെയാണ് ഓരോരുത്തരും മൊട്ടയടിക്കുന്നത്. ഡേവിഡ് വർണറുടെ ചലഞ്ച് ഏറ്റെടുത്ത് മൊട്ടയടിച്ചതായി വാട്സാപ്പിലൂടെയും ഫെയ്സ്ബുക്കിലൂടെയും പ്രചരിപ്പിച്ചതോടെ പ്രദേശത്തെ കൂടുതൽപേർ ഇതില്‍ പങ്കാളികളായി.അധ്യാപകരും ബിസിനസുകാരും വിദ്യാർഥികളുമുണ്ട് ഇക്കൂട്ടത്തിൽ.
സ്വന്തമായി ട്രിമ്മർ ഉള്ളവർ വീട്ടിലുള്ള മറ്റുള്ളവരെയും മൊട്ടയടിച്ച് ഫ്രീക്കൻ ആക്കാൻ ശ്രമിക്കുന്നുമുണ്ട്. കുട്ടികൾ മുതൽ 45 വയസുകാരൻ വരെ മൊട്ടയടിച്ചിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ മൊട്ടയടിക്കൽ ട്രന്റ് സമീപ പ്രദേശങ്ങളിലേക്കും വ്യാപിക്കുകയാണ്.