ചെങ്ങന്നൂർ: ചെങ്ങന്നൂരിൽനിന്നും പ്രളയക്കെടുതി പതിയെ വിട്ടകലുന്നു. നഗരമുൾപ്പടെ പല ഭാഗങ്ങളിൽ നിന്നും വെള്ളം ഒഴിഞ്ഞു. താഴ്ന്ന പ്രദേശങ്ങളിൽ ജലനിരപ്പ് കുറവുണ്ടെങ്കിലും പൂർണമായും താഴ്ന്നിട്ടില്ല. പാണ്ടനാട്, ബുധനൂർ, പ്രയാർ, കുത്തിയതോട്, നന്നാട, ചെറിയനാട്, പൂമല, മാന്പ്രപാടം, പുലക്കടവ് ഭാഗങ്ങളിൽ വെള്ളക്കെട്ടിന്റെ ദുരിതം ഇപ്പോഴും അനുഭവിക്കുകയാണ്. ഈ പ്രദേശങ്ങളിലുള്ളവർക്കു വീടുകളിലേക്ക് ഇപ്പോഴും എത്തിപ്പെടാൻ സാധിച്ചിട്ടില്ല.
ജനജീവിതം സാധാരണ നിലയിലേക്കെത്താൻ നാളുകൾ എടുക്കും. ക്യാന്പിൽനിന്നും വെള്ളമൊഴിഞ്ഞ പ്രദേശങ്ങളിലേ വീടുകളിലേക്കുള്ള യാത്രകൾ ആരംഭിച്ചു. ഇതിനിടെ ഡാമുകൾ തുറന്നുവിടുന്നതായും മറ്റുമുള്ള വാർത്തകൾ വീണ്ടും നാട്ടുകാരെ ഭീതിയിലാഴ്ത്തുന്നുണ്ട്.
ഇനിയുള്ളത് ചെങ്ങന്നൂരിന് പുനർസൃഷ്ടിയുടെ ദിനരാത്രങ്ങളാണ്. പ്രദേശത്തെ വീടുകളിലെല്ലാം ചെളി കയറി നിറഞ്ഞതോടെ അത് വൃത്തിയാക്കുന്ന തിരക്കിലാണ് ഇപ്പോൾ ചെങ്ങന്നൂർവാസികൾ. പലർക്കും വീടുകളും ഉപജീവനമാർഗങ്ങളും നഷ്ടപ്പെട്ടിരിക്കുന്നു. വലിയ കെട്ടിടങ്ങൾപോലും നിലം പൊത്താറായ കാഴ്ചകളാണ് എങ്ങും. പല വീടുകൾക്കും ബലക്ഷയങ്ങൾ സംഭവിച്ചതായാണ് നാട്ടുകാർ പറയുന്നത്. പല മേഖലകളിലേക്കുമുള്ള യാത്രകൾ ഇപ്പോഴും ദുഷ്കരമാണ്.
പ്രളയക്കെടുതി ഒഴിഞ്ഞതോടെ സാംക്രമികരോഗഭീതിയിലും ഇഴജന്തു ശല്യത്താലും വലയുകയാണ് പ്രദേശവാസികൾ. ദുരിതകാഴ്ചകൾ ചങ്ങലകളായി നീളുന്പോഴും മോഷണത്തിന്റെതുൾപ്പടെയുള്ള വാർത്തകളും ചെങ്ങന്നൂരിനെ ഭീതിയുടെ വക്കിൽ എത്തിക്കുന്നുണ്ട്. തകരാത്ത ഭൂരിഭാഗം വീടുകൾക്കും ബലക്ഷയംപ്രളയക്കെടുതിയിൽ നിരവധി ഭവനങ്ങളാണ് ചെങ്ങന്നൂരിൽ പൂർണമായും ഭാഗീകമായും തകർന്നത്.
എന്നാൽ തകർച്ച സംഭവിക്കാത്ത പല ഭവനങ്ങളിലും ഇപ്പോൾ വിള്ളലുകളും മറ്റും കണ്ടെത്തുന്നതായി നാട്ടുകാർ പറയുന്നു. ഇവയിൽ ചിലതിന്റെ ഭാഗങ്ങൾ വീട്ടിലേക്ക് വൃത്തിയാക്കാനും മറ്റും വന്നപ്പോൾ തന്നെ തകർന്നു വീണതായും റിപ്പോർട്ടുകളുണ്ട്. ഇത്തരത്തിൽ ബലക്ഷയം സംഭവിച്ച വീടുകൾ ബലപ്പെടുത്തുവാൻ വലിയ തുക തന്നെ ചിലവാകുമെന്നാണ് പറയുന്നത്.
ചെങ്ങന്നൂർ ഇപ്പോഴും കൂരിരുട്ടിൽ
ചെങ്ങന്നൂരിന്റെ ഭൂരിഭാഗം പ്രദേശങ്ങളും ഇപ്പോഴും കൂരിരുട്ടിലാണ്. വൈദ്യുതബന്ധം പുനഃസ്ഥാപിക്കാനായി ഉദ്യോഗസ്ഥർ അശ്രാന്ത പരിശ്രമം നടത്തുന്നുണ്ടെങ്കിലും ഭാഗീകമായി മാത്രമാണ് വൈദ്യുതബന്ധം പുനഃസ്ഥാപിക്കാൻ കഴിഞ്ഞത്. പ്രളയ ദുരിതാശ്വാസപ്രവർത്തനങ്ങളുടെ ഭാഗമായി എത്തിയ ബോട്ടുകൾക്ക് കടന്നുപോകാൻ പ്രധാന 11 കെവി ലൈനുകളും എൽടി ലൈനുകകളും പല ഭാഗത്തും മുറിച്ചുമാറ്റേണ്ടി വന്നിട്ടുണ്ട്.
കൂടാതെ വെള്ളം ഇറങ്ങാത്തതിനാൽ പല സ്ഥലങ്ങളിലും ട്രാൻസ്ഫോർമറുകളും ലൈനുകളും ഇപ്പോഴും മുങ്ങി കിടക്കുകയാണ്. വെള്ളം കയറിയ വീടുകളിൽ വൈദ്യുതി സംവിധാനങ്ങൾ തകരാറിലായിട്ടുള്ളതാനാൽ സുരക്ഷാ പരിശോധനകൾ നടത്തി അപകടം ഇല്ലായെന്ന് ഉറപ്പ് വരുത്തിയാൽ മാത്രമെ വൈദ്യുതി പുനഃസ്ഥാപിക്കാൻ കഴിയു. കെഎസ്ഇബിയുടെ കല്ലിശേരി ഇലക്ട്രിക് സെക്ഷൻ പൂർണമായും വെള്ളത്തിൽ മുങ്ങിയ നിലയിലായിരുന്നു.
ഇതിന്റെ പ്രവർത്തനം താത്കാലികമായി സർക്കാർ ഗസ്റ്റ്ഹൗസിലേക്ക് മാറ്റി. എന്നാൽ പ്രവർത്തനം ഇനിയും പൂർണതോതിലായിട്ടില്ല. സമീപ ജില്ലകളിൽനിന്നും മുഴുവൻ വൈദ്യുത ജീവനക്കാരെയും ഉൾപ്പെടുത്തി പ്രത്യേക സ്ക്വാഡുകൾ രൂപീകരിച്ച് വൈദ്യുത പുനഃസ്ഥാപന ജോലികൾ യുദ്ധകാലാടിസ്ഥാനത്തിൽ നടത്തിവരികയാണ്.